140,000-ലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ, നൂറിലധികം യൂണികോൺ കമ്പനികൾ, $150 ബില്യൺ ഡോളറിലധികം നിക്ഷേപം എന്നിവയുമായി ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ സജീവ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായിരിക്കുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
“RBI@90” സെൻട്രൽ ബാങ്കിംഗ് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ ലോകോത്തര ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (DPI) പശ്ചാത്തലത്തിലുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളർച്ചയെയും ദാസ് പ്രശംസിച്ചു. ഇന്ത്യ വികസിപ്പിച്ച DPI ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളുടെ വികസനത്തിന് സഹായകമായിട്ടുണ്ട് എന്നും ഇത് രാജ്യാന്തര ഇടപാടുകൾക്കുള്ള വലിയ സാധ്യതയായി മുന്നേറുകയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 2024ൽ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഭാരത് സ്റ്റാർട്ടപ്പ് നോളജ് ആക്സസ് റെജിസ്ട്രി (BHASKAR) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഇത് സ്റ്റാർട്ടപ്പ്, നിക്ഷേപകർ, മെന്റർ, സേവനദാതാക്കൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വിവിധ പങ്കാളികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്ര സ്ഥാപനമാണ്.
സെക്ഷൻ 8 പ്രകാരം സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാമിലെ എല്ലാ സംരംഭങ്ങളും സംയോജിപ്പിക്കാൻ സർക്കാരിന് ഒരു നോൺ പ്രോഫിറ്റ് കമ്പനി ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ഗോയൽ വ്യക്തമാക്കിയിരുന്നു. ഇത് സർക്കാരിൻ്റെ പബ്ലിക്-പ്രൈവറ്റ് പങ്കാളിത്ത മോഡിൽ പ്രവർത്തിക്കുന്ന ഇൻവെസ്റ്റ് ഇന്ത്യ പോലൊരു സ്ഥാപനം ആയിരിക്കുമെന്നാണ് പ്രതീക്ഷ.
2024 ഒക്ടോബർ 14 വരെ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 1.5 ലക്ഷത്തെ പിന്നിട്ടു.