‘ഹില്ലി ആക്വ’ എന്ന ബ്രാൻഡിന് കീഴിൽ ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ ജൈവ കംപോസ്റ്റബിൾ വാട്ടർ ബോട്ടിലുകൾ വിപണിയിലിറക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KIIDC) കീഴിലുള്ള ഈ സ്റ്റാർട്ടപ്പ് പരിസ്ഥിതി സംരക്ഷണത്തിന് പുത്തൻ മാർഗം തുറക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാം. കാരണം, ജൈവ വാട്ടർ ബോട്ടിലുകൾ നിർമ്മിക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം ഇനി കേരളത്തിന് സ്വന്തമാകും.
‘കമ്പോസ്റ്റബിൾ ബോട്ടിലുകൾ’ എന്നറിയപ്പെടുന്ന ഈ പുതിയ സംരംഭത്തിലൂടെ പാരമ്പര്യ പ്ലാസ്റ്റിക് ബോട്ടിലുകൾക്കു പകരം പരിസ്ഥിതി സൗഹൃദമായ ബോട്ടിലുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു.
2019-ൽ മുംബൈയിൽ പ്രദർശിപ്പിച്ച ഗ്രീൻ ബയോ പ്രോഡക്ട്സിൻ്റെ ആദ്യ മാതൃക അവതരിപ്പിച്ചതിലൂടെ, കേരള ജലവിഭവ മന്ത്രി റോഷി ഓഗസ്റ്റിൻ നൽകിയ നിർദേശമാണ് ഈ സംരംഭത്തിന് പ്രചോദനമായത്. ജനുവരി പകുതിയോടെ ഈ സംരംഭം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രോഡക്ട് നിർമാണത്തിൽ KIIDC നിർമ്മാണ മേൽനോട്ടം വഹിക്കും. ആദ്യം ടൂറിസം കേന്ദ്രങ്ങളിലും ഉത്സവ പറമ്പുകളിലുമാണ് ഈ ബോട്ടിലുകൾ വിതരണം ചെയ്യുക. പിന്നീട് ഇത് വ്യാപകമായി ലഭ്യമാക്കും.