ഓപ്പൺ AI ബോർഡിലെ ഡയറക്ടർമാർ എലോൺ മസ്ക്കിന്റെ നിക്ഷേപകർ വാഗ്ദാനം ചെയ്ത $97.4 ബില്യൺ (97,400 കോടി രൂപ) ഓഫർ ഔദ്യോഗികമായി നിരസിച്ചു. ഓപ്പൺ AI വിൽക്കുന്നില്ലെന്ന് ബോർഡ് ഇൻവെസ്റ്റർമാരോട് പറഞ്ഞു.
ഓപ്പൺ AI വിൽക്കാനുള്ളതല്ലെന്നും മസ്കിന്റെ ഓഫർ ബോർഡ് ഏകമനസ്സോടെ നിരസിച്ചെന്നും മസ്ക് തന്റെ മത്സരാധിഷ്ഠിത ലക്ഷ്യങ്ങൾക്കായി ഈ വാങ്ങലിനെ കാണുന്നു എന്നും ഓപ്പൺ AI ചെയർമാൻ ബ്രെറ്റ് ടെയ്ലർ പറഞ്ഞു.
ChatGPT യുടെ പിന്നിലുള്ള കമ്പനിയായ OpenAI യുടെ നിയന്ത്രണം ഏറ്റെടുക്കാൻ എലോൺ മസ്ക് നടത്തിയ നീക്കത്തിന്റെ ഭാഗമാണിത്. തിങ്കളാഴ്ച ഓപ്പൺഎഐയുടെ ബോർഡിന് മുമ്പാകെ ഓഫർ സമർപ്പിച്ചതായി മസ്കിന്റെ അഭിഭാഷകൻ മാർക്ക് ടോബറോഫ് പറഞ്ഞതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. OpenAI യെ നിയന്ത്രിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം വാങ്ങാൻ മസ്കിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഓപ്പൺഎഐയെ പൂർണ്ണമായും ലാഭേച്ഛയുള്ള കമ്പനിയാക്കി മാറ്റുകയും സ്റ്റാർഗേറ്റ് എന്ന സംയുക്ത സംരംഭത്തിലൂടെ 500 ബില്യൺ ഡോളർ വരെ സമാഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി ആൾട്ട്മാൻ ഇതിനകം തന്നെ ഒരു പ്രധാന പരിവർത്തനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
2015 ൽ മസ്ക്കും ആൾട്ട്മാനും മറ്റ് സഹ സ്ഥാപകരും ചേർന്ന് സ്ഥാപിച്ച ഓപ്പൺ ഐ ലാഭേച്ഛയില്ലാത്ത ഒരു ഘടനയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ 2019 ൽ ലാഭം ലഭിക്കുക എന്ന ഉദ്ദേശത്തോടെ കമ്പനിയുടെ സ്ട്രക്ച്ചറിൽ മാറ്റം വന്നു. ഈ മാറ്റത്തെ എലോൺ ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്.
മസ്കും ആൾട്ട്മാനും തമ്മിലുള്ള ശത്രുത വർഷങ്ങളായി വളർന്നുവരികയാണ്. ഓപ്പൺഎഐ വിട്ടതിനുശേഷം, കമ്പനി അതിന്റെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന ദൗത്യം ഉപേക്ഷിച്ചുവെന്ന് മസ്ക് ആരോപിച്ചു. കമ്പനിയിൽ കോടിക്കണക്കിന് നിക്ഷേപിച്ച മൈക്രോസോഫ്റ്റുമായി ഓപ്പൺഎഐ വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് അദ്ദേഹം കേസുകൾ പോലും ഫയൽ ചെയ്തു.
2018 ലാണ് മസ്ക്ക് ഓപ്പൺ AI വിട്ടത്. 2024 ജൂണിൽ അദ്ദേഹം ഓപ്പൺ AI ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു. പിന്നീട് കേസ് പിൻവലിച്ചെങ്കിലും ഓഗസ്റ്റിൽ പിന്നെയും കേസ് ഫയൽ ചെയ്തു. ഓപ്പൺ AI ലാഭത്തിനു മുൻഗണന നൽകുകയും പൊതു ഗുണത്തെ അവഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കേസിൽ ആരോപിച്ചു.