പ്രമുഖ നിക്ഷേപ പ്ലാറ്റ്‌ഫോമായ സെറോദ തങ്ങളുടെ ‘കോയിൻ’ (Coin) ആപ്പിലൂടെ ഉപഭോക്താക്കൾക്കായി ഫിക്സഡ് ഡെപ്പോസിറ്റ് (FD) സൗകര്യം അവതരിപ്പിച്ചു. സൂര്യോദയ്, ഉത്കർഷ്, യൂണിറ്റി തുടങ്ങിയ സ്‌മോൾ ഫിനാൻസ് ബാങ്കുകളുമായി സഹകരിച്ചാണ് സെറോദ ഈ പുതിയ സേവനം ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് യാതൊരു അധിക നിരക്കുകളും നൽകാൻ ബാധ്യതയില്ലാതെ തന്നെ ഈ പ്ലാറ്റ്‌ഫോമിലൂടെ എഫ്ഡിയിൽ നിക്ഷേപിക്കാൻ സാധിക്കും.
വലിയ കമ്മീഷൻ ലാഭം ലക്ഷ്യമിടുന്നതിലുപരി, ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകി അവരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തന്നെ നിലനിർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ട്രാക്ക് ചെയ്യുന്ന അതേ ആപ്പിൽ തന്നെ ബാങ്ക് നിക്ഷേപങ്ങളും ഒറ്റയിടത്ത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും. സുരക്ഷിതമായ നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവരെക്കൂടി ആകർഷിച്ച് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കാനാണ് സെറോദ ശ്രമിക്കുന്നത്.
2017 ഏപ്രിലിൽ ഒരു ഡയറക്ട് മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമായാണ് സെറോദ കോയിൻ ആരംഭിച്ചത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷം (FY25) സെറോദയുടെ വരുമാനത്തിൽ 11.5 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ആകെ വരുമാനം 8,847 കോടി രൂപയായി കുറഞ്ഞെങ്കിലും, ഈ കാലയളവിൽ 4,237 കോടി രൂപയുടെ മികച്ച ലാഭം നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.