ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് സ്ഥാപകനും റെഫർറഷ് (ReferRush) ന്റെ CEO യുമായ വിക്രം പായിയുടെ കഥ പരാജയങ്ങളിലൂടെയും സ്ഥിരോത്സാഹനത്തിലൂടെയും വിജയം കണ്ടെത്തിയ ചെറുപ്പക്കാരന്റെ കഥയാണ്. അഞ്ച് പരാജയപ്പെട്ട ബിസിനസുകൾ, 2 കോടി രൂപയുടെ ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഇടയിൽ അദ്ദേഹം ബിസിനസ് മോഹം ഉപേക്ഷിക്കാതെ പ്രയത്നിച്ചു. ഇന്ന് സെറോഡയുടെ സഹ-സ്ഥാപകനായ നിഖിൽ കാമത്തിന്റെ നേതൃത്വത്തിലുള്ള വിടിഫണ്ട് (WTFund)ഗ്രാന്റിലൂടെ അദ്ദേഹത്തിന്റെ ബിസിനസിന് പുതിയ ജീവൻ ലഭിച്ചിരിക്കുകയാണ്.
ലിങ്ക്ഡിനിലെ ഒരു പോസ്റ്റ് വഴിയാണ് വിക്രം പായി തന്റെ ആറ് വർഷത്തെ പോരാട്ടത്തിന്റെ കഥ പങ്കുവെച്ചത്. ബിസിനസ് പരാജയങ്ങൾ, ധനസംബന്ധമായ പ്രതിസന്ധികൾ, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിശ്വാസം നഷ്ടപ്പെടൽ എന്നിവയെല്ലാം നേരിട്ടിട്ടും ബിസിനസ് സ്വപ്നത്തിൽ അദ്ദേഹം ഉറച്ച് നിന്നു. ചെറിയ ഒരു പരാജയം വരുമ്പോൾ പിൻവാങ്ങുന്ന ചെറുപ്പക്കാർക്ക് മാതൃകയാണ് ഈ ചെറുപ്പക്കാരൻ.
വിക്രം പായി തന്റെ പോസ്റ്റിൽ പറയുന്നു:
“6 വർഷങ്ങൾ, 5 പരാജയപ്പെട്ട ബിസിനസുകൾ, 2 കോടി ലഭിക്കുകയും നഷ്ടപ്പെടുകയും ചെയ്തു.
അവരെന്നെ എലോൺ മസ്ക്ക് എന്ന് വിളിച്ചു
എന്റെ ശരീരത്തിന്റെ പകുതി പാരലൈസ്ഡ് ആയി. എന്റെ കൈയിൽ ബാക്കിയുണ്ടായിരുന്നത് 4,000 രൂപ മാത്രമായിരുന്നു. എന്റെ സഹ-സ്ഥാപകർക്ക് പോലും എനിക്ക് പണം നൽകാൻ കഴിഞ്ഞില്ല.”
“എല്ലാവരും എന്നോട് ബിസിനസ് ഉപേക്ഷിക്കാൻ പറഞ്ഞു. എന്റെ മുത്തശ്ശി പോലും എന്നെ ചോദ്യം ചെയ്തു. എന്നെ ഭ്രാന്തൻ എന്ന് വിളിച്ചു. എന്റെ അച്ഛൻ പറഞ്ഞു, ‘നീ ബിസിനസ് കളിയായാണ് കാണുന്നത്’. അമ്മായിമാർ എന്റെ കരിയറിനെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു. എന്റെ അമ്മയ്ക്ക് എന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്നെ ചതിച്ചു. ഞാൻ കരഞ്ഞു.”
“ഞാൻ എപ്പോഴും വിശ്വസിച്ചു. എനിക്ക് എപ്പോഴും ഭക്ഷണവും ഒരു വീടും ഉണ്ടായിരുന്നു. അത് മാത്രമേ എനിക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.”
“ഇന്ന്, ReferRush 2,400-ലധികം കമ്പനികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 9 കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ്”.
ഈ ബുദ്ധിമുട്ടുകളിലും തളരാതെ വിക്രം പായി പിടിച്ചു നിന്നതിന് ശേഷം അദ്ദേഹത്തിന്റെ ബിസിനസ്സിൽ ഉയർച്ച കൈവന്നു. 2,400-ലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 9 ബിസിനസുകളിൽ ഒന്നായിരുന്നു ഒരു ഇ-കൊമേഴ്സ് റഫറൽ സെയിൽസ് പ്ലാറ്റ്ഫോമായ ReferRush. WTFund ഗ്രാന്റ് ലഭിച്ചതോടെ, ഈ സ്റ്റാർട്ടപ്പ് വൻതോതിലുള്ള വളർച്ച കൈവരിച്ചു.
തന്റെ യാത്രയിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് സ്വയം വിശ്വാസവും ക്ഷമയും ആണെന്ന് അദ്ദേഹം പറഞ്ഞു.
ReferRush എന്നത് വ്യാപാരികൾക്ക് പൂർണ്ണമായും ഓട്ടോമേറ്റഡ്, ഓമ്നി-ചാനൽ ഉകസ്റ്റമർ റഫറൽ പ്രോഗ്രാം നൽകുന്ന ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. ഇത് അവരുടെ റഫറൽ മാർക്കറ്റിംഗ് ശ്രമങ്ങളെ എളുപ്പത്തിൽ സ്കെയിൽ ചെയ്യാനും കസ്റ്റമേഴ്സ്ശുപാർശകളിലൂടെ ഓർഗാനിക് വളർച്ച വർദ്ധിപ്പിക്കാനും അവരെ സഹായിക്കുന്നു.

വിക്രം പായിയുടെ കഥ, പരാജയങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുന്നതിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ക്ഷമ, സ്വയം വിശ്വാസം, ദൃഢനിശ്ചയം എന്നിവയാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്.