15 വർഷത്തെ സേവനത്തിന് ശേഷം ഡിസ്നി സ്റ്റാറിൻ്റെ കൺട്രി മാനേജർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും രാജിവച്ച് കെ മാധവൻ. ഡിസ്നി + ഹോട്ട്സ്റ്റാർ ബ്രാൻഡുകളുടെ മേൽനോട്ടം വഹിക്കുകയും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് കെ മാധവൻ.
ഉദയ് ശങ്കറിൻ്റെ വിടവാങ്ങലിന് ശേഷം 2019 ലാണ് മാധവൻ ഈ റോൾ ഏറ്റെടുത്തത്. 2009-ൽ സ്റ്റാർ ഇന്ത്യയുടെ സൗത്ത് ഹെഡ് ആയി ചേർന്നു. അതിനുമുമ്പ്, 2000-2008 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൻ്റെ എംഡിയും സിഇഒയുമായി സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം ചാനലിനെ മലയാളത്തിന്റെ 50 ശതമാനം വിപണി വിഹിതത്തിലേക്ക് നയിച്ചു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ദക്ഷിണേന്ത്യയിൽ ഗുണനിലവാരമുള്ള പ്രോഗ്രാമുകൾ സംഭവിക്കുന്നതിന് കരണമായിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ഡിസ്നി സ്റ്റാർ ഒമ്പത് ഭാഷകളിലായി 70-ലധികം ടിവി ചാനലുകളിൽ പ്രതിവർഷം 20,000 മണിക്കൂർ പ്രോഗ്രാമിംഗ് ചെയ്തു. ഓരോ മാസവും ഏകദേശം 700 ദശലക്ഷം കാഴ്ചക്കാരിലാണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാർ എത്തിച്ചേർന്നത്.
അതെ സമയം ഡിസ്നി സ്റ്റാർ ഈ വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു.