ജാപ്പനീസ് ടെക്നോളജി ഭീമനായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ഓപ്പൺ എഐയും ഒന്നിക്കുന്നു. ഇരു ഗ്രൂപ്പും തങ്ങളുടെ തുല്യ പങ്കാളിത്തത്തോടെ എഐ സഹകരണം വർധിപ്പിക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. എസ്ബി ഓപ്പൺ എഐ ജപ്പാൻ എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്.
സോഫ്റ്റ്ബാങ്ക് മേധാവി മസയോഷി സൺ, ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ എന്നിവർ ടോക്കിയോയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തു, അവരുടെ സഹകരണത്തെക്കുറിച്ച് സംസാരിക്കുകയും ജാപ്പനീസ് കമ്പനികളെ ഒപ്പം ചേരാൻ ക്ഷണിക്കുകയും ചെയ്തു.
സ്ട്രാറ്റജി, മാർക്കറ്റിംഗ്, ഇമെയിലുകൾ, പഴയ സോഴ്സ് കോഡുകൾ കണ്ടെത്തൽ എന്നിവയ്ക്കായി കമ്പനികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ക്രിസ്റ്റൽ ഉപയോഗിക്കാമെന്ന് സൺ പറഞ്ഞു. സണിന്റെ സ്വന്തം സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കമ്പനികളിലാണ് ക്രിസ്റ്റൽ ആദ്യം പുറത്തിറങ്ങുക. ക്രിസ്റ്റലിനെ തങ്ങളുടെ കമ്പനികളിലുടനീളം സംയോജിപ്പിക്കാൻ പ്രതിവർഷം 3 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി സോഫ്റ്റ്ബാങ്ക് അറിയിച്ചു.
“ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം സൂപ്പർ ഇന്റലിജൻസ് ആയിരിക്കും. ഞാൻ വളരെ ആവേശത്തിലാണ്,” എഐ ഇവന്റിലൂടെ സൺ പറഞ്ഞു.
അമേരിക്കൻ ഐക്യനാടുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ 500 ബില്യൺ ഡോളർ വരെ നിക്ഷേപം നടത്തുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുള്ള സ്റ്റാർഗേറ്റ് പദ്ധതിയുടെ ഭാഗമാണ് സോഫ്റ്റ്ബാങ്കും ഓപ്പൺ എഐയും. സ്റ്റാർഗേറ്റ് ജപ്പാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സൺ പറഞ്ഞു.