ലോക ജനസംഖ്യയിൽ, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയുടേയും ചൈനയുടെയും ജനസംഖ്യയിലെ ഉണ്ടാകുന്ന കുറവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് എലോൺ മസ്ക്ക്. ടെസ്ല ഓണേഴ്സ് സിലിക്കൺ വാലി X ൽ പങ്കുവെച്ച ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് എലോൺ മസ്ക് ലോകജനസംഖ്യയുടെ കുറവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. 2018 മുതൽ 2100 വരെയുള്ള വർഷങ്ങളിൽ പ്രധാന രാജ്യങ്ങളുടെ ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രാഫാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
“ജനസംഖ്യ കുറയുന്നത് മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണ്… – എലോൺ മസ്ക്” എന്ന ക്യാപ്ഷനോടൊപ്പമുള്ള പോസ്റ്റ് എലോൺ, “അതെ” എന്ന് കമെന്റ് ചെയ്തുകൊണ്ട് റീട്വീറ്റ് ചെയ്തു.
ചൈനയിലും ഇന്ത്യയിലും വൻ തോതിൽ ജനസംഖ്യ കുറയുന്നു
മസ്ക് പങ്കുവെച്ച ഗ്രാഫ് ഗൗരവമേറിയ പ്രവചനമാണ് നൽകുന്നത്. 2100 ഓടെ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 400 മില്ല്യൺ കുറയുകയും 1.1 ബില്യണിലേക്കു താഴുകയും ചെയ്യും. ചൈനയുടെ ജനസംഖ്യയിൽ കൂടുതൽ ഭീകരമായ കുറവാണ് കാണുക. ഏകദേശം 731 മില്ല്യൺ കുറയുകയും 731.9 മില്ല്യൺ ആകുകയും ചെയ്യും. മറുവശത്ത്, നൈജീരിയയുടെ ജനസംഖ്യ 790.1 മില്ല്യൺ ആയി ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ചൈനയെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായി നൈജീരിയ മാറും.
കുറഞ്ഞ ജനന നിരക്ക്, പ്രായം ചെന്നവരുടെ ജനസംഖ്യ വർധിക്കുന്നു, മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇവയെല്ലാം ജനസംഖ്യ കുറയുന്നതിന്റെ പ്രധാന കാരണങ്ങളാണ്. ആഗോളമായി, 1963-ൽ ശരാശരി ഒരു സ്ത്രീക്ക് 5.3 കുട്ടികൾ ഉണ്ടായിരുന്നപ്പോൾ, ഇന്ന് അത് 2.5-ലധികമായിരിക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളിൽ ജനസംഖ്യയിലെ കുറവ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. കാനഡയും ഓസ്ട്രേലിയയും പോലുള്ള രാജ്യങ്ങൾ കുടിയേറ്റ നയങ്ങൾ വഴി ജനസംഖ്യ നിലനിർത്തുമെന്ന് പറയുന്നു. നൈജീരിയ, ഈഥിയോപ്യ, കോൺഗോ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ ജനസംഖ്യ വേഗത്തിൽ ഉയരാൻ സാധ്യതയുണ്ട്. ഇത് ആഗോള ശക്തി കേന്ദ്രങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കും.
എലോൺ മസ്കിന്റെ കാഴ്ചപ്പാട്
ജനസംഖ്യയിലുണ്ടാകുന്ന കുറവിന്റെ അപകടങ്ങളെക്കുറിച്ച് മസ്ക് ഏറെക്കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ടെക്നോളജി പുരോഗതി, സാമ്പത്തിക സ്ഥിരത എന്നിവയ്ക്ക് വലിയ ഭീഷണിയാണ് ജനസംഖ്യ കുറയുന്നതെന്ന് അദ്ദേഹം കരുതുന്നു. പ്രത്യേകിച്ച് ജപ്പാനും യൂറോപ്പിലെ പല രാജ്യങ്ങളും നേരിടുന്ന ജനസംഖ്യാ പ്രശ്നങ്ങൾ പരിഹരിക്കാനായി മസ്ക് ജനന നിരക്ക് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള നയങ്ങൾ പിന്തുണക്കുന്നു. ടെസ്ലയും സ്പേസ്എക്സും പോലുള്ള കമ്പനികളുടെ മുഖാന്തിരം ദീർഘകാല മാനവജീവിതം ഉറപ്പാക്കാൻ മസ്ക് ബഹിരാകാശ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു.