പണത്തിന് ഏറെ ആവശ്യമുള്ള ഘട്ടത്തിൽ ഈടായി നൽകാൻ നിങ്ങളുടെ കയ്യിൽ ഒന്നുമില്ലെങ്കിൽ നിങ്ങൾക് തിരഞ്ഞെടുക്കാവുന്ന ഒരേയൊരു സാധ്യമായ ഓപ്ഷൻ വ്യക്തിഗത വായ്പ എടുക്കുക എന്നതാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പയെടുക്കുന്നവർക്ക് നൽകുന്ന അൺ സെക്യൂർഡ് വായ്പയാണ് വ്യക്തിഗത വായ്പ.
വ്യക്തിഗത വായ്പ്പയെടുക്കാൻ ഏറ്റവും നല്ല ഉപാധി ഒരു ബാങ്കിനെ സമീപിക്കുക എന്നതാണ്. ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ അടുത്ത മികച്ച ബദൽ ഒരു ഫിൻടെക്കിൻ്റെ സഹായം തേടുക എന്നതാണ്. KreditBee, Lendingkart, Paytm, Money Tap, Groww എന്നിങ്ങനെ കടം വാങ്ങുന്നവർക്ക് വ്യക്തിഗത വായ്പ നൽകുന്ന ചില സാമ്പത്തിക സാങ്കേതിക സ്ഥാപനങ്ങൾ ഉണ്ട്. ഫിൻടെക് പ്ലാറ്റ്‌ഫോമിൽ നിന്ന് പണം കടം വാങ്ങാൻ തുടങ്ങുന്നതിന് മുമ്പ്, മൂന്ന് പ്രധാന ഘടകങ്ങളെ കുറിച്ച് ശ്രദ്ധിക്കുക.
ഫിൻടെക് പ്ലാറ്റ്‌ഫോമിൽ പണം കടം വാങ്ങുമ്പോൾ ഒഴിവാക്കേണ്ട 3 തെറ്റുകൾ:
I. ആർബിഐയിൽ രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റഫോമിനെ സമീപിക്കുന്നത്: ബാങ്കിംഗ് റെഗുലേറ്റർ രജിസ്റ്റർ ചെയ്ത നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകളുടെ ഒരു ലിസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ഇവിടെ ലിസ്റ്റ് ആക്സസ് ചെയ്യാം. രജിസ്റ്റർ ചെയ്ത എൻബിഎഫ്‌സിയിൽ നിന്നോ രജിസ്റ്റർ ചെയ്ത എൻബിഎഫ്‌സിയുമായി പങ്കാളിത്തമുള്ള ഫിൻടെക് പ്ലാറ്റ്‌ഫോമിൽ നിന്നോ മാത്രം വ്യക്തിഗത വായ്പ തേടാൻ ശ്രദ്ധിക്കുക.
II. ഡൗൺലോഡുകൾ കണ്ട് എടുത്തുചാടരുത് : ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ, ഒരു ഫിൻടെക് പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പ്, പ്ലാറ്റ്‌ഫോം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വായ്പ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അധികാരമുണ്ടെന്നും ഉറപ്പാക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ ധാരാളം ഡൗൺലോഡുകൾ ഉണ്ടെന്ന് കണ്ട് എടുത്തുചാടി ചില വ്യക്തികൾ ഫിൻടെക് പ്ലാറ്റ്‌ഫോമിൻ്റെ കെണിയിൽ വീഴുന്നു.
രണ്ട് വർഷത്തിനുള്ളിൽ 4,700 അനധികൃത ലോൺ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു. 2023 സെപ്തംബറിൽ ഗൂഗിൾ നീക്കം ചെയ്ത ഒരു ഡസൻ വ്യാജ ലോൺ ആപ്പുകൾക്ക് ഒരു ലക്ഷത്തിലധികം ഡൗൺലോഡുകളും 14 എണ്ണം 50,000-ലധികം ഡൗൺലോഡുകളും ഉള്ളവ ആയിരുന്നു. എല്ലാ വർഷവും, ഈ ഇത്തരം ആപ്പുകൾക്കെതിരെ നിരവധി പരാതികൾ ഫയൽ ചെയ്യപ്പെടുന്നുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ മാത്രം 1,062 പരാതികളാണ് ഈ വ്യാജ വായ്‌പാ ആപ്പുകൾക്കെതിരെ ഫയൽ ചെയ്യപ്പെട്ടതെന്ന് ധനമന്ത്രാലയം ലോക്‌സഭയിൽ പങ്കുവെച്ച ഡാറ്റ വെളിപ്പെടുത്തുന്നു.
III. കസ്റ്റമർ കെയർ സംവിധാനം: ഫിൻടെക് പ്ലാറ്റ്‌ഫോമിന് നന്നായി പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സിസ്റ്റം ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു ആപ്പ് വഴി ലോണുകൾ ഡിജിറ്റലായി ആക്‌സസ് ചെയ്യാൻ കഴിയുമെങ്കിലും, നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടായാൽ – നിങ്ങൾക്ക് ആരോടെങ്കിലും സംസാരിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരിക്കണം. ഒരു കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെൻ്റ് ഇല്ലെങ്കിൽ ആപ്പ് വഴി നിങ്ങളുടെ പരാതികൾ പരിഹരിക്കുന്നത് മിക്കവാറും അസാധ്യമാണ്.
അതിനാൽ, വിശ്വസനീയവും ഒരു മെട്രോ നഗരത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസും പ്രവർത്തനക്ഷമമായ കസ്റ്റമർ കെയർ നമ്പറും പ്രധാനമായി – വ്യവസായത്തിൽ നല്ല പ്രശസ്തി നേടുന്നതുമായ ഒരു ഫിൻടെക് പ്ലാറ്റ്‌ഫോമിനെ സമീപിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.