സാമ്പത്തിക കാര്യങ്ങള്‍ക്കായി നമ്മളിൽ പലരും സഹായം തേടുന്ന ക്രെഡിറ്റ് കാർഡ്, അത്യാവശ്യ ഘട്ടങ്ങളിൽ വലിയ തോതിൽ ആശ്വാസം നൽകുന്ന ഒന്നു തന്നെയാണ്. പക്ഷേ ചെറിയൊരു അശ്രദ്ധ മൂലം വലിയ സാമ്പത്തിക ബാധ്യതകൾ ഇവ വരുത്തിവെക്കും. ഇങ്ങനെയുള്ള സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..
ഷോപ്പിങ്
ആവശ്യമായ ഷോപ്പിങ്ങിന് പുറമേ നടത്തുന്ന കാശ് നോക്കാതെയുള്ള അനാവശ്യ ഷോപ്പിംഗ് വഴി വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകും.
ക്രെഡിറ്റ് കാർഡ് വഴിയാണ് പണം നൽകുന്നതെങ്കിലും ഇതു തിരിച്ചടയ്ക്കേണ്ട ചുമതല കാർഡ് ഉടമയ്ക്ക് ആയതിനാൽ കാർഡ് ഉപയോഗിച്ചുള്ള അനാവശ്യ ഷോപ്പിംഗ് ചെലവ് ഒഴിവാക്കുക.
ക്രെഡിറ്റ് കാർഡ് മുഴുവനായും ഉപയോഗിക്കണോ
ക്രെഡിറ്റ് കാർഡ് വഴി വലിയൊരു തുക ലഭിക്കുന്നുണ്ടെന്ന് കരുതി മുഴുവൻ ഉപയോഗിക്കുന്നതിനു പകരം കാർഡിന്റെ പരമാവധി 40% ത്തിൽ കൂടാതെ ഉപയോഗിക്കുക. വലിയൊരു തുക ഉപയോഗിക്കുന്നതിലൂടെ വരുന്ന സാമ്പത്തിക ബാധ്യത പെട്ടെന്ന് തിരിച്ചടച്ച് പരിഹരിക്കാൻ കഴിയണമെന്നില്ല.
ചെലവാക്കുന്നതിനുള്ള വ്യക്തത
ബജറ്റ് അനുസരിച്ച് ആവശ്യമുള്ളതും അനാവശ്യമായതുമായ ചെലവുകളെ മനസ്സിലാക്കിയാൽ അധിക ചെലവുകളെ നിയന്ത്രിക്കാൻ കഴിയും. ഇതനുസരിച്ചുള്ള കാർഡ് ഉപയോഗം ചെലവുകളെ കൃത്യതയിൽ എത്തിക്കാൻ സഹായിക്കും.
എ.ടി.എം. ഉപയോഗം നിർത്തുക
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിൻവലിക്കാമെങ്കിലും ഇത്തരത്തിലുള്ള ഏർപ്പാടിന് വലിയൊരു തുക പലിശയായി നൽകേണ്ടിവരും. ബാങ്കുകൾക്ക് അനുസരിച്ച് പലിശ നിരക്കിൽ വരുന്ന വ്യത്യാസം 40 ശതമാനം വരെ എത്താം. അതിനാല്‍ എ.ടി.എം. വഴി പണം പിന്‍വലിക്കാതിരിക്കുക.
തിരിച്ചടക്കൽ
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യ സമയത്തു തന്നെ തിരിച്ചടയ്ക്കുക. മറവി ഉണ്ടെങ്കില്‍ ബില്ല് അടക്കേണ്ട ദിവസം ഫോണിലോ കലണ്ടറിലോ കുറിച്ചു വയ്ക്കുക.
കാലതാമസം വരുത്തുന്നതിലൂടെ ഉയർന്ന പലിശ നിരക്കും കാർഡ് ബില്ലുകൾ അടയ്ക്കുന്നതിൽ ഇടയ്ക്കിടെ വരുത്തുന്ന വീഴ്ചകൾ കാരണം ക്രെഡിറ്റ് സ്കോർ കുറയുകയും ചെയ്യും. ഇത് ഭാവിയിൽ മോശമായി ഫലിക്കാൻ സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് കമ്പനികൾ ഡ്യൂ ഡേറ്റിനുള്ളില്‍ മിനിമം തുക അടയ്ക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും മുഴുവൻ തുകയും അടച്ചു തീർക്കാൻ ശ്രമിക്കുക.