സമയക്കുറവുള്ളപ്പോൾ പെട്ടന്ന് എന്തെങ്കിലും കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ ഓടിപ്പോയി ഒരു മാഗി എടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാൽ ഭക്ഷണം റെഡി. അതാണ് നെസ്‌ലെ മാഗിയുടെ വിജയവും. വിപ്ലവകരമായ മാർക്കറ്റിംഗിലൂടെ അടിമുടി മാറിയ കഥയാണ് മാഗിയുടേത്.
1983-ൽ, ഇൻസ്റ്റന്റ് നൂഡിൽസ് ഇന്ത്യയിലെ പാചകശൈലിക്ക് വളരെ അന്യമായിരുന്നു. ആ സമയത്ത് ഗവേഷണത്തിലൂടെ നെസ്‌ലെ സമയക്കുറവുള്ള അമ്മമാർക്ക് ഭക്ഷണം നിഷ്പ്രയാസസം തയ്യാറാക്കാനുള്ള മാർഗവുമായി എത്തി. അതാണ് 2 മിനിറ്റ് നൂഡിൽസ്. തയ്യാറാക്കാൻ വളരെ എളുപ്പം. അമ്മമാർക്ക് സമയലാഭവും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയും. മാഗി ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിച്ചു.
ടിവി, റേഡിയോ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, പുറത്തുള്ള പരസ്യം എന്നിവയിലൂടെയുള്ള സമഗ്രമായ മാർക്കറ്റിംഗ് ശ്രമങ്ങൾ മാഗിയെ ഇന്ത്യൻ വീടുകളിലെ ഒരംഗമാക്കി മാറ്റി. “2 മിനിറ്റ് നൂഡിൽസ്” ജിൻഗിൾ മാഗിയെ ഒട്ടുമിക്കവർക്കും സുപരിചിതമാക്കി.
മാഗിയുടെ സാന്നിധ്യം ഇന്ത്യയിലാകെ ഉറപ്പുവരുത്താൻ നെസ്ലെ ശക്തമായ സപ്ലൈ ചെയിൻ സംവിധാനം ഉണ്ടാക്കി. ചെറുകിട വരുമാനമുള്ള കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനായി 5 രൂപയുടെ “ചോട്ടു മാഗി”പോലുള്ള പാക്കുകൾ കൊണ്ടുവന്നു. 2000-കളുടെ മധ്യത്തിൽ, ചെറിയ കടകളുമായി പങ്കാളിത്തം സ്ഥാപിച്ച് പ്രൊജക്റ്റ് ശക്തി വഴി ഗ്രാമീണ വിപണിയിലും മാഗി വ്യാപിച്ചു.
“We Miss You Too” കാമ്പയിൻ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും ശ്കതമായ രണ്ടാം കാമ്പയിനിലൂടെ ഉപഭോക്താക്കളുമായുള്ള സ്നേഹബന്ധം കൊണ്ടുവരാൻ ശ്രമിച്ച് നെസ്‌ലെ പിന്നെയും വിജയിച്ചു. ഈ സോഷ്യൽ മീഡിയ, പരസ്യ പ്രചാരണം ഉപഭോക്താക്കളിൽ മാഗിയുടെ പ്രിയം ഉയർത്തി, ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി.
937 കോടി രൂപയുടെ ഇൻസ്റ്റന്റ് നൂഡിൽസ് വിപണി അവർ ഇന്ത്യയിൽ സൃഷ്ടിച്ചു. ഇന്നും 60% വിപണി പങ്കാളിത്തത്തോടെ ഉയർന്ന നിലയിൽ തന്നെ മാറ്റമില്ലാതെ യാത്ര തുടരുന്നു.