സ്റ്റാർട്ടപ്പുകൾക്ക് മുന്നിൽ ഫണ്ട് കണ്ടെത്താനുള്ള ആറ് മാർഗ്ഗങ്ങൾ..
ഫണ്ട് റെയ്‌സിംഗ് സ്റ്റാർട്ടപ്പ് എന്നത് ഒരു സംരംഭത്തിന് പ്രവർത്തനം, വളർച്ച, വികസനം എന്നിവ സാധ്യമാക്കുന്നതിന് വേണ്ടി മൂലധനം സമാഹരിക്കുന്ന ഘട്ടത്തിലുള്ള ഒരു സ്റ്റാർട്ടപ്പ് ആണ്. ഇതുവരെ ലാഭം ലഭിച്ചിട്ടില്ലാത്ത അല്ലെങ്കിൽ പെട്ടെന്നുള്ള വളർച്ച ലക്ഷ്യം വെക്കുന്ന സ്റ്റാർട്ടപ്പുകളുടെ വളർച്ചയിലേക്കുള്ള ഒരു പ്രധാന ഘട്ടമാണിത്.
വിവിധ ഘട്ടങ്ങളിലായി ഒരു സ്റ്റാർട്ട്അപ്പ് പലതരത്തിലുള്ള ഫണ്ട് സമാഹരണം ഉപയോഗപ്പെടുത്താറുണ്ട്. അവ…
- സുഹൃത്തുക്കളും കുടുംബാംഗങ്ങളും
ഒരു സംരംഭകൻ സ്റ്റാർട്ടപ്പിന്റെ ആദ്യത്തെ ഫണ്ട് കണ്ടെത്തുന്നത് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പരിചയക്കാർ എന്നിവർ ഉൾപ്പെടുന്ന പേഴ്സണൽ ബന്ധങ്ങളിൽ നിന്നാണ്. സ്റ്റാര്‍ട്ടപ്പിന്റെ തുടക്കകാലത്ത് ഉപയോഗപ്പെടുത്തുന്ന ഈ ഫണ്ടുകൾ താരതമ്യേന ചെറുതായിരിക്കും.
- സീഡ് ഫണ്ടിംഗ്
സീഡ് ഫണ്ടിംഗ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആദ്യത്തെ ഔദ്യോഗിക ഇക്വിറ്റി ഫണ്ടിംഗ് ഘട്ടത്തെയാണ്. സംരംഭത്തിന്റെ ആശയത്തെ വെളിപ്പെടുത്താനും ഉൽപ്പന്നം അല്ലെങ്കിൽ സേവനം കൂടുതൽ വികസിപ്പിക്കുന്നതിനും മാർക്കറ്റിനെ കുറിച്ച് പഠിക്കാനും വേണ്ടി സമാഹരിക്കുന്ന ആദ്യഘട്ടത്തിലെ മൂലധനം ആണിത്. ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്, ഇന്‍ക്യുബേറ്റേഴ്‌സ്, ആദ്യഘട്ട നിക്ഷേപങ്ങളില്‍ താല്‍പര്യമുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സീഡ് ഫണ്ടിംഗിന്റെ ഭാഗമാകാം.
- ഏഞ്ചല്‍ ഫണ്ട്
ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളാണ്. ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് അല്ലെങ്കിൽ സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇവർ അതിനു പകരമായി സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം ഉള്ള ഓഹരികൾ കൈവശപ്പെടുത്തുന്നു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യത്തെ നിക്ഷേപകര്‍ അയ ഏഞ്ചല്‍ ഇന്‍ വെസ്റ്റേഴ്‌സ്, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫണ്ടിംഗ് ഘട്ടം കഴിഞ്ഞ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനികള്‍ എത്തുന്നതിനു മുന്‍പാണ് ഇവരുടെ ഫണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൽകുന്നത്.
- വി.സി ഫണ്ട്/ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട്
ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായമാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ (വി.സി). സ്റ്റാര്‍ട്ടപ്പുകളിലും ലാഭസാധ്യതയുള്ള കമ്പനികളിലും നിക്ഷേപിക്കുന്ന ഫണ്ടുകള്‍ സമാഹരിച്ച് കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങളെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ് എന്ന് വിളിക്കുന്നത്. വളരെ വലിയ വി.സി ഫണ്ടിംഗ്, വേഗത്തില്‍ സംരംഭം വളര്‍ത്താനാണ് ഉപയോഗപ്പെടുത്തുന്നത്.
- പ്രൈവറ്റ് ഇക്വിറ്റി
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് പബ്ലിക് ട്രേഡിംഗ് നടത്താത്ത കമ്പനികളിലെ നിഷേപങ്ങളാണ്. സാധാരണയായി പ്രൈവറ്റ് ഇക്വിറ്റി ഉപയോഗപ്പെടുത്തുന്നത് സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നേടിയ സംരംഭങ്ങളാണ്. ഏറെ വലിയ ഈ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തുന്നത് ബിസിനസിൻ്റെ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും പുതിയ വിപണികളില്‍ കടന്നുചെല്ലാനും മറ്റ് ബിസിനസുകള്‍ ഏറ്റെടുക്കാനും മറ്റുമാണ്.
- ഐ.പി.ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)
ഒരു കമ്പനി പൊതുജനങ്ങള്‍ക്കായി പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ആദ്യ ഓഹരി വില്‍പ്പനയിലൂടെ (ഐ.പി.ഒ) സാധാരണ നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിക്കാൻ സഹായിക്കും. പബ്ലിക് ഇഷ്യു നടത്തുന്നത് ഒരു സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചുവടുവയ്പാണ്. ബിസിനസിന്റെ വലിപ്പവും മാര്‍ക്കറ്റ് ഷെയറും വളരെയേറെ വര്‍ദ്ധിച്ചു എന്നതിന്റെ സൂചനയാണിത്.
ഓരോ തരം ഫണ്ട് സമാഹരണത്തിനും ഉള്ള ഗുണങ്ങൾ, വെല്ലുവിളികൾ, ആവശ്യങ്ങൾ എന്നിവയോടൊപ്പം തന്നെ ഏത് തരം ഫണ്ട് വേണമെന്ന് തീരുമാനിക്കേണ്ടത് സ്റ്റാര്‍ട്ടപ്പിന്റെ വലിപ്പവും ബിസിനസ് നടത്തുന്ന മേഖലയും അടിസ്ഥാനമാക്കിയാണ്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയുടെ ഏത് ഘട്ടത്തിലാണ്, എന്തൊക്കെയാണ് ഭാവിയില്‍ ലക്ഷ്യമിടുന്നത് എന്നതും ഫണ്ട് സമാഹരണത്തില്‍ പ്രധാനമാണ്.