ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടെത്തലിലൂടെ ലോകത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ജോലിക്കാരെ നീക്കി പകരം എഐ ഉപയോഗിക്കുന്ന രീതിയിലേക്ക് ഓരോ മേഖലയും മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള എഐ സ്റ്റാർട്ടപ്പ് ആർട്ടിസൻ്റെ പുതിയ കാമ്പയിൻ ടെക് ലോകത്ത് ചർച്ചയാകുകയാണ്.
ഈ കമ്പനി മനുഷ്യ ജോലിക്കാർക്ക് പകരം എഐ കൺസോളിഡേറ്റഡ് സോഫ്ട്വെയറ്റ് നല്കുന്നു. ഈ എഐ സോഫ്ട്വെയർ മനുഷ്യരായ ജോലിക്കാരേക്കാളും കാര്യക്ഷമമാണെന്ന് വാദിക്കുന്ന തരത്തിലാണ് പുതിയ പരസ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രകോപന പരമായ അവരുടെ പുതിയ കാമ്പയിനിൽ “എഐ ഉള്ളപ്പോൾ എന്തിന് മനുഷ്യന് ജോലി നൽകണം “, “എഐ വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ച് പരാതി പറയില്ല”, “എഐ അനാവശ്യമായ കമ്പനി ഡ്രാമകൾ സൃഷ്ടിക്കില്ല” എന്ന് തുടങ്ങിയ പല വിധ ക്യാപ്ഷനുകളോട് കൂടി എഐ മുഖങ്ങൾ നൽകി പരസ്യം നിർമിച്ച് നഗരത്തിന്റെ പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുകയാണ്.
കമ്പനിയുടെ ഉൽപ്പന്നങ്ങൾ ശ്രദ്ധിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണെങ്കിലും എഐ മനുഷ്യനെ മാറ്റിസ്ഥാപിക്കുന്നു എന്ന മറ്റൊരു നിർദ്ദേശവും ഈ കാമ്പയിൻ കൈമാറുന്നു. മനഃപൂർവം പ്രകോപനമുണ്ടാക്കി, ബഹളം സൃഷ്ടിക്കാനും ചർച്ചയ്ക്ക് തിരികൊളുത്താനും വേണ്ടിയാണ് ഈ കാമ്പെയിനെന്ന് സിഇഒ ആയ ജസ്പർ കാർമൈക്കൽ-ജാക്ക് സമ്മതിക്കുന്നുണ്ട്.