അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ വിൽപ്പന ഇരട്ടിയാക്കാനുള്ള ലക്ഷ്യത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (ആർഐഎൽ) റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ.
ഓൺലൈനിലും ഓഫ്‌ലൈനിലും ഗ്രോസറീസ്, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, മേക്കപ്പ് പ്രൊഡക്ട്സ്, ചെരുപ്പുകൾ, ഭക്ഷണം, ആഭരണങ്ങൾ, ലൈഫ് സ്റ്റൈൽ ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ പ്രവർത്തിക്കുന്നു.
25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, റിലയൻസ് റീട്ടെയിലിൻ്റെ വരുമാനം 6.6% യും വാർഷികാടിസ്ഥാനത്തിൽ 66,260 കോടി രൂപയായും ഉയർന്നിരുന്നു.
ഗ്രോസറികളും ഇലക്ട്രോണിക്‌സും വളർച്ചയുടെ പ്രധാന മേഖലകളാണെങ്കിലും റിലയൻസ് റീട്ടെയിൽ ഫാഷനിലും ലൈഫ് സ്റ്റൈലിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂസ്റ്റാ, അസോർട്ടെ, ഗ്യാപ് എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ വിപുലീകരിച്ച് കമ്പനി റീട്ടെയിൽ വിഭാഗത്തിൽ കൂടുതൽ മാറ്റങ്ങൾക്ക് തയ്യാറായി.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന റീട്ടെയിൽ ബിസിനസിലെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനി അതിൻ്റെ സ്റ്റോറുകളുടെ എണ്ണവും ഡിജിറ്റൽ സാന്നിധ്യവും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിലയൻസ് റീട്ടെയിൽ ഫാഷൻ & ലൈഫ്‌സ്റ്റൈലിൻ്റെ പ്രസിഡൻ്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.
ഈ വർഷമാദ്യം, റിലയൻസ് റീട്ടെയിൽ യുകെ ആസ്ഥാനമായുള്ള ഫാസ്റ്റ് ഫാഷൻ റീട്ടെയ്‌ലറായ ASOS-മായി ലൈസൻസിംഗ് കരാറിൽ ഒപ്പുവെച്ചിരുന്നു.