വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ മൊബൈൽ പേയ്മെന്റ് സേവനമായ ‘ആപ്പിൾ പേ’ (Apple Pay) ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് സ്റ്റോറുകളിലും ഓൺലൈനിലും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താൻ ഈ സേവനം പുതിയ വഴി തുറക്കുന്നു. തുടക്കത്തിൽ ആക്സിസ് ബാങ്കിന്റെ വീസ (Visa), മാസ്റ്റർകാർഡ് (Mastercard) ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് ഇതിൽ പിന്തുണയ്ക്കുന്നത്. യുപിഐ (UPI), റൂപേ (RuPay) കാർഡുകൾ നിലവിൽ ഇതിൽ ലഭ്യമല്ല.
പേയു (PayU), റേസർപേ, പൈൻ ലാബ്‌സ്, പേടിഎം തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാണ് ഇന്ത്യയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇത് സോമാറ്റോ, ബ്ലിങ്കിറ്റ്, ക്രോമ, റിലയൻസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ലക്ഷക്കണക്കിന് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ആപ്പിൾ പേ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആപ്പിൾ വാലറ്റിൽ കാർഡുകൾ എളുപ്പത്തിൽ ലിങ്ക് ചെയ്ത് ഷോപ്പിംഗ് നടത്താമെന്നതും സാധാരണ റിവാർഡുകളും ക്യാഷ്ബാക്കുകളും ഉപയോക്താക്കൾക്ക് തുടർന്നും ലഭിക്കുമെന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.
സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ആപ്പിൾ പേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യഥാർത്ഥ കാർഡ് നമ്പറുകൾ ഉപയോക്താവിന്റെ ഡിവൈസിലോ ആപ്പിൾ സെർവറുകളിലോ സൂക്ഷിക്കുകയോ വ്യാപാരികളുമായി പങ്കിടുകയോ ചെയ്യുന്നില്ല. പകരം, ഡിവൈസിലെ സുരക്ഷിത ചിപ്പിൽ സൂക്ഷിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത അക്കൗണ്ട് നമ്പറും ഫേസ് ഐഡി (Face ID) അല്ലെങ്കിൽ ടച്ച് ഐഡി (Touch ID) വഴിയുള്ള സുരക്ഷിത പരിശോധനയും വഴിയാണ് ഓരോ ഇടപാടും പൂർത്തിയാക്കുന്നത്.