സോമറ്റോയുടെ ബ്ലിങ്കിറ്റ്, ക്വിക് ഡെലിവറി മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ്. ഇപ്പോഴിതാ അടിയന്തര ആരോഗ്യ സേവന മേഖലയിലേക്കും കടന്നിരിക്കുകയാണ് ബ്ലിങ്കിറ്റ്. ഇപ്പോഴത്തെ ആംബുലൻസ് സേവനങ്ങളുടെ നീണ്ട കാത്തിരിപ്പും, ഉയർന്ന ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചത്.
ഗുരുഗ്രാമിൽ ഇന്ന് ആരംഭിച്ച ആംബുലൻസ് സേവനം 10 മിനിറ്റിനുള്ളിൽ എത്തുമെന്ന് ഉറപ്പു നൽകുന്നു.
ആദ്യഘട്ടത്തിൽ ഓക്സിജൻ സിലിണ്ടറുകൾ, AED, ആവശ്യ മരുന്നുകൾ ഉൾപ്പെട്ട 5 ആംബുലൻസുകളായിരിക്കും ഉണ്ടായിരിക്കുക. അത്യാവശ്യ മെഡിക്കൽ കാര്യങ്ങളിൽ പരിശീലനം ലഭിച്ച സ്റ്റാഫും അനുഭവസമ്പത്തുള്ള ഡ്രൈവർമാരുമായി സംഘം ഉടനടി സഹായത്തിന് എത്തും.
ബ്ലിങ്കിറ്റ് ആപ്പിലൂടെ ആർക്കുവേണമെങ്കിലും ആംബുലൻസ് ബുക്ക് ചെയ്യാം. ഇത് അടിയന്തര സാഹചര്യങ്ങളിൽ നഗരവാസികൾക്ക് ഏറെ സഹായകമാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.
അത്യാവശ്യ രോഗികൾക്ക് ആശുപത്രിയിൽ വേഗത്തിലെത്താനും നഗരങ്ങളിലെ ആരോഗ്യ സേവന മേഖലയിൽ പുതിയ നിലവാരം സൃഷ്ടിക്കുന്നതിലും ഈ സംരംഭം പ്രധാന പങ്കുവഹിക്കും.