s73-01

വളർച്ചയുടെ കൊടുമുടിയിൽ നിന്ന ബൈജൂസിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

ഒരു ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും മൂല്യവത്തായതുമായ ഇ-ടെക് കമ്പനി എന്ന നിലയിൽ നിന്ന് ഇപ്പോൾ ബാങ്കറപ്‌സി നേരിടുന്നത് വരെ ബൈജൂസ് ആപ്പിൻ്റെ കഥ എല്ലാവരും അറിയേണ്ടതാണ്. അതിൻ്റെ ഞെട്ടിപ്പിക്കുന്ന തകർച്ചയെകുറിച്ച് അറിയുന്നതിന് മുൻപ് ഇതെല്ലാം എങ്ങനെ ആരംഭിച്ചുവെന്ന് നോക്കാം.

ബൈജു രവീന്ദ്രൻ വളരെ ചെറിയ ചുറ്റുപാടിൽ നിന്നാണ് വന്നത്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ അദ്ധ്യാപകരായ മാതാപിതാക്കളുടെ മകനായി ജനിച്ചു. സ്‌കൂളിലെ ഫുട്‌ബോൾ കളിക്കാരനും ക്രിക്കറ്റ് കളിക്കാരനുമായ രവീന്ദ്രൻ ചെറുപ്പം മുതലേ സ്വയം പഠിക്കുന്ന ആളായിരുന്നു, ആശയങ്ങൾ നന്നായി മനസ്സിലാക്കാൻ സ്വന്തമായി വ്യത്യസ്തമായ പഠന രീതികൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച ബൈജു മലയാളം മീഡിയം സ്കൂളിലാണ് പഠിച്ചത്. കണക്കും സയൻസും ബൈജു സ്വന്തമായാണ് പഠിച്ചിരുന്നത് അതുപോലെ ഇംഗ്ലീഷ് പറയാനോ പഠിക്കാനോ സ്കൂളിൽ നിന്ന് പോലും വലിയ പ്രോത്സാഹനം ഇല്ലായിരുന്ന ആ കാലത്ത് ക്രിക്കറ്റ് കംമെന്ററി കേട്ടാണ് ബൈജു ഇംഗ്ലീഷ് പറയാൻ പഠിച്ചത് അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പലപ്പോളും വല്ലാത്ത സ്പീഡിലാണ് സംസാരിക്കുക എന്ന് അദ്ദേഹം തന്നെ പറയാറുണ്ട്.

ഇത്തരത്തിൽ സ്വയം വികസിപ്പിച്ചെടുത്ത മാർഗ്ഗങ്ങളിലൂടെ പഠിച്ചത് പിന്നീട് ബിസിനസിന്റെ കാര്യത്തിൽ ഏറെ പ്രയോജനകരമായി എന്ന് അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തിന്റെ ബാംഗ്ലൂരിൽ ഉള്ള ചെറിയ അപ്പാർട്ട്മെന്റിൽ ചില സുഹൃത്തുക്കൾക്ക് കണക്ക് പറഞ്ഞുകൊടുത്തു തുടങ്ങിയ അദ്ദേഹം 2014 ഓടെ 20,000 ത്തോളം കുട്ടികൾക്ക് വേണ്ടി സ്റ്റേഡിയങ്ങളിൽ ക്ലാസുകൾ കണ്ടക്റ്റ് ചെയ്യുമായിരുന്നു. 2015 ഇൽ ബൈജൂസ് ആപ്പ് ലോഞ്ച് ചെയ്യുകയും 2022 ഓടെ 150 മില്യൺ പഠിതാക്കൾ ആപ്പിൽ ജോയിൻ ചെയ്യുകയും ചെയ്തു. 10 വർഷത്തോളം ബൈജൂസിന്റേത് വളരെ വിജയകരമായ ഒരു യാത്രയായിരുന്നു.

