കുഗ്രാമത്തിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന ടൈറ്റാൻ

ടൈറ്റാൻ വാച്ചുകൾ ഒരു ഇന്ത്യൻ ബ്രാൻഡ് ആണ് എന്നറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ടൈറ്റാൻ ലോകം കീഴടക്കിയത് എന്നറിയുന്നവർ കുറവാണ്. ടാറ്റ ഇൻഡസ്ട്രീസിന്റെയും ടിഡ്‌കോയുടെയും (തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) സംയുക്ത പങ്കാളിത്തത്തിൽ 1984-ൽ സ്ഥാപിതമായെങ്കിലും ടൈറ്റൻ 1987-ലാണ് പ്രവർത്തനം ആരംഭിച്ചത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ക്വാർട്ട്സ് വാച്ചുകളുടെ വ്യത്യസ്തമായ ഒരു ശ്രേണി തന്നെ ടൈറ്റൻ അവതരിപ്പിച്ചു. ടൈറ്റൻ എന്ന ബ്രാൻഡിനെ പ്രമോട്ട് ചെയ്യാൻ കമ്പനി ഒരു മടിയും കാണിച്ചില്ല. ഇന്ന് ചെറിയ വിലയിൽ വാങ്ങാവുന്നതും ഒരു സമ്മാനമായി നൽകാവുന്നതുമായ ബ്രാൻഡ് ആണ്.

പണ്ടൊക്കെ ഒരു വാച്ച് കിട്ടാനുള്ള ഒരേയൊരു മാർ​ഗം ​ഗൾഫിൽ നിന്നോ മറ്റോ വരുന്ന ബന്ധുക്കളായിരുന്നു. എന്നാൽ ടൈറ്റന്റെ കടന്നു വരവ് ഒരു ചരിത്രമാണ് സൃഷ്ടിച്ചത്. ടൈറ്റൻ കടന്നു വരുമ്പോൾ എച്ച്എംടി വാച്ചുകളുടെ കുത്തകയായിരുന്നു രാജ്യത്തെ റിസ്റ്റ് വാച്ച് വിപണി. 1987 ഡിസംബർ 23നാണ് ടൈറ്റൻ അതിന്റെ ആദ്യ ഷോറൂം ബെംഗളൂരുവിലെ സഫീന പ്ലാസയിൽ ആരംഭിച്ചത്. ടൈറ്റൻ കാറ്റലോ​ഗ് അടങ്ങിയ പത്രക്കുറിപ്പുകളുമായി നൂറുകണക്കിന് ആളുകളാണ് ഷോറൂമിലേക്ക് എത്തിയത്. 2018 ആയപ്പോഴേക്കും ഇന്ത്യയിലുടനീളം ടൈറ്റൻ കമ്പനി 1000 ഷോറുമുകൾ തുറന്നു. വർഷങ്ങളായി ഗുണനിലവാരം നിലനിർത്തുകയും, എല്ലാ വിഭാ​ഗം ജനങ്ങളുടേയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന അതേസമയം അനുദിനം നൂതനമായിക്കൊണ്ടിരിക്കുന്ന ലോകത്ത് നിരന്തരം മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ടൈറ്റൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് ആണ്.

ടൈറ്റന്റെ ആദ്യ സിഇഒ ആയിരുന്ന സെർസെസ് ദേശായി മെക്കാനിക്കൽ വാച്ചുകളേക്കാൾ ക്വാർട്ട്സ് വാച്ചുകൾക്കാണ് ഭാവിയുള്ളതെന്ന് മനസിലാക്കുകയും ഇന്ത്യക്കാർ കാണാത്ത തരത്തിലുള്ള ഫാഷനബിൾ വാച്ചുകൾ രൂപകൽപന ചെയ്യുകയും ചെയ്തു. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ വിൽപ്പനയ്ക്ക് ശേഷവും മികച്ച സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഇന്റർനാഷണൽ ഡിസൈനുകൾക്ക് തുല്യമായവ രൂപകൽപന ചെയ്ത് ബ്രാൻഡിനെ പ്രീമിയമാക്കി നിലനിർത്തുന്നതിലാണ് അക്കാലത്ത് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കളേയും കമ്പനി മറന്നില്ല. 350 രൂപ മുതൽ 900 രൂപവരെ വില വരുന്ന അഞ്ച് വാച്ചുകളുടെ ഒരു ക്ലസ്റ്ററും കമ്പനി അവതരിപ്പിച്ചു. മികച്ചതാക്കി നിലനിർത്തുന്നതിനൊപ്പം എന്തെങ്കിലും പ്രത്യേകതകൾ ഓരോ വാച്ചിലും ഉൾപ്പെടുത്താൻ ടൈറ്റൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തമിഴ്നാട്ടിലെ ഒരു ചെറിയ ​ഗ്രാമമായ ഹൊസുറിൽ നിന്ന് കുറച്ച് ​ഗ്രാമീണരുമായാണ് ടൈറ്റാൻ ജൈത്രയാത്ര തുടങ്ങുന്നത്. ഏകദേശം 20 കൊല്ലത്തോളം ടാറ്റ ​ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിച്ച ദേശായിക്ക് ഒരു റിസ്റ്റ് വാച്ച് ബ്രാൻഡ് സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചു. ദേശായി ടാറ്റയുടെ നിർദേശം സ്വീകരിച്ചു. ജംഷഡ്പൂർ പോലെ അത്ര അറിയപ്പെടാത്ത ഒരു പ്രദേശത്ത് ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെ തൊഴിൽ നൽകാമെന്ന് വാ​ഗ്ദാനവുമായി 1984ൽ ടൈറ്റൻ തമിഴ്നാട്ടിലേക്ക് ചുവടുമാറ്റി. മൂന്ന് വർഷത്തെ ഗവേഷണത്തിനും, വിശകലനത്തിനും, അവലോകനത്തിനും, മികച്ച പരിശീലനത്തിനും ശേഷം വാച്ച് നിർമ്മാതാക്കളും ആദ്യ ബാച്ചും തയ്യാറായി. ഇന്ന് ടൈറ്റന്റെ അഞ്ച് ഫാക്ടറികളിലായി 1,600 പേർ നിർമ്മാണ വിഭാ​ഗത്തിൽ മാത്രമായി ജോലി ചെയ്യുന്നുണ്ട്.

