സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഫാർമ്ഈസിയുമായി ചേർന്ന് 10 മിനിറ്റിനുള്ളിൽ പ്രിസ്ക്രിപ്ഷൻ മരുന്നുകൾ വിതരണം ചെയ്യാൻ പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നിരുന്നാലും സ്വിഗ്ഗി ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ല
ഇൻസ്റ്റാമാർട്ട് ഇപ്പോൾ പെയിൻ റിലീഫ് സ്പ്രേ പോലുള്ള ഒ.ടി.സി (ഓവർ ദി കൗണ്ടർ) മരുന്നുകൾ വിതരണം ചെയ്യുന്നു. പുതിയ കൂട്ടുകെട്ടിലൂടെ സ്വിഗ്ഗി ഇ ഫാർമസി വിപണിയിൽ കൂടുതൽ വ്യാപകമായി എത്തുകയും മരുന്നുകൾ അടിയന്തര സാഹചര്യമുള്ള ഉപഭോക്താക്കളിലേയ്ക്ക് വേഗത്തിൽ എത്തിക്കുകയും ചെയ്യുന്നു.
ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിൽ സേവനം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ വേദനാസംഹാരികൾ, പനി മരുന്നുകൾ തുടങ്ങിയ പ്രിസ്ക്രിപ്ഷൻ ആവശ്യമുള്ള പ്രധാന മരുന്നുകൾ ഉൾക്കൊള്ളുന്നു.
ഫാർമ്ഈസിയുമായുള്ള സ്വിഗ്ഗിയുടെ ഈ കൂട്ടുകെട്ടിന്റെ പ്രധാന ഭാഗമായി “ഷോപ്പ്-ഇൻ-ഷോപ്പ്” രീതി നടപ്പിലാക്കുന്നു. സ്വിഗ്ഗിയുടെ സ്റ്റോറുകളിൽ ഫാർമ്ഈസി സ്റ്റോറുകൾ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ സ്വിഗ്ഗിയ്ക്ക് ഉപഭോക്താക്കൾക്ക് ആവശ്യമായ മരുന്നുകളുടെ ഓർഡറുകൾ വേഗത്തിൽ എത്തിക്കാൻ സാധിക്കും.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ളിങ്കിറ്റ്, സെപ്റ്റോ, ബിഗ്ബാസ്ക്കറ്റ് എന്നിവയുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കൂട്ടുകെട്ട്. വേഗത്തിൽ മരുന്നുകൾ എത്തിക്കുന്നതിലൂടെ വിപണി നേടുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.