2007 ഇൽ ബൈജു രവീന്ദ്രൻ യുകെ ആസ്ഥാനമായുള്ള പാൻ ഓഷ്യൻ ഷിപ്പിംഗ് കമ്പനിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന ബൈജുവിന്റെ പല സുഹൃത്തുക്കളും ജോലിയോടൊപ്പം കാറ്റ് എക്സാമിന് തയ്യാറെടുക്കുന്നുണ്ടായിരുന്നു. എക്സാം പാസ് ആവാൻ പല നുറുങ്ങുവിദ്യകളും അറിയാമായിരുന്ന ബൈജുവിന്റെ സഹായം അവർ തേടിയിരുന്നു. ബൈജു കൂട്ടുകാരുടെ കൂടെ കാറ്റ് എക്സാം എഴുതിയിരുന്നു. 100% മാർക്കാണ് അന്ന് ബൈജു നേടിയത്. ഇതോടെയാണ് ഒരു എഡ്യൂക്കേറ്റർ എന്ന നിലയ്ക്ക് തനിക്ക് ലഭിക്കാവുന്ന റെസ്പെക്ടിനെ പറ്റി ബൈജു മനസ്സിലാക്കുന്നതും MBA ക്ക് ചേരാതെ അവധി ദിവസങ്ങളിൽ ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയതും. അങ്ങനെയാണ് ബൈജുവിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്.

തന്റെ സുഹൃത്തുക്കളായ 35 പേർക്ക് വേണ്ടി തുടങ്ങിയ ക്ലാസുകൾ പിന്നീട് 1200 ഓളം പേരടങ്ങുന്ന ക്ലാസ് ആയി മാറി എന്നും പറഞ്ഞു കേട്ട അറിവ് വച്ചാണ് ഇത്രയും പേര് ക്ലാസുകളിലേക്ക് വന്നിരുന്നത് എന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് വലിയ വലിയ സ്റ്റേഡിയങ്ങളിൽ ഒരുപാട് പഠിതാക്കൾക്കായി ക്ലാസുകൾ എടുക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ ഒരു കുട്ടിയെ ബൈജു പ്രത്യേകം ശ്രദ്ധിച്ചു. ഒരുപാട് ചോദ്യം ചോദിച്ചു ശ്രദ്ധയാകർഷിക്കാറുള്ള ആ കുട്ടിയുടെ പേര് ദിവ്യ ഗോപിനാഥ് എന്നായിരുന്നു. തന്റെ എൻജിനീയറിങ് പഠനത്തിനുശേഷം GRE ക്കായി തയ്യാറെടുക്കുകയായിരുന്നു ദിവ്യ. ദിവ്യയുടെ കഴിവുകളിൽ ആകൃഷ്ടനായ ബൈജു ദിവ്യയ്ക്ക് ഒരു ടീച്ചറുടെ പൊസിഷൻ കൊടുക്കുകയും ഇന്ത്യയിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ദിവ്യ തന്റെ യുഎസ് സ്വപ്നങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയിൽ തന്നെ തുടർന്നു. 2009 ഇവർ വിവാഹിതരാവുകയും രണ്ടു വർഷത്തിനുശേഷം ദിവ്യയെ സഹസ്ഥാപകയായി അനൗൺസ് ചെയ്യുകയും ചെയ്തു. 2011 ഇൽ കമ്പനി ഒഫീഷ്യലായി തിങ്ക് ആൻഡ് ലേൺ എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ ഉൾപ്പെടുത്തുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കുശേഷമാണ് ബൈജൂസ് അവരുടെ ഏറ്റവും വലിയ ഇൻവെസ്റ്ററെ കണ്ടെത്തുന്നത്. മണിപ്പാൽ ഗ്ലോബൽ സ്ഥാപകനായ ഡോക്ടർ രഞ്ജൻ പയ്യും ചെയർമാനായ മോഹൻദാസ് പയ്യും ചേർന്ന് തിങ്ക് ആൻഡ് ലേർണിന്റെ 26% ഷെയർ വാങ്ങിച്ചു.

ഒരുപാട് കുട്ടികൾ തങ്ങളെ ഐ എ എം പോലെയുള്ള വലിയ വലിയ കോളേജുകളിൽ കയറാൻ സഹായിച്ചത് ബൈജു രവീന്ദ്രന്റെ ക്ലാസുകൾ ആണ് എന്ന് പറയുന്ന വീഡിയോകൾ കണ്ടിട്ടാണ് ഇവർ ബൈജു രവീന്ദ്രനെ നേരിട്ട് കാണുകയും സംസാരിക്കുകയും അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തത്.

