ഇന്നത്തെ ലോകത്ത് ക്രെഡിറ്റ് കാർഡുകൾ ഒരു അത്യാവശ്യ സാമ്പത്തിക ഉപകരണമാണ്, എന്നാൽ ഉത്തരവാദിത്തത്തോടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ ഏറ്റവും മോശം പേടിസ്വപ്നമായിരിക്കും ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് കാർഡുകൾ നന്നായി ഉപയോഗിക്കാൻ കഴിയുന്ന ചില ആളുകളുണ്ട് എന്നാൽ സാമ്പത്തിക അച്ചടക്കം പാലിക്കാനാവാത്തവർ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു . നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്മെൻ്റുകൾ നിയന്ത്രിച്ചില്ലെങ്കിൽ അത് നിങ്ങളുടെ സമ്പാദ്യത്തെ തകർക്കുന്നതിലേക്ക് നയിക്കും അല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കും. ക്രെഡിറ്റ് കാർഡുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനുള്ള ചില വഴികൾ നോക്കാം.
1. എല്ലാ മാസവും നിങ്ങളുടെ ബാലൻസ് അടയ്ക്കുക.
ഒരു ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോൾ എല്ലാ മാസവും ക്രെഡിറ്റ് കാർഡ് ബില്ലുകൾ പൂർണ്ണമായി അടയ്ക്കുന്നത് അനിവാര്യമാണ്. കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുന്നതിന്, നിങ്ങൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ ചെലവഴിക്കാനുള്ള പ്രലോഭനത്തെ ചെറുക്കേണ്ടത് പ്രധാനമാണ്. ബിൽ പേയ്മെൻ്റുകൾ വൈകിയാൽ പലിശയിനത്തിൽ വലിയ തുക അടക്കേണ്ടി വരും, ദീർഘകാലത്തേക്ക് അടയ്ക്കാതെ ഇരുന്നാൽ അത് വലിയൊരു ക്രെഡിറ്റ് കാർഡ് കടത്തിന് കാരണമായേക്കാം.
2. ആവിശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക
ഒരു ക്രെഡിറ്റ് കാർഡ് നിങ്ങൾക്കുള്ള താൽക്കാലിക വായ്പയായി കാണുകയും വായ്പ എത്രയും വേഗം തിരിച്ചടയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് വലിയ കടത്തിലേക്ക് നയിക്കുന്ന അപകടകരമായ ശീലമാണ്. നമ്മിൽ ഭൂരിഭാഗവും ഒരു പുതിയ മൊബൈൽ ഫോണോ അല്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ താങ്ങാനാകാത്ത ഏതെങ്കിലും ഉപകരണമോ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പ്രലോഭിപ്പിക്കപ്പെടും, അത് നിങ്ങളെ കടക്കെണിയിൽ അകപ്പെടുത്തുകയും സമ്പാദ്യം നശിപ്പിക്കുകയും ചെയ്യും.
3. പേയ്മെൻ്റ് മുടക്കരുത്
ഒരു മാസത്തെ പേയ്മെൻ്റ് ഒഴിവാക്കുന്നത് തികച്ചും നിരുത്തരവാദപരമായ നീക്കമാണ്. മുഴുവൻ ബില്ലും അടയ്ക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്, എന്നാൽ നിങ്ങൾക്ക് മിനിമം പേയ്മെൻ്റ് ആണ് അടക്കാൻ കഴിയുന്നതെങ്കിൽ അത് അടയ്ക്കാൻ ശ്രമിക്കുക. ഒരു മാസത്തെ ബിൽ അടക്കാതെ വെച്ചാൽ വലിയ പലിശയും കടവും ഉണ്ടാകും. ക്രെഡിറ്റ് കാർഡ് ബിൽ അടക്കാതെ ഇരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ തകർക്കാൻ ഇടയാക്കും.
4. ക്രെഡിറ്റ് കാർഡ് എന്ന ബജറ്റിംഗ് ടൂൾ
ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ബജറ്റിംഗ് ഉപകരണമായി ഉപയോഗിക്കാം. നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യാൻ ക്രെഡിറ്റ് കാർഡുകൾ സഹായിക്കുന്നു. നിങ്ങളുടെ എല്ലാ ചെലവുകൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ എവിടെയാണ് കൂടുതൽ ചെലവഴിക്കുന്നതെന്ന് നിങ്ങൾക്ക് ട്രാക്ക് ചെയ്യാനും അടുത്ത മാസം അത് കുറയ്ക്കാനും ശ്രമിക്കാം. കൃത്യസമയത്ത് ബിൽ അടക്കാമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രമേ ഇത് ചെയ്യാവൂ.
5. നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ 30%-ൽ താഴെ മാത്രം ചിലവാക്കുക
ക്രെഡിറ്റ് കാർഡുകളുടെ ആരോഗ്യകരമായ ഉപയോഗത്തിന്, ലഭ്യമായ ക്രെഡിറ്റ് പരിധിയുടെ 30%-ൽ താഴെ ചിലവാക്കാൻ നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് പരിധി 1 ലക്ഷം ആണെങ്കിൽ നിങ്ങളുടെ ചെലവ് 30,000 ആയി പരിമിതപ്പെടുത്താൻ ശ്രമിക്കണം. നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താനും ക്രെഡിറ്റ് കാർഡ് കടം ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
ഒരു ക്രെഡിറ്റ് കാർഡ് ഉള്ളത് ഇന്നത്തെ ലോകത്ത് സൗകര്യപ്രദമാണ്, എന്നാൽ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചില്ലെങ്കിൽ അത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കും. സമാധാനപരമായ ജീവിതത്തിന് സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനമാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന്, എന്ത് വിലകൊടുത്തും കടങ്ങൾ ഒഴിവാക്കണം. ക്രെഡിറ്റ് കാർഡുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക എന്നത് മാത്രമാണ് ക്രെഡിറ്റ് കാർഡുകൾ മൂലം ഒരാൾക്ക് ഉണ്ടാകുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള ഏക മാർഗ്ഗം.