മെൻസ് ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ശന്തനു ദേശ്പാണ്ഡെ ഇന്ത്യയുടെ ക്വിക്ക് കോമേഴ്സ് കോമേഴ്സ് ഡെലിവെറി മേഖലയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.
ശീതീകരിച്ച് വെച്ചതും പഴകിയതുമായ ഭക്ഷണങ്ങൾ 2 മിനിറ്റ് കൊണ്ട് ചൂടാക്കി, അലങ്കരിച്ച്, 8 മിനിറ്റ് കൊണ്ട് ഉപയോക്താക്കളുടെ അടുത്തെത്തിക്കുന്ന രീതി ഇന്ത്യയിലെ ഏറ്റവും വലിയ പകർച്ചവ്യധിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്വിക് ഡെലിവെറിയിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന പ്രോസസ് ചെയ്തതും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് ശന്തനു ദേശ്പാണ്ഡെ ലിങ്ക്ടിനിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടി.
പാം ഓയിലും ഷുഗറും കൂടുതലായി ഉപയോഗിച്ച് കൂടുതലായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ക്വിക് ഡെലിവെറിയിലൂടെ നൽകുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ പോഷകാഹാര ലഭ്യതക്കുറവിനും ആരോഗ്യപ്രശ്ങ്ങൾക്കും കാരണമാകുമെന്നും ജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷണങ്ങൾ ക്വിക്ക് ഡെലിവറി പ്ലാറ്റ്ഫോമുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ജങ്ക് ഫുഡ് ആസക്തിയിലൂടെ 49 രൂപയുടെ പിസ്സയും 20 രൂപ എനർജി ഡ്രിങ്കുകളും 30 രൂപയുടെ ബർഗറുകളും കഴിക്കുന്നതിലൂടെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന പ്രവണതയിലേക്കും ചൈനയുടെയും അമേരിക്കയുടെയും പാതയിലൂടെ ഇന്ത്യ പോകുന്നതിന്റെ സൂചനയാണിതെന്നും ദേശ്പാണ്ഡെ തൻ്റെ പോസ്റ്റിൽ പറഞ്ഞു. അദ്ദേഹം നിക്ഷേപകരോടും സ്ഥാപകരോടും ഈ പ്രശ്നത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.