2015ലാണ് ബൈജൂസ് ഓഫ് ലൈൻ ക്ലാസുകൾക്കൊപ്പം ഓൺലൈൻ ക്ലാസുകളും തുടങ്ങുന്നതും തങ്ങളുടെ ഫ്ലാഗ്ഷിപ് ആപ്പ് ആയ ബൈജൂസ് ലോഞ്ച് ചെയ്യുന്നതും. ഇന്ത്യയിൽ ആദ്യമായി കുട്ടികൾക്ക് തങ്ങളുടെ ട്യൂഷൻ ക്ലാസുകൾ ഫോണുകളിലും കമ്പ്യൂട്ടറുകളിലും സ്ട്രീം ചെയ്യാം എന്ന ഓപ്ഷൻ കൊടുക്കുന്നത് ബൈജൂസാണ്. ഇത് വലിയ വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. 90 ദിവസത്തിനുള്ളിൽ തന്നെ 20 ലക്ഷത്തോളം കുട്ടികളാണ് ബൈജൂസ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഈ വലിയ വിജയം കാരണം 2016ൽ ഒരു സീരീസ് സി ഫണ്ടിംഗ് റൗണ്ടിൽ 75 മില്യൺ ഡോളർ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചു. അതേ വർഷം തന്നെ ഒരു സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിൽ ചാൻ സക്കർബർഗ് ഇനിഷേറ്റെവിൽ നിന്നും 50 മില്യൺ ഡോളറും ബൈജൂസ് സമാഹരിച്ചു. അതുകൊണ്ടുതന്നെ 2015 മുതൽ 2021 വരെ കമ്പനിയുടേത് വളരെ വിജയകരമായ ഒരു യാത്രയായിരുന്നു എന്ന് പറയാം ഇതേസമയം തന്നെയാണ് കമ്പനി ഒത്തിരി ഇൻവെസ്റ്റർമാരെ ആകർഷിക്കുകയും ലക്ഷക്കണക്കിന് ഡോളറുകൾ സമാഹരിക്കുകയും ചെയ്തത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ യൂണികോൺ എഡ്ടെക് കമ്പനിയാണ് ബൈജൂസ് അതായത് ഒരു ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി, കോവിഡ് കാലത്തേക്ക് എത്തിയപ്പോഴേക്കും ബൈജൂസ് ഒരു ഡെക്കാ‌കോൺ കമ്പനിയായി മാറിയിരുന്നു അതായത് 10 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി. പിന്നെയും രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ബൈജൂസിന്റെ മൂല്യം 22 ബില്യൺ ഡോളറിൽ എത്തി.

ബൈജൂസിന്റെ വളർച്ച അവരുടെ മാർക്കറ്റിങ്ങിലും പ്രതിഫലിച്ചു. ഷാറൂഖാനെയും മെസ്സിയെയും പോലെയുള്ളവരെ വെച്ച് പരസ്യം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെയിൻ സ്പോൺസറായും ബൈജുസ് മാറി. അതുപോലെ 2022 ഫിഫ വേൾഡ് വേൾഡ് കപ്പിലെ ഒഫീഷ്യൽ സ്പോൺസറുമായിരുന്നു.

മാർക്കറ്റിംഗ് മാത്രമല്ല ഇന്ത്യയിലെയും പുറത്തേയും രാജ്യങ്ങളിലെ പല എഡ് ടെക്ക് കമ്പനികൾ വാങ്ങുന്നതിനായും ഈ ഫണ്ടുകൾ ബൈജൂസ് ഉപയോഗിച്ചു. ഇതിൽ ചില കമ്പനികൾ വാങ്ങിയത് അവർക്ക് തന്നെ പിന്നീട് വിനയായി. നിക്ഷേപത്തിനൊപ്പം ലോണും അവർ സമാഹരിക്കാൻ തുടങ്ങി നവംബർ 2021ൽ 12 ബില്യൺ ഡോളറാണ് വളരെ കുറഞ്ഞ പലിശ നിരക്കിന് അവർക്ക് ലഭിച്ചത്. അഞ്ചര ശതമാനം പലിശയും 0. 2% ലൈബോറും ആണ് ഈ ലോണിന് അവർ നൽകേണ്ടിയിരുന്നത്. ഇത് വളരെ ചെറിയ ഒരു തുകയായിരുന്നു. എന്നാൽ പിന്നീട് ഈ ലോൺ ആണ് ബൈജൂസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ കാരണമായത്.

