ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള ഐപിഒ (IPO) നടപടികൾക്ക് മുന്നോടിയായി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് തങ്ങളുടെ 400 മുതൽ 500 വരെ ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ വാർഷിക പ്രകടന വിലയിരുത്തലിന്റെ ഭാഗമായാണ് മൊത്തം ജീവനക്കാരുടെ 3-4 ശതമാനം വരുന്ന ഈ വെട്ടിച്ചുരുക്കൽ എന്നാണ് ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വിശദീകരണം. 2026 അവസാനമോ 2027 ആദ്യമോ ആയി പ്രതീക്ഷിക്കുന്ന ഐപിഒയ്ക്കായി ഗോൾഡ്മാൻ സാച്ച്സ് (Goldman Sachs), മോർഗൻ സ്റ്റാൻലി (Morgan Stanley) തുടങ്ങിയ പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരുമായി കമ്പനി ഇതിനോടകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനും ഫ്ലിപ്കാർട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്.
തൊഴിൽ വെട്ടിച്ചുരുക്കുന്നതിനൊപ്പം ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ഫ്ലൈയിംഗ് മെഷീൻ, ഷാഡോഫാക്സ് തുടങ്ങിയവയിലെ നിക്ഷേപങ്ങൾ കമ്പനി അടുത്തിടെ പിൻവലിച്ചിരുന്നു. അതേസമയം, തങ്ങളുടെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ (Flipkart Minutes) കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. 2026 ആദ്യ പാദത്തോടെ ഡാർക്ക് സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയർത്താനും, വൈകാതെ തന്നെ പുതിയൊരു ഫുഡ് ഡെലിവറി ആപ്പ് വിപണിയിൽ ഇറക്കാനും ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നുണ്ട്.
സാമ്പത്തികമായി മികച്ച പ്രകടനമാണ് ഈ കാലയളവിൽ കമ്പനി കാഴ്ചവെച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY25) 14.4 ശതമാനം വർദ്ധിച്ച് 20,493 കോടി രൂപയായി ഉയർന്നു. മുൻ വർഷമിത് 17,907 കോടി രൂപയായിരുന്നു. കൂടാതെ, കമ്പനിയുടെ അറ്റനഷ്ടം മുൻ വർഷത്തെ 2,359 കോടി രൂപയിൽ നിന്നും 37 ശതമാനം കുറഞ്ഞ് 1,494 കോടി രൂപയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ബിസിനസ്സ് മാറ്റങ്ങളുമായി ഫ്ലിപ്കാർട്ട് മുന്നോട്ട് പോകുന്നത്.