s139-01

എക്സിന്റെ ഇന്ത്യൻ ബദൽ ‘കൂ’ സേവനം അവസാനിപ്പിക്കുന്നു

സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പ് കൂ, ഏറ്റെടുക്കലിനായുള്ള നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അതിന്റെ സേവനം അവസാനിപ്പിക്കുന്നു.

പല വൻകിട ഇന്റർനെറ്റ് കമ്പനികൾ മീഡിയ ഹൗസുകൾ തുടങ്ങിയവയുമായി സ്റ്റാർട്ടപ്പ് പങ്കാളിത്തത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ഈ ചർച്ചകളൊന്നും തന്നെ ഫലം കണ്ടില്ല. കൂ സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘ഒരു സോഷ്യൽ മീഡിയ ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചിലവ് കൂടുതലാണ്, അതിനാൽ ഞങ്ങൾക്ക് ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു’ അപ്രമേയ രാധാകൃഷ്ണൻ പറയുന്നു.

2022 സെപ്റ്റംബറിൽ 40 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കൂവിലെ പ്രതിസന്ധി പുറംലോകം അറിയുന്നത്. തുടർന്ന്, 2023 ഫെബ്രുവരിയിൽ സഹസ്ഥാപകൻ ബിദാവത്ക പിരിച്ചുവിടലുകൾ തുടരുമെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. തൊട്ടുപിന്നാലെ, അതേ വർഷം ഏപ്രിലിൽ, കമ്പനി 30 ശതമാനം തൊഴിലാളികളെ വെട്ടിക്കുറച്ചു.

ഏപ്രിലിൽ തന്നെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണവും 3.1 ദശലക്ഷമായി കുറഞ്ഞു. അതിനുമുമ്പ്, ജനുവരിയിൽ, സജീവ ഉപയോക്താക്കൾ 4.1 ദശലക്ഷമായിരുന്നു. മാർച്ചിൽ ഏകദേശം 3.2 ദശലക്ഷമായി കുറയുകയും ചെയ്തു. 2022 ജൂലൈയിലായിരുന്നു ഏറ്റവുമധികം ഉപയോക്താക്കൾ ഉണ്ടായിരുന്നത്. അന്ന് അത് 9.4 ദശലക്ഷമായിരുന്നു.

അതിനുശേഷം, ഡെയ്ലിഹണ്ട്, ഷെയർചാറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പുകളുമായി കമ്പനി ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ആ ചർച്ചകൾ വിജയിച്ചില്ല. പ്ലാറ്റ്ഫോമിൽ വരുന്ന ഉപയോക്താക്കളുടെ എണ്ണം കാലക്രമേണ കുറഞ്ഞുവെങ്കിലും, കൂവിന് സ്ഥാപനം പൂട്ടേണ്ടി വന്നതിന്റെ മറ്റൊരു കാരണം അതിന്റെ പ്രതിമാസ പണമിടപാട് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതാണ്.

Category

Author

:

Jeroj

Date

:

July 3, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top