പ്രതിരോധ സാങ്കേതികവിദ്യയിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ നാവികസേനയ്ക്കായി സങ്കീർണ്ണമായ തദ്ദേശീയ ആയുധ പരിശോധനാ സംവിധാനം വിജയകരമായി വികസിപ്പിച്ചെടുത്ത് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഐഗോൺ മൊബിലിറ്റി’ (Igon Mobility) എന്ന സ്റ്റാർട്ടപ്പ്. നാവികസേനയുടെ സജീവ ആയുധ സംവിധാനങ്ങളുടെ കൃത്യത അളക്കുന്നതിനുള്ള ‘പ്രിസിഷൻ മെഷർമെന്റ് ഇൻസ്ട്രുമെന്റ്’ (Precision Measurement Instrument) ആണ് കമ്പനി, STC എൻജിനിയറിങ്ങിന്റെ പങ്കാളിത്തത്തോടെ, പൂർണ്ണമായും ആഭ്യന്തര സാങ്കേതികവിദ്യയിൽ നിർമ്മിച്ചെടുത്തത്. പ്രതിരോധ വ്യവസായ രംഗത്ത് തന്നെ തികച്ചും പുതുമയേറിയ ഈ അത്യാധുനിക ഉപകരണം, ഗുണനിലവാര പരിശോധനകൾക്ക് ശേഷം കൊച്ചിയിലെ നാവൽ അർമാമെന്റ് ഇൻസ്പെക്ടറേറ്റ് (NAI) ഔദ്യോഗികമായി സർട്ടിഫൈ ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്വകാര്യ ചെറുകിട സ്റ്റാർട്ടപ്പ് ഈ സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിക്കുന്നത്.
2017-ൽ ഐ.ഇ.ഡി.സി (IEDC) ശൃംഖലയിലൂടെ ഒന്നിച്ച ഒരു കൂട്ടം യുവ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ആശയങ്ങളിൽ നിന്നാണ് ഈ സ്റ്റാർട്ടപ്പിന്റെ തുടക്കം. തുടർന്ന് 2022-ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ഐഗോൺ മൊബിലിറ്റി, ആദ്യഘട്ടത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾ, സ്വയംനിയന്ത്രിത ഡെലിവറി റോബോട്ടുകൾ എന്നിവയുടെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രതിരോധ സാങ്കേതികവിദ്യാ രംഗത്തെ വമ്പൻ ആഗോള കമ്പനികളുടെ കടുത്ത മത്സരത്തെയും പ്രതിസന്ധികളെയും അതിജീവിച്ച്, വെല്ലുവിളികൾ നിറഞ്ഞ പ്രയാണത്തിലൂടെയാണ് ഐഗോൺ മൊബിലിറ്റി ഈ ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ചത്. മറ്റ് പ്രമുഖ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കുമായി നൂതന പ്രോട്ടോടൈപ്പുകളും ഹാർഡ്വെയർ പ്രോജക്റ്റുകളും നിർമ്മിച്ച് നൽകിയതിലൂടെ കൈവരിച്ച സാങ്കേതിക വൈദഗ്ധ്യമാണ് പ്രതിരോധ മേഖലയിലെ ഈ സങ്കീർണ്ണ ദൗത്യം ഏറ്റെടുക്കാൻ കമ്പനിക്ക് കരുത്തായത്.
പ്രതിരോധ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളും എൻ.ഡി.എ (NDA) കരാറുകളും നിലനിൽക്കുന്നതിനാൽ ഉപകരണത്തിന്റെ കൂടുതൽ സാങ്കേതിക വിവരങ്ങൾ പുറത്തുവിടാൻ കമ്പനി തയ്യാറായിട്ടില്ല. നാവികസേനയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് വലിയ വിപണി സാധ്യതകളാണ് ഈ മലയാളി സ്റ്റാർട്ടപ്പിന് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നത്. പ്രതിരോധ സാങ്കേതികവിദ്യാ രംഗത്തെ വമ്പൻ കമ്പനികളുടെ കടുത്ത മത്സരത്തെ അതിജീവിച്ച്, തൃശ്ശൂരിലെ ഒരു ചെറിയ ലാബിൽ നിന്ന് ഇന്ത്യൻ പ്രതിരോധ വ്യൂഹത്തിന്റെ ഭാഗമായി മാറിയ ഐഗോൺ മൊബിലിറ്റി, നിലവിൽ നാവികസേനയ്ക്കായി അടുത്ത അത്യാധുനിക സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ്.
കൂടുതൽ വിവരങ്ങൾക്ക് : www.igonmobility.com