കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയോണ്ട് സ്നാക്സ് കമ്പനി സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 8.3 മില്യൺ ഡോളർ (ഏകദേശം ₹69 കോടി) സമാഹരിച്ചു. ഇത് രണ്ടാമത്തെ തവണയാണ് കമ്പനിയ്ക്ക് ഫണ്ടിംഗ് ലഭിക്കുന്നത്. ഇതിനുമുമ്പ് ബിയാണ്ട് സ്നാക്ക് NAB വെഞ്ചേഴ്സ്, 100X VC, ഫാഡ് നെറ്റ്വർക്ക്, മറ്റ് ആഞ്ചൽ ഇൻവസ്റ്റർമാർ എന്നിവരിൽ നിന്ന് 4 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതോടെ 100 കോടിയുടെ ഫണ്ടിംഗ് സ്റ്റാർട്ടപ്പ് നേടി. 300 കോടിയാണ് കമ്പനിയുടെ മൊത്തം മൂല്യമായി കണക്കാക്കുന്നത്.
ഫണ്ടിങ്ങിലൂടെ ലഭിച്ച തുക കമ്പനിയുടെ വിപണി വ്യാപിപ്പിക്കാനും, സപ്ലൈ ചെയിൻ സംവിധാനങ്ങൾ വികസിപ്പിക്കാനും കൂടുതൽ പ്രൊഡക്ടുകൾ വികസിപ്പിക്കാനുമായി ഉപയോഗിക്കും.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ മനസ് മധുവിന്റെ (കോ-ഫൗണ്ടർ) നേതൃത്വത്തിൽ 2020 ൽ ആരംഭിച്ച കമ്പനി ഇന്ന് പ്രശസ്തമായ ചിപ്സ് സ്റ്റാർട്ടപ്പാണ്. ഇന്ത്യയിൽ 20,000-ത്തോളം റീറ്റെയിൽ കടകളിലും, മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ബിയാണ്ട് സ്നാക്ക് മികച്ച വിൽപ്പന കൈവരിക്കുന്നു. ഇപ്പോൾ ബിയാണ്ട് സ്നാക്ക് 12 രാജ്യങ്ങളിൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നു. ആഗോള വിപണിയിൽ കൂടുതൽ വ്യാപിക്കാനും പുതിയ പ്രദേശങ്ങൾ ആസൂത്രണം ചെയ്യാനുമാണ് കമ്പനിയുടെ പദ്ധതി.
12 ഫ്ലാഗ്സ് ഗ്രൂപ്പ് നയിച്ച ഈ ഫണ്ടിംഗ് റൗണ്ടിൽ ജാപ്പനീസ് വെഞ്ചർ ക്യാപിറ്റൽ കമ്പനിയായ എൻറിഷൻ ഇന്ത്യ ക്യാപിറ്റൽ, നിലവിലെ നിക്ഷേപകരായ NAB വെഞ്ചേഴ്സ്, ഫാഡ് നെറ്റ്വർക്കും പങ്കെടുത്തു.