സ്ലൈഡ്ഷെയറിൻ്റെ സഹസ്ഥാപകരായ അമിത് രഞ്ജൻ, ജോനാഥൻ ബൗട്ടെല്ലെ, രശ്മി സിൻഹ എന്നിവർ ചേർന്ന് എഐ ഫോക്കസ്ഡ് സോഷ്യൽ ഡോക്യുമെൻ്റ് ഷെയറിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു. ജോൺഡ് (Jaunt) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം സ്ലൈഡ് ഷെയറിന് (SlideShare) – സമാനമായാണ് പ്രവർത്തിക്കുന്നത്.
ഉപയോക്താക്കൾക്ക് ഫയലുകൾ അപ്ലോഡ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും ക്രിയേറ്റേഴ്സിനെ പിന്തുടരാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കുന്നു. ബിസിനസ്സ്, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുടനീളമുള്ള കണ്ടന്റുകളുള്ള ഒരു ഫീഡ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
മറ്റുള്ളവർ ഉപേക്ഷിച്ചുപോയ സ്ഥലത്തേക്ക് ഞങ്ങൾ മടങ്ങുകയാണ്. വീഡിയോകൾ, ഫോട്ടോകൾ, പോഡ്കാസ്റ്റുകൾ, റീലുകൾ, ഷോർട്ട്സ്, സ്പെയ്സുകൾ എന്നിവ പോലുള്ള ഫോർമാറ്റുകൾ ഓരോ ദിവസവും പുതിയ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുമ്പോൾ ഡോക്യൂമെന്റുകൾ ഇപ്പോഴും പഴയ സ്ഥാനത്ത് തന്നെയാണ്. ഞങ്ങളുടെ കഴിവുകൾക്കും താൽപ്പര്യങ്ങൾക്കും സ്വഭാവത്തിനും അനുസരിച്ച് ഈ സാഹചര്യത്തിന് ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ് എന്ന് ലിങ്ക്ഡ് ഇൻ പോസ്റ്റിൽ രഞ്ജൻ കുറിച്ചു.
ജോൺ വിൽസൺ, രഞ്ജൻ, ബൗട്ടെല്ലെ, സിൻഹ എന്നിവർ ചേർന്ന് 2006-ൽ സ്ഥാപിച്ച സ്ലൈഡ്ഷെയർ 2012-ൽ ലിങ്ക്ഡ്ഇൻ ഏറ്റെടുത്തു, പിന്നീട് 2020-ൽ യുഎസ് ആസ്ഥാനമായുള്ള ഇ-ബുക്ക്, ഓഡിയോബുക്ക് പ്ലാറ്റ്ഫോമായ സ്ക്രൈബ്ഡ് (Scribd) ലിങ്ക്ഡ്ഇനിൽ നിന്ന് സ്ലൈഡ് ഷെയർ വാങ്ങി.