S1379-01

ജിയോഹോട്ട്സ്റ്റാറിൽ ഇനി ചാറ്റ്ജിപിടി; ഓപ്പൺഎഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

റിലയൻസിന്റെയും ഡിസ്നിയുടെയും സംയുക്ത സംരംഭമായ ‘ജിയോഹോട്ട്സ്റ്റാർ’ (JioHotstar), തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ചാറ്റ്ജിപിടിയുടെ (ChatGPT) സേവനം ലഭ്യമാക്കുന്നതിനായി ഓപ്പൺഎഐയുമായി (OpenAI) പങ്കാളിത്തം പ്രഖ്യാപിച്ചു. ‘മൾട്ടി-ലിംഗ്വൽ കോഗ്നിറ്റീവ് സെർച്ച്’ എന്ന പുതിയ ഫീച്ചറാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഇതോടെ പരമ്പരാഗത രീതിയിൽ പേര് ടൈപ്പ് ചെയ്ത് സിനിമകളും ഷോകളും തിരയുന്നതിന് പകരം, സ്വന്തം ഭാഷയിൽ സംസാരിച്ചും മെസ്സേജ് അയച്ചും ഉള്ളടക്കങ്ങൾ കണ്ടെത്താനാകും.

ഉപയോക്താക്കൾക്ക് അവരുടെ താല്പര്യവും മാനസികാവസ്ഥയും (Mood) എഐയോട് പറഞ്ഞാൽ, അതിനനുസരിച്ചുള്ള മികച്ച സിനിമകളും പ്രോഗ്രാമുകളും ഈ സംവിധാനം വേഗത്തിൽ നിർദ്ദേശിക്കും. എന്ത് കാണണം എന്ന പ്രേക്ഷകരുടെ സ്ഥിരം ആശയക്കുഴപ്പത്തിന് പരിഹാരം കാണുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിനോദ പരിപാടികൾക്ക് പുറമെ, ലൈവ് സ്പോർട്സ് മത്സരങ്ങൾക്കിടയിലെ സ്കോറുകൾ, പ്രധാന നിമിഷങ്ങൾ തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിയാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

ജിയോഹോട്ട്സ്റ്റാർ ആപ്പിന് പുറമെ, ചാറ്റ്ജിപിടി ആപ്പിലും ഈ സേവനം ലഭ്യമാകും എന്നതാണ് മറ്റൊരു സവിശേഷത. ചാറ്റ്ജിപിടിയിൽ മികച്ച സിനിമകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെടുന്നവർക്ക്, ജിയോഹോട്ട്സ്റ്റാറിലെ സ്ട്രീമിംഗ് ലിങ്കുകൾ നേരിട്ട് നൽകാൻ ഇതിലൂടെ സാധിക്കും. പ്രതിമാസം 450 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോഹോട്ട്സ്റ്റാർ, എഐയുടെ സഹായത്തോടെ പ്രേക്ഷകർക്ക് തികച്ചും വ്യക്തിഗതമായ ഒരു പുതിയ വിനോദാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Category

Author

:

Gayathri

Date

:

ഫെബ്രുവരി 23, 2026

Share

:

Join our WhatsApp Group for more updates!

Recent Posts