ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡും (ഡിപിഐഐടി) ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ ലിമിറ്റഡും ചേർന്ന് ഗുജറാത്തിലെ മാനുഫാക്ച്ചറിംഗ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇൻകുബേറ്റർ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഗുജറാത്തിലെ കാഡിയിലാണ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.
ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് കമ്പനി ഈ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തെ മാനുഫാക്ച്ചറിംഗ് ഇൻഡസ്ട്രിയെ ഉയർത്തിക്കൊണ്ട് വരുന്നതിനും സഹായിക്കും.
സാങ്കേതിക മുന്നേറ്റങ്ങൾ, സുസ്ഥിരത, ഊർജ്ജ കാര്യക്ഷമത എന്നിങ്ങനെ തിരഞ്ഞെടുത്ത ഉൽപ്പാദന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ശക്തമായ ഒരു പ്ലാറ്റ്ഫോം നൽകാനാണ് ഇൻകുബേറ്റർ ലക്ഷ്യമിടുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡിപിഐഐടി ഡയറക്ടർ സുമീത് ജരങ്കൽ, ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ & സൗത്ത് ഏഷ്യ റീജിയൻ മാനേജിംഗ് ഡയറക്ടർ സഞ്ജയ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് (1/10/2024) ധാരണാപത്രം ഒപ്പുവച്ചത്.
മേക്ക് ഇൻ ഇന്ത്യ, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീം തുടങ്ങിയ സംരംഭങ്ങളിലൂടെ ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സുമീത് ജരങ്കൽ പറഞ്ഞു.