ശാരീരിക പ്രശ്ങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനും ആരോഗ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ജനങ്ങൾ ചാറ്റ് ജിപിറ്റി, ഗൂഗിൾ ജെമിനി പോലുള്ള ജനറേറ്റീവ് AI ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കാറുണ്ട്. ചിലർ രോഗങ്ങളേക്കുറിച്ച് അറിയാൻ AI അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ വരെ ഉപയോഗിക്കാറുണ്ട്. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ ആയ എക്‌സിൽ ഉപയോക്താക്കളോട് അവരുടെ എക്സറേ, എംആർഐ, പെറ്റ് സ്കാൻ ഫലങ്ങൾ എന്നിവ ഗ്രോക്ക് (Grok) എന്ന AI ചാറ്റ്‌ബോട്ടിൽ അപ്‌ലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഉപയോക്താക്കളുടെ ചർച്ചകൾ നടന്നു.
മെഡിക്കൽ ഡാറ്റ ഒരു പ്രത്യേക സംരക്ഷിത വിഭാഗമാണ്, ഫെഡറൽ നിയമപ്രകാരം പ്രധാനമായും നിങ്ങളുടെ സമ്മതത്തിലൂടെയാണ് ഇത് കൈമാറാൻ സാധിക്കുക. ജനങ്ങളുടെ മെഡിക്കൽ വിവരങ്ങൾ എ ഐ ചാറ്റ് ബോട്ടിലേക്ക് ഇടുന്നത് ഒട്ടും സുരക്ഷിതമായ കാര്യമല്ല. ഈ സ്വകാര്യഡാറ്റകൾ, AI മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എ ഐ ക്ക് കൈമാറുന്നത് പ്രൈവസിയെ ബാധിക്കാൻ കാരണമാകും.
എ ഐ മോഡലുകൾ അപ്‌ലോഡ് ചെയ്ത ഡാറ്റയുടെ അടിസ്ഥാനത്തിൽ പരിശീലനവും മെച്ചപ്പെടുത്തലുകളും നടത്താറുണ്ട്. എന്നാൽ, ആ ഡാറ്റ എന്ത് ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നു, ആരുമായി പങ്കിടുന്നു എന്നതിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഒരാൾ എ ഐ ൽ അപ്ലോഡ് ചെയ്ത ഡാറ്റാകൾക്ക് ഒരു സംരക്ഷണമൊന്നും ഉണ്ടാകില്ല. ആളുകളുടെ സ്വകാര്യ മെഡിക്കൽ രേഖകൾ പോലും AI പരിശീലന ഡാറ്റസെറ്റുകളിൽ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത് ആർക്കും കണ്ടെത്താനാകും.
എക്സ് ഉടമ എലോൺ മസ്‌ക് ഗ്രോക്കിലേക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഗ്രോക്ക് ഇപ്പോഴും ആദ്യഘട്ടത്തിലാണെന്നും ഉടനെ മികച്ചതായി പുറത്തുവരുമെന്നും പറഞ്ഞു. Grok-ൽ ഡാറ്റ സംഭരിക്കുന്നതിലൂടെ, AI മോഡൽ മെച്ചപ്പെടുത്തുകയും അതിലൂടെ മെഡിക്കൽ സ്കാനുകൾ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാൻ സാധിക്കുമെന്നുമാണ് ഉദ്ദേശിക്കുന്നത്.
ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത ഒരു ഡാറ്റയും പൂർണ്ണമായും ഇല്ലാതാകില്ലെന്ന വസ്തുത ഓർക്കുക.