നെഗറ്റീവ് പലിശയിൽ നിന്ന് പുറത്തേക്ക്..17 വര്‍ഷത്തിന് ശേഷം പലിശനിരക്ക് വർദ്ധിപ്പിച്ച് ജപ്പാൻ

പൂജ്യത്തിന് താഴെ പലിശനിരക്കുള്ള ഏക രാജ്യമായിരുന്നു ജപ്പാന്‍

നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് ജപ്പാന്‍ അടിസ്ഥാന പലിശനിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതോടെ, 2016 മുതല്‍ നിലനിന്ന നെഗറ്റീവ് പലിശനിരക്കില്‍ നിന്ന് ജപ്പാന്‍ പുറത്തുകടന്നു.ലോകത്ത് പൂജ്യത്തിനും താഴെ പലിശനിരക്ക് ഉണ്ടായിരുന്ന ജപ്പാൻ ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി ആണ്.

നെഗറ്റീവ് 0.1 ശതമാനം മുതല്‍ പൂജ്യം വരെയായിരുന്ന അടിസ്ഥാന പലിശനിരക്ക് പണപ്പെരുപ്പം വഴി രണ്ട് ശതമാനത്തിലേക്ക് എത്തിക്കുമെന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ പൂജ്യം മുതല്‍ പോസിറ്റീവ് 0.1 ശതമാനത്തിലേക്കാണ് ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ (BoJ) പലിശ നിരക്കിനെ ഉയര്‍ത്തിയത്.

അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധിച്ചതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടുമെങ്കിലും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി, ഭവനവായ്പ, പുതുക്കിയ പലിശനിരക്ക് എന്നിവയെ ഇത് സാരമായി ബാധിക്കില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിനുമുമ്പ് ജപ്പാന്‍ പലിശനിരക്ക് വർദ്ധിപ്പിച്ചത് 2007ലായിരുന്നു.
ഏറെക്കാലമായി പണച്ചുരുക്കത്തിന്റെ (Deflation) പിടിയിലായിരുന്ന ജപ്പാന്‍ ഇപ്പോൾ പതിയെ കരകയറുകയാണ്. പണപ്പെരുപ്പം പൂജ്യത്തിനും താഴെ എത്തുന്ന സ്ഥിതിയാണ് പണച്ചുരുക്കം. ഉയര്‍ന്ന പണപ്പെരുപ്പം പോലെ തന്നെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കുന്നതാണ് പണച്ചുരുക്കവും. പണച്ചുരുക്കത്തിൽ നിന്ന് ജപ്പാന്‍ പുറത്തുകടക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളികളുടെ കൂലി ഉയർത്തുക പോലുള്ള നടപടികളിലൂടെയാണ്.

സാമ്പത്തികഭദ്രത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് ഓഫ് ജപ്പാന്‍ യീല്‍ഡ് കര്‍വ് കണട്രോൾ-YCC (സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുന്ന പദ്ധതി), റിസ്‌ക് ഏറെയുള്ള ഇ.ടി.എഫുകളുടെ വാങ്ങല്‍ നടപടി എന്നിവ ഉപേക്ഷിക്കാനും തീരുമാനിച്ചു.

നെഗറ്റീവ് പലിശ എന്താണ്?

രാജ്യത്തെ വാണിജ്യബാങ്കുകള്‍ നിക്ഷേപങ്ങളിലൂടെയും മറ്റും കൈവശമെത്തുന്ന അധികപ്പണം (surplus liquidity) കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാനില്‍ നിക്ഷേപിക്കുന്നത് വഴി കേന്ദ്രബാങ്കില്‍ നിന്ന് ബാങ്കുകള്‍ക്ക് പലിശ ലഭിക്കേണ്ടതാണ്. എന്നാല്‍, നെഗറ്റീവ് പലിശയായതിനാല്‍ ഈ നേട്ടം ബാങ്കുകള്‍ക്ക് ലഭിച്ചിരുന്നില്ല.

അധികപ്പണം കേന്ദ്രബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം, വായ്പകളായി ജനങ്ങളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അതുവഴി വിപണിയിലേക്കുള്ള പണമൊഴുക്ക് ഉയര്‍ത്തി പണച്ചുരുക്കത്തില്‍ നിന്ന് പുറത്തുകടക്കാനുമാണ് കേന്ദ്രബാങ്ക് ഉദ്ദേശിച്ചത്. ഈ നയത്തില്‍ നിന്ന് 2016ന് ശേഷം ആദ്യമായാണ് ജപ്പാന്‍ മാറുന്നത്.

ജാപ്പനീസ് യെൻ- ൻ്റെ മൂല്യം ഇടിഞ്ഞു

അടിസ്ഥാന പലിശനിരക്ക് കൂട്ടിയ ബാങ്ക് ഓഫ് ജപ്പാന്റെ നടപടിക്ക് പിന്നാലെയായി ജാപ്പനീസ് കറന്‍സിയായ യെന്നിന്റെ (Japanse Yen) മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ 0.8 ശതമാനം നഷ്ടവുമായി 150.38ലേക്ക് യെൻ താഴ്ന്നു. അതേസമയം തന്നെ പലിശനിരക്ക് വര്‍ദ്ധന മൂലം ജാപ്പനീസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (bond yield) കൂടാനിടയായിട്ടുണ്ട്.

Category

Author

:

Amjad

Date

:

മെയ്‌ 4, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top