സൊമാറ്റോയ്ക്ക് പിന്നാലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ചു. ഒരു ഓർഡറിന് ഈടാക്കിയിരുന്ന 14.99 രൂപയിൽ നിന്ന് 17.58 രൂപയായാണ് ഫീസ് ഉയർത്തിയത്. പ്ലാറ്റ്‌ഫോമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് ഈ നിരക്ക് വർദ്ധനവെന്ന് സ്വിഗ്ഗി ഉപഭോക്താക്കളെ അറിയിച്ചു.
ഇൻസ്റ്റാമാർട്ട് അടക്കമുള്ള ക്വിക്ക് കോമേഴ്‌സ് സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വലിയ സാമ്പത്തിക ചെലവുകൾ നേരിടാൻ ഈ തീരുമാനം കമ്പനിയെ സഹായിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്നുള്ള പാചകവാതക ക്ഷാമവും, ഉപഭോക്താക്കളുടെ ചിലവാക്കൽ കുറഞ്ഞതും വിപണിയെ ബാധിക്കുന്ന സമയത്താണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ തുടർച്ചയായി നിരക്കുകൾ ഉയർത്തുന്നത്.
സ്വിഗ്ഗിയുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും ലാഭം വർദ്ധിപ്പിക്കാനും ഈ ഫീസ് വർദ്ധനവ് ഗുണം ചെയ്യും. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കമ്പനിയുടെ വരുമാനം 6,148 കോടി രൂപയായി ഉയർന്നുവെങ്കിലും, മൊത്തം നഷ്ടം 33 ശതമാനം വർധിച്ച് 1,065 കോടി രൂപയിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നത് കമ്പനിയുടെ പ്രധാന ലക്ഷ്യമാണ്.