ബെയ്ജിംഗുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് 2020 ൽ ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഒന്നായ ഷീഇൻ ആപ്പ് റീലോഞ്ച് ചെയ്ത് റിലയൻസ് റീട്ടെയ്ൽ. മുൻനിരയിലുള്ള ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഷീഇൻനായി ഒരു ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് റിലയൻസ് റീട്ടെയ്ൽ.
കർശനമായി ചില നിബന്ധനകൾക്ക് വിധേയമായാണ് ഷീഇൻ ഇന്ത്യയിലേക്ക് എത്തുന്നത്. ഷീഇൻ ബ്രാൻഡിന്റെ പ്രവേശനമോ ഉടമസ്ഥാവകാശമോ ഇല്ലാതെ, എല്ലാ പ്ലാറ്റ്ഫോം ഡാറ്റയും പ്രാദേശികമായി കളക്ട് ചെയ്യുന്നതിനും, ഇന്ത്യൻ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും നിബന്ധനകളിൽ ഉൾപ്പെടുന്നു.
2020 ജൂണിൽ, ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എംഇഐടിവൈ) മറ്റ് 50 ലധികം ആപ്ലിക്കേഷനുകൾക്കൊപ്പം ഷീഇന്നും നിരോധിച്ചു. ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം നീക്കം ചെയ്ത ടിക് ടോക്ക് പോലുള്ള ചൈനീസ് അപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ ഇന്ന് ഇന്ത്യയിലെ നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം, 2023 ൽ റിലയൻസ് റീട്ടെയിലുമായി ഷീഇൻ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന് അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനത്തിലൂടെ തുടരുമെന്നുള്ള ലൈസൻസിംഗ് കരാർ ഉറപ്പാക്കി.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് അതിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് വഴി ഷെയിന്റെ മാതൃ കമ്പനിയായ റോഡ്ജെറ്റ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡുമായി ഒരു ടെക്നിക്കൽ പങ്കാളിത്തം രൂപീകരിച്ചു.
2008 ൽ സ്ഥാപിതമായ ഷീഇൻ അതിന്റെ ബജറ്റ് ഫ്രണ്ട്ലി ആയ വിലയ്ക്ക് പ്രശസ്തമാണ്. കൂടാതെ സ്ത്രീകളുടെയും പുരുഷൻമാരുടെയും സ്റ്റൈലിഷ് ഫാഷനും ജനപ്രീതി നേടി. റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഷീഇൻ ഇന്ത്യ ഫാസ്റ്റ് ഫാഷൻ ആപ്ലിക്കേഷൻ ആൻഡ്രോയിഡ്, ആപ്പിൾ ഉപയോക്താക്കൾക്ക് ലഭ്യമാണ്.