ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് (Infosys), പ്രോപ്പർട്ടി-കാഷ്വാലിറ്റി ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ടെക് കമ്പനിയായ സ്ട്രാറ്റസിനെ (Stratus) 95 മില്യൺ ഡോളറിന് ഏറ്റെടുത്തു. ഇൻഷുറൻസ് മേഖലയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ, കൺസൾട്ടിംഗ് സേവനങ്ങൾ നൽകുന്ന സ്ട്രാറ്റസിനെ സ്വന്തമാക്കുന്നതിലൂടെ ഈ രംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്നതാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്.
അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി 450-ലധികം ജീവനക്കാരുള്ള കമ്പനിയാണ് സ്ട്രാറ്റസ്. ഇൻഷുറൻസ് കമ്പനികൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ, ക്ലൗഡ് മൈഗ്രേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്നതിൽ ഇവർക്ക് വലിയ വൈദഗ്ധ്യമുണ്ട്. ഇതിനുപുറമെ പോളിസികളും ക്ലെയിമുകളും കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗൈഡ്‌വയർ സോഫ്റ്റ്‌വെയറിന്റെ (Guidewire Software) പ്രധാന പങ്കാളി കൂടിയാണ് ഈ കമ്പനി.
സ്ട്രാറ്റസിന്റെ ഇൻഷുറൻസ് മേഖലയിലെ പ്രായോഗിക പരിജ്ഞാനവും ഇൻഫോസിസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സംവിധാനങ്ങളും ഒന്നിക്കുന്നതോടെ വലിയ മാറ്റങ്ങളാകും ഈ രംഗത്തുണ്ടാകുക. ലോകമെമ്പാടുമുള്ള ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനങ്ങൾ കൂടുതൽ നൂതനമാക്കാനും, എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമത വർദ്ധിപ്പിച്ച് മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കാനും ഈ പുതിയ ചുവടുവെപ്പിലൂടെ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.