വാച്ച് നിർമ്മിക്കുന്നതിന് ഒരു ​ഗ്രാമപ്രദേശവും, ജോലിക്കാരായി ​ഗ്രാമീണരേയും ദേശായി തിരഞ്ഞെടുത്തത് ശരിയായ പ്രതിഭയെ കണ്ടെത്താനായിരുന്നു. ഇതിനായി ​ഗവേഷണ സംഘം സ്കൂളുകളും, കോളേജുകളും സന്ദർശിച്ചു. 17 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരെ തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുത്തവർക്കായി ഒരു ടെസ്റ്റ് നടത്തി. അതിന്റെ അടിസ്ഥാനത്തിൽ എണ്ണം ചുരുക്കി. ജോലിക്കാർക്കായി താമസ സൗകര്യം വരെ ടൈറ്റൻ ഒരുക്കി. ഇന്ന് ഹൊസൂർ ​ഗ്രാമത്തിലെ നൂറുകണക്കിന് പേരുടെ ജീവിതനിലവാരം വളരെ ഉയർന്നു അവർക്ക് സ്ഥിരവരുമാനമുള്ള ജോലിയുണ്ട്. അവരുടെ മക്കൾ നല്ലനിലയിൽ പഠിച്ചു. ഉന്നതവിദ്യഭ്യാസം കരസ്ഥമാക്കി.

ടൈറ്റൻ വാച്ചുകളുടെ പരസ്യത്തിലെ മ്യൂസിക് ചിലരെങ്കിലും മറന്നിരിക്കില്ല. ഇപ്പോഴും ആ പരസ്യത്തിന്റെ മ്യൂസിക് കേൾക്കുമ്പോൾ പഴയകാലം ഓർമ്മ വരുന്നവരുണ്ടാകും. അത്രത്തോളം ഹൃദയസ്പർശിയായിരുന്നു ഒരു വോയ്സ് ഓവർ പോലുമില്ലാത്ത ടൈറ്റൻ പരസ്യങ്ങൾ. പ്രത്യേകിച്ച് ജോയ് ഓഫ് ​ഗിഫ്റ്റിം​ഗ് എന്ന ക്യാമ്പയിനിന്റെ ഭാ​ഗമായി ഇറക്കിയ പരസ്യം. വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കിൽ താല്പര്യമുണ്ടായിരുന്ന ദേശായിയുടെ ഇഷ്ടപ്രകാരം, സുരേഷ് മാലിക്ക് ടൈറ്റന്റെ ഒരിക്കലും മറക്കാത്ത ഈണത്തിന് ജന്മം നൽകി. മിലേ സുർ മേരാ തുമാര എന്ന് തുടങ്ങുന്ന ജനപ്രിയ ​ഗാനത്തിന് ഈണം നൽകിയതും സുരേഷ് മാലിക്കായിരുന്നു.

ഓരോ വർഷവും പുതിയ ഫീച്ചറുകളുള്ള വാച്ചുകൾ വികസിപ്പിക്കുന്നതിലായിരുന്ന ടൈറ്റന്റെ ശ്രദ്ധ മുഴുവൻ. ഇത് മൾട്ടി-ബ്രാൻഡ് റീട്ടെയ്‌ലിംഗ്, ഔട്ട്‌ലെറ്റുകളുമായുള്ള സഹകരണത്തിലേക്ക് നയിച്ചു. ഫാസ്‌ട്രാക്ക്, സൊണാറ്റ, തനിഷ്‌ക്, ടൈറ്റൻ ഐ പ്ലസ്, തനീറ തുടങ്ങിയ പുതിയ ഉപബ്രാൻഡുകൾ കമ്പനി പുറത്തിറക്കി. പുരുഷന്മാരുടെ വാച്ചുകൾ നിർമ്മിക്കുന്നതിൽ നിന്ന് ടൈറ്റന്റെ ശ്രദ്ധ സ്ത്രീകൾക്കായി പുതിയ ഡിസൈനുകൾ കണ്ടെത്തുന്ന തലത്തിലേക്ക് മാറി. ഇതിനു പുറമെ, കുട്ടികൾക്കായുള്ള നിറമുള്ള സൂപ്പ് വാച്ചുകൾ, വാട്ടർ റെസിസ്റ്റന്റ് ടൈറ്റൻ ഒക്ടെയ്ൻ വാച്ചുകൾ, ടൈറ്റൻ വാങ്ങിയ സ്വിസ് നിർമ്മിത ബ്രാൻഡായ സൈലിസ് എന്നിവയാണ് മറ്റ് ഉപ ബ്രാൻഡുകൾ. സൊണാറ്റ സ്‌ട്രൈഡ് സ്മാർട്ട് വാച്ചിലൂടെ ഡിജിറ്റൽ വാച്ചിലേക്കും കമ്പനി കടന്നു. ഇപ്പോൾ ടൈറ്റൻ വാർഷികാടിസ്ഥാനത്തിൽ ഏകദേശം 16.692 മില്ല്യൺ ഉൽപ്പാദനം നടത്തുന്നുണ്ട്.

Category

Author

:

Jeroj

Date

:

June 17, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

English
Scroll to Top