അങ്ങേയറ്റം വളർച്ച കൈവരിച്ചു നിൽക്കുന്ന ഈ സമയത്ത് തന്നെയാണ് ബൈജൂസിലെ ചില പ്രശ്നങ്ങളും തലപൊക്കി തുടങ്ങിയത്. 2021 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ കമ്പനിക്ക് ഒരു സിഎഫ്ഓ ഇല്ലായിരുന്നു. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡന്റുമാർ ഉണ്ട് എന്നായിരുന്നു ബൈജുവിന്റെ വിശദീകരണം. അതുപോലെ രാജ്യത്തിൽ ഉടനീളം മാതാപിതാക്കളും ബൈജൂസിനെതിരെ രംഗത്ത് വന്നുതുടങ്ങി. അനാവശ്യമായ കോഴ്സുകൾ നിർബന്ധിച്ചു വാങ്ങിപ്പിക്കുകയും ഉറപ്പുപറഞ്ഞ പഠന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കാതിരിക്കുകയും ചെയ്യുകയാണ് ബൈജൂസ് എന്ന് ആക്ഷേപം വന്നു. അതുപോലെതന്നെ ബൈജൂസിലെ തൊഴിലാളികളും പ്രതിഷേധത്തിലായി തുടങ്ങി. ഒരിക്കലും നേടാൻ സാധിക്കാത്ത ടാർഗറ്റുകൾ നേടാൻ വേണ്ടിയുള്ള പ്രഷർ താങ്ങാൻ ആവുന്നില്ല എന്നാണ് തൊഴിലാളികൾ പരാതി പറഞ്ഞത്. എന്നാൽ ബൈജു രവീന്ദ്രൻ ഇതിനെ അഗ്രസീവ് സെല്ലിംഗ് എന്നാണ് വിളിച്ചത്. തങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും തിരുത്താൻ തയ്യാറാണെന്നും അതുപോലെ ബിസിനസ് വളർത്തുക എന്നതിനേക്കാൾ ഉപരി കുട്ടികളെ ഏറ്റവും ഫലപ്രദമായ രീതിയിൽ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും ബൈജു പറഞ്ഞിരുന്നു.

