ഒരു സർക്കാർ ജോലി ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നിക്കുറിച്ചും ചിന്തിക്കാത്തവരാണ് നമ്മളിൽ പലരും. എന്നാൽ സുരക്ഷിതമായ ജോലിയിൽ ഇരിക്കുമ്പോളും റിസ്ക് എടുക്കാൻ തയ്യാറായാൽ വലിയ വിജയം കൈവരിക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കർസൻഭായ് പട്ടേൽ.
നിർമ (Nirma) എന്ന, ഡിറ്റർജന്റ്-പേഴ്സണൽ കെയർ ഉല്പന്നങ്ങൾ നിർമിക്കുന്ന പ്രശസ്ത കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ജോലി ഉപേക്ഷിച്ച്, 15000 രൂപ വായ്പയെടുത്ത് ആരംഭിച്ച കമ്പനി 23,000 കോടിയുടെ വരുമാനത്തിലേക്കാണ് വളർന്നത്.
ഗുജറാത്തിലെ റുപ്പൂർ എന്ന സ്ഥലത്തെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് പട്ടേലിന്റെ ജനനം. കെമിസ്ട്രിയിൽ ബിരുദം നേടിയതിനു ശേഷം ഒരു സർക്കാർ ആശുപത്രിയിൽ അദ്ദേഹം ലാബ് ടെക്നീഷ്യനായി ജോലി ചെയ്‌തെങ്കിലും സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന മോഹം അദ്ദേഹത്തെ അവിടെ ഒതുങ്ങിക്കൂടാൻ സമ്മതിച്ചില്ല.
ബിസിനെസ്സിന് നിരീക്ഷണപാടവം എത്ര വലുതാണ് എന്ന് പട്ടേലിന്റെ കഥ നമ്മളെ പഠിപ്പിക്കുന്നു. 1969 പട്ടേലിൽ ഒരു കാര്യം ശ്രദ്ധിക്കുന്നത് വിവിധ ബ്രാൻഡുകളിൽ പുറത്തിറങ്ങുന്ന വാഷിങ് പൗഡറുകളുടെ വില വളരെ കൂടുതലാണ്. ഇക്കാരണത്താൽ ആളുകൾക്ക് അത് താങ്ങാൻ സാധിക്കുന്നില്ല എന്ന് അദ്ദേഹം മനസിലാക്കി.
ഈ വിപണി സാധ്യത കണ്ടെത്തിയ പട്ടേൽ പിന്നീട് വിശ്രമിച്ചില്ല. കുറഞ്ഞ വിലയിൽ, ഒരു ഡിറ്റർജന്റ് പൗഡർ പുറത്തിറക്കുകയാണ് പട്ടേൽ ചെയ്തത്. ലളിതമായ ഇൻഗ്രീഡിയന്റ്സ് ഉപയോഗിച്ച് പട്ടേൽ തന്നെയാണ് തുടക്കത്തിൽ സോപ്പു പൊടി നിർമിച്ചത്. കുറഞ്ഞ വിലയിൽ നിർമ എന്ന ബ്രാൻഡിലാണ് ഉല്പന്നം പുറത്തിറക്കിയത്. 15,000 രൂപ വായ്പയെടുത്താണ് സംരംഭത്തിന് തുടക്കമിട്ടത്. തന്റെ സൈക്കിളിൽ വീടുവീടാന്തരം കയറിയിറങ്ങിയാണ് തുടക്കത്തിൽ അദ്ദേഹം നിർമ വിറ്റഴിച്ചത്.
പിന്നീട അങ്ങോട് രാജ്യത്താകെ ഒരു ഡിറ്റർജന്റ് വിപ്ലവം തന്നെ നിർമ സൃഷ്ട്ടിച്ചു. ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭ്യമായ ബ്രാൻഡായി നിർമ മാറി. ഒരു കിലോഗ്രാമിന് 13 രൂപയായിരുന്നു വില. നിർമയുടെ ഡിമാൻഡ് അതിവേഗം ഉയർന്നു. ഇന്ന് നിർമ എന്ന് കേൾക്കാത്ത ഇന്ത്യക്കാരില്ല.
ഉല്പാദനം വർധിപ്പിക്കുന്നതിനായി പട്ടേൽ ഒരു ചെറിയ നിർമാണ യൂണിറ്റ് പിന്നീട് വാടകയ്ക്കെടുത്തു. ഏതാനും തൊഴിലാളികളുമായി ബിസിനസ് വളർന്നു. ഇന്ന് ഏകദേശം 18,000 ആളുകൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിലെ തന്നെ മുൻനിര കമ്പനിയാണ് നിർമ. മേക് അപ്, സോപ്പ്, പേഴ്സണൽ ഹൈജീൻ പ്രൊഡക്ടുകൾ തുടങ്ങി പിന്നീട് വൈവിധ്യമാർന്ന ഒരു ഉത്പന്ന നിര തന്നെ നിർമ സൃഷ്ട്ടിച്ചു. നിലവിൽ കമ്പനി ആകെ വരുമാനം 23,000 കോടിയിൽ എത്തിനിൽക്കുന്നു.