S1333-01

കണ്ണൂരിൽ 52,600 കോടിയുടെ എഐ ഡാറ്റാ സെന്റർ വരുന്നു

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോൾസ്റ്റിസ് ഡാറ്റ (Solstice Data), കേരള സർക്കാരുമായി ചേർന്ന് കണ്ണൂരിലെ മട്ടന്നൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ സ്ഥാപിക്കുന്നു. ഏകദേശം 52,600 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കിൻഫ്ര പാർക്കിൽ 100 ഏക്കർ ഭൂമി വിട്ടുനൽകുന്നതിനുള്ള ധാരണാപത്രം തിരുവനന്തപുരത്ത് വെച്ച് കൈമാറി. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സോൾസ്റ്റിസ് ഡാറ്റാ ഇന്ത്യ ഹെഡ് രാജ് ബാബു തുളസീധരനും കിൻഫ്ര എംഡി സന്തോഷ് കോശി തോമസുമാണ് കരാറിൽ ഒപ്പുവെച്ചത്.

ലോകമെമ്പാടും അറുപതോളം ഡാറ്റാ സെന്ററുകൾ കൈകാര്യം ചെയ്യുന്ന സോൾസ്റ്റിസ് ഡാറ്റ, അത്യാധുനിക ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് (HPC) സൗകര്യങ്ങളൊരുക്കുന്നതിൽ പ്രശസ്തരാണ്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് ഈ ഭീമൻ നിക്ഷേപം നടപ്പിലാക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. പ്രാദേശിക സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കും സാങ്കേതിക വികസനത്തിനും വലിയ കുതിച്ചുചാട്ടം നൽകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

മട്ടന്നൂരിലെ കിൻഫ്ര പാർക്കിലുള്ള 175 ഏക്കറിൽ 123 ഏക്കറാണ് വ്യവസായങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ സിംഹഭാഗവും ഈ പുതിയ പദ്ധതിക്കായി ഉപയോഗിക്കും. ഇതിനോടകം തന്നെ ഇവിടുത്തെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും മറ്റ് ഭൂമികളും വിവിധ സംരംഭകർക്ക് അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇത്തരമൊരു വൻകിട ഐടി അനുബന്ധ പദ്ധതിക്ക് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്.

Category

Author

:

Gayathri

Date

:

മാർച്ച്‌ 17, 2026

Share

:

Join our WhatsApp Group for more updates!

Recent Posts