2022 നു ശേഷം കുട്ടികൾ തിരികെ സ്കൂളുകളിലേക്ക് പോയി തുടങ്ങി കഴിഞ്ഞാൽ 8 കമ്പനികൾ വളരെയധികം വളർച്ച കൈവരിക്കും എന്ന് കരുതിയിരുന്നു. എന്നാൽ വാസ്തവത്തിൽ ഇതെല്ല നടന്നത്. ബൈജു രവീന്ദ്രൻ തന്റെ തൊഴിലാളികൾക്ക് 2022 വളരെയധികം വളർച്ച കൈവരിക്കാൻ സാധ്യമുള്ള വർഷമാണെന്ന് വാക്ക് കൊടുത്തിരുന്നു. എന്നാൽ ഈ വാക്കിന് ശേഷം വന്നത് 2500 തൊഴിലാളികളെ പിരിച്ചുവിടുന്നു എന്ന വാർത്തയാണ്. 2022 സാമ്പത്തിക വർഷത്തിലേക്ക് കണക്കുകൾ പുറത്തു വന്നപ്പോൾ ബൈജൂസിന്റെ നഷ്ടം 4500 കോടിയായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2022ൽ 10000 കോടിയുടെ വരുമാനം ഉണ്ടെന്ന് ബൈജു അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ശരിക്കുള്ള കണക്കുകൾ പ്രകാരം 3500 ഓളം കോടി രൂപയെ വരുമാനം ഉണ്ടായിട്ടുള്ളൂ. ഇതിനെല്ലാം മുകളിൽ 2023 ഏപ്രിൽ ബൈജൂസിന്റെ ബാംഗ്ലൂർ ഓഫീസിൽ ഇ ഡി റെയ്ഡ് നടക്കുകയും വലിയ അളവിൽ വിദേശനാണ്യം അനധികൃതമായി കൈവച്ചു എന്ന കേസ് ബിജുവിനെതിരെ വരികയും ചെയ്തു. ഈ ആക്ഷേപങ്ങളെല്ലാം ബൈജു നിരസിക്കുകയായിരുന്നു. ഇതേ സമയത്ത് തന്നെയാണ് യുഎസിലും ബൈജൂസിനെതിരെ കേസുകൾ വരുന്നത്. ലെൻഡർമാർക്ക് അവർക്ക് വാഗ്ദാനം ചെയ്തിരുന്നു റിട്ടേണുകൾ ലഭിക്കുന്നില്ല എന്നും അവരുടെ ഫണ്ടുകൾ വക മാറ്റി ചെലവഴിച്ചു എന്നുമുള്ള പലതരത്തിലുള്ള ആക്ഷേപങ്ങൾ ബൈജൂസിനെതിരെ വന്നിരുന്നു. ഈ ആക്ഷേപവും ബൈജു നിഷേധിക്കുകയായിരുന്നു. ബൈജു ആദ്യം തങ്ങളുടെ ലെൻഡർമാർക്ക് എതിരെ കേസ് കൊടുക്കുകയും അത് വിജയിക്കാതെ വന്നപ്പോൾ കോംപ്രമൈസിന് വേണ്ടി ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതേ സമയത്ത് തന്നെ ബൈജൂസിന്റെ ഓഡിറ്റർമാർ എല്ലാം റിട്ടേണുകൾ ഫയൽ ചെയ്യുന്നതു വൈകുന്നു എന്ന കാരണം പറഞ്ഞ് കമ്പനിയിൽ നിന്നും രാജിവച്ചു പോവുകയും ബോർഡിൽ നിന്നും മൂന്ന് മെമ്പർമാർ രാജിവെക്കുകയും ചെയ്തു. പിന്നെ ബോർഡിൽ അവശേഷിച്ചിരുന്നത് 3 പേർ മാത്രമായിരുന്നു ബൈജു രവീന്ദ്രൻ ഭാര്യ ദിവ്യാ ബൈജുവിന്റെ അനിയൻ റിജു രവീന്ദ്രൻ. ഒന്നിന് പുറകെ ഒന്നായി വന്ന ഈ പ്രശ്നങ്ങൾ ബൈജൂസിന്റെ മൂല്യത്തിനെയും ബാധിച്ചു. 2021ൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനി 2024 ജനുവരിയിലേക്ക് എത്തിയപ്പോഴേക്കും വെറും ഒരു ബില്യൺ ഡോളർ മൂല്യത്തിലേക്ക് കൂപ്പുകുത്തി. ബൈജൂസിന്റെ പ്രശ്നങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. 2018 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്യുന്നതിൽ നിന്നും ഒപ്പോ പിന്മാറിയപ്പോൾ ബൈജൂസ് അത് ഏറ്റെടുക്കുകയായിരുന്നു എന്നാൽ 2022 നു ശേഷം ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ സ്പോൺസർഷിപ്പിൽ നിന്നും പിന്മാറാൻ ശ്രമിച്ച ബൈജുവിനെതിരെ ബിസിസിഐയും കേസ് കൊടുത്തിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം ബൈജൂസ് പാപ്പരത്വത്തിലേക്ക് എത്തി എന്ന് അവകാശപ്പെടാൻ കഴിയില്ല എങ്കിലും തീർച്ചയായും സാമ്പത്തിക പ്രശ്നങ്ങൾ ബൈജൂസിനെ പിടിമുറുക്കുന്നുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്.

Category

Author

:

Jeroj

Date

:

June 24, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top