ക്രെഡിറ്റ് കാർഡുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒരു നിശ്ചിത കാലയളവിലേക്ക്, മറ്റാരുടെയും കയ്യിൽ നിന്നും കടം വാങ്ങാതെ, നിശ്ചിത തുക ചിലവഴിക്കാൻ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നു . എന്നാൽ ബിസിനസ്സ് ക്രെഡിറ്റ് കാർഡുകളാണോ അതോ വ്യതികത ക്രെഡിറ്റ് കാർഡുകളാണോ നല്ലത് എന്ന കാര്യത്തിൽ എപ്പോളും പലർക്കും സംശയമാണ്. രണ്ട് തരം കാർഡുകളുടെയും വ്യത്യാസവും ഗുണങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.
എന്താണ് ബിസിനസ് ക്രെഡിറ്റ് കാർഡ് ?
ബിസിനസുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ക്രെഡിറ്റ് കാർഡാണ് ബിസിനസ് ക്രെഡിറ്റ് കാർഡ്. നിങ്ങളുടെ ബിസിനസിന് നൽകുന്ന ഒരു റിവോൾവിംഗ് ലൈൻ ഓഫ് ക്രെഡിറ്റ് ഉപയോഗിച്ചാണ് ഈ കാർഡുകൾ പ്രവർത്തിക്കുന്നത്. ബിസിനസ് ക്രെഡിറ്റ് കാർഡുകൾക്ക് ചെലവ് ട്രാക്കിംഗ്, കാർഡ് നിയന്ത്രണങ്ങൾ, ഉയർന്ന ക്രെഡിറ്റ് പരിധികൾ പോലുള്ള ബിസിനസ്സ് ആവശ്യങ്ങൾക്ക് അനുയോജ്യമായ സവിശേഷതകളുണ്ട്.
എന്താണ് പേർസണൽ ക്രെഡിറ്റ് കാർഡ് ?
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പേർസണൽ ക്രെഡിറ്റ് കാർഡ് വ്യക്തികളുടെ പേരിൽ നൽകുന്ന സ്വകാര്യ കാർഡാണ്. വ്യക്തിഗതമായ ഏത് ചെലവുകൾക്കും ഇത് ഉപയോഗിക്കാം. വ്യക്തിഗത ക്രെഡിറ്റ് കാർഡുകൾ റിവാർഡ് പ്രോഗ്രാമുകൾ, ക്യാഷ്ബാക്ക് ഓപ്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ട്.
ബിസിനസ് ക്രെഡിറ്റ് കാർഡും പേഴ്സണൽ ക്രെഡിറ്റ് കാർഡും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
1. ബാധ്യത
ഒരു വ്യക്തിഗത ക്രെഡിറ്റ് കാർഡിൽ, കാർഡിൽ ഉണ്ടാകുന്ന ഏതൊരു കടത്തിനും ആ വ്യക്തിയാണ് ബാധ്യസ്ഥൻ. എന്നാൽ ഒരു ബിസിനസ് ക്രെഡിറ്റ് കാർഡിൽ, ബാധ്യത വ്യക്തിക്കല്ല, നിയമപരമായ ഒരു സ്ഥാപനമെന്ന നിലയിൽ ബിസിനസിനാണ്. ഇതുകൊണ്ട് തന്നെ വ്യക്തികളുടെ ക്രെഡിറ്റ് സ്കോറിനൊ സിബിലിനോ ബിസിനസ്സ് കാർഡുകളുടെ ക്രെഡിറ്റ് ഹിസ്റ്ററി ബാധിക്കില്ല.
2. ക്രെഡിറ്റ് റിപ്പോർട്ടിംഗ്
വ്യക്തിയുടെ സ്വകാര്യ ക്രെഡിറ്റ് റിപ്പോർട്ടിൽ വ്യക്തിഗത ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ നിങ്ങൾ ബിസിനസ് ആവശ്യത്തിനായി പേർസണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും പേയ്മെന്റ് വൈകുകയും ചെയ്താൽ, അത് നിങ്ങളുടെ വ്യക്തിഗത ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.
3. റിവാർഡ് വിഭാഗങ്ങൾ
ബിസിനസ് ക്രെഡിറ്റ് കാർഡുകളും വ്യക്തിഗത ക്രെഡിറ്റ് കാർഡുകളും പലപ്പോഴും വ്യത്യസ്ത വിഭാഗങ്ങളിലാണ് റിവാർഡ് നൽകുക. ഓഫീസ് സാധനങ്ങൾ, യാത്രാ ചെലവുകൾ, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ ബിസിനസ് ചെലവുകൾക്കായി ബിസിനസ് കാർഡുകൾ കൂടുതൽ റിവാർഡുകൾ നൽകുന്നു. എന്നാൽ പേർസണൽ ക്രെഡിറ്റ് കാർഡുകളിൽ ഡൈനിംഗ്, വിനോദം, പലചരക്ക് തുടങ്ങിയവയ്ക്കാണ് റിവാർഡുകൾ നൽകുക.
4. ക്രെഡിറ്റ് പരിധി
സാധാരണയായി പേർസണൽ ക്രെഡിറ്റ് കാർഡുകളേക്കാൾ ഉയർന്ന ക്രെഡിറ്റ് പരിധി ബിസിനസ് ക്രെഡിറ്റ് കാർഡുകൾക്കുണ്ട്. വ്യക്തികളുടെ ചിലവിനേക്കാൾ ബിസിനസ്സ് ചിലവുകൾ വലുതായിരിക്കുമെന്നതിനാലാണ് ഉയർന്ന ക്രെഡിറ്റ് പരിധി ലഭിക്കുന്നത്.
5. റിപ്പോർട്ടിംഗും സ്റ്റേറ്റ്മെന്റും
ബിസിനസ് ക്രെഡിറ്റ് കാർഡുകൾ ചെലവുകൾ ട്രാക്ക് ചെയ്യാനും അക്കൗണ്ടുകൾ ഒത്തുതീർപ്പാക്കാനും സഹായിക്കുന്ന വിശദമായ റിപ്പോർട്ടിംഗും സ്റ്റേറ്റ്മെന്റുകളും നൽകുന്നു, അതേസമയം വ്യക്തിഗത ക്രെഡിറ്റ് കാർഡുകൾ അത്ര വിശദമായ വിവരങ്ങൾ നൽകിയേക്കില്ല.