ഹോംഗ്രൗൺ ഇലക്ട്രിക് വെഹിക്കിൾ (EV) മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സെവോ (ZEVO), പെഗാസസ് ഇന്ത്യ ഫണ്ടിൻ്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ BizDateUp, JIIF, Family office എന്നിവരോടൊപ്പം ചേർന്ന് 2 ദശലക്ഷം ഡോളർ സമാഹരിച്ചു.
ഇന്ത്യയിലുടനീളം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹന ശേഖരം വിപുലീകരിക്കുന്നതിനും നൂതന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ZEVO യുടെ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ഫണ്ടിംഗ് സമാഹരണം.
5,000 വൈദ്യുത വാഹനങ്ങൾ വിന്യസിക്കുന്നതിനും നിലവിലുള്ള വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്. ഈ വാഹനങ്ങൾ വിവിധ ഡെലിവറി പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
“നിക്ഷേപകർക്ക് ഞങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള വിശ്വാസത്തിൻ്റെയും EV വ്യവസായത്തിൽ ഞങ്ങൾ ചെലുത്തുന്ന കാര്യമായ സ്വാധീനത്തിൻ്റെയും തെളിവാണ് ഈ നിക്ഷേപം,” ZEVO സിഇഒ ആയ ആദിത്യ സിംഗ് രത്‌നു പറഞ്ഞു. “ഈ ഫണ്ടുകൾ ഉപയോഗിച്ച് കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്താനും, സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കാനും, വ്യാപ്തി വർദ്ധിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.” ആദിത്യ കൂട്ടിച്ചേർത്തു.
അധിക ധനസമാഹരണത്തിന് പദ്ധതിയിടുന്നതായും ZEVO യുടെ സഹസ്ഥാപകൻ ധ്രുവ് ഭാട്ടിയ പറഞ്ഞു. 2025 ജനുവരിയോടെ 20 മില്യൺ ഡോളർ ധനസമാഹരിക്കുന്നതിനുള്ള ചർച്ചയിലാണ് ZEVOയെന്ന് അദ്ദേഹം പറഞ്ഞു.