സ്മാർട്ട് വെയറബിൾസ് കമ്പനിയായ ഗോബോൾട്ട് (GoBoult) 2027 പകുതിയോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഇതിനായുള്ള കരട് രേഖകൾ 2026 ഒക്ടോബർ-നവംബർ മാസങ്ങളിൽ സെബിക്ക് (SEBI) സമർപ്പിക്കുമെന്ന് സഹസ്ഥാപകൻ വരുൺ ഗുപ്ത അറിയിച്ചു. സാമ്പത്തികമായി മികച്ച നിലയിലാണ് കമ്പനി ഇപ്പോൾ. കഴിഞ്ഞ വർഷം ലാഭത്തിൽ പത്തിരട്ടി വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ സാമ്പത്തിക വർഷം 1000 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐപിഒക്ക് മുന്നോടിയായി ‘ബോൾട്ട്’ (Boult) എന്ന പേര് മാറ്റി ‘ഗോബോൾട്ട്’ എന്നാക്കിയിരുന്നു. കൂടുതൽ വിലകൂടിയ പ്രീമിയം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് വരുമാനം കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. ഇപ്പോൾ വരുമാനത്തിന്റെ ഭൂരിഭാഗവും ഓൺലൈൻ വഴിയാണ് ലഭിക്കുന്നത്. എന്നാൽ ഓൺലൈൻ വിപണിയിലെ വളർച്ച കുറയുന്ന പ്രവണത കാണിക്കുന്നതിനാൽ, ഓഫ്‌ലൈൻ കടകൾ വഴി കൂടുതൽ വിൽപ്പന നടത്താനുള്ള നീക്കങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
എതിരാളികളായ ബോട്ട് (boAt), നോയ്സ് (Noise) തുടങ്ങിയ കമ്പനികൾ കാർ ഡാഷ്ക്യാമുകളും ചാർജറുകളും ഇറക്കി പുതിയ മേഖലകളിലേക്ക് തിരിയുമ്പോൾ, ഗോബോൾട്ട് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാതെ, നിലവിലുള്ള ഓഡിയോ ഉൽപ്പന്നങ്ങളിലും സ്മാർട്ട് വാച്ചുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള ബ്രാൻഡായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.