ഇന്ത്യയിലെ രണ്ടാമത്തെ എഡ്‌ടെക് സ്റ്റാർട്ടപ്പായി പബ്ലിക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതിനായി മുംബൈ ആസ്ഥാനമായുള്ള ‘ക്ലാസ്‌റൂം’ (Klassroom) എസ്.എം.ഇ ഐ.പി.ഒയ്ക്ക് (SME IPO) ഒരുങ്ങുന്നു. ഇതിനായി അവർ ബി.എസ്.ഇയിൽ (BSE) രേഖകൾ സമർപ്പിച്ചു. 19.89 ലക്ഷം പുതിയ ഓഹരികളും, സ്ഥാപകരും നിലവിലെ നിക്ഷേപകരും വിറ്റഴിക്കുന്ന 4.66 ലക്ഷം ഓഫർ-ഫോർ-സെയിൽ (OFS) ഓഹരികളുമാണ് ഈ ഐ.പി.ഒയിൽ ഉൾപ്പെടുന്നത്.
ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ ബാധ്യതകൾ തീർക്കുന്നതിനും, എ.ഐ (AI) സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, മാർക്കറ്റിംഗ് ആവശ്യങ്ങൾക്കുമായാണ് പ്രധാനമായും ഉപയോഗിക്കുക. 2016-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം എ.ഐ അധിഷ്ഠിതമായ ഓൺലൈൻ ആപ്പിലൂടെയും 30 ഓഫ്‌ലൈൻ സെന്ററുകളിലൂടെയുമാണ് വിദ്യാർത്ഥികൾക്ക് സേവനങ്ങൾ നൽകുന്നത്. ഇതിനുപുറമെ, സംസ്ഥാന സർക്കാരുകളുമായും മറ്റ് സ്ഥാപനങ്ങളുമായും ചേർന്ന് നിരവധി വിദ്യാഭ്യാസ നൈപുണ്യ പദ്ധതികളും ഇവർ നടപ്പിലാക്കുന്നുണ്ട്.
അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയാണ് കമ്പനി ഇപ്പോൾ കൈവരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 12.4 കോടി രൂപ വരുമാനവും 4 കോടി രൂപ ലാഭവും നേടാൻ കമ്പനിക്കായി. മുൻ വർഷത്തെ അപേക്ഷിച്ച് എട്ടിരട്ടി ലാഭ വർദ്ധനവാണ് 2025 സാമ്പത്തിക വർഷത്തിൽ ഈ സ്റ്റാർട്ടപ്പ് സ്വന്തമാക്കിയത്. നടൻ സുനിൽ ഷെട്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ നിക്ഷേപ പിന്തുണയും ക്ലാസ്‌റൂമിനുണ്ട്.