കേരളത്തിൽ നിന്നുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ റെക്കോർഡ് ഉയർച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപമൂല്യം (എയുഎം) 84,743,26 കോടി രൂപയാണെന്നും എക്കാലത്തെയും ഉയർന്ന റിപ്പോർട്ട് ആണിതെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബർ മാസത്തിൽ ദേശീയതലത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കുത്തനെ ഇടിഞ്ഞിരുന്നു. 71, 114 കോടി രൂപ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്ന് പിൻവലിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള നിക്ഷേപം വർധിച്ചത്. കഴിഞ്ഞ മാസം 2,930,64 കോടി രൂപയാണ് മലയാളി നിക്ഷേപം.
ലിക്വിഡ്/ഡെറ്റ് ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും മലയാളികളുടെ നിക്ഷേപം വർധിച്ചു. ഓരോ മാസം കൂടും തോറും നിക്ഷേപം വർധിച്ചു വരികയാണ്. കോവിഡിന് ശേഷമാണ് നിക്ഷേപത്തിൽ കുതിച്ചു കയറ്റം ഉണ്ടായത്.
ഓഹരി അധിഷ്ഠിത ഫണ്ടുകളോടാണ് മലയാളികൾക്ക് കൂടുതൽ താൽപര്യം. ഗോൾഡ് നിക്ഷേപത്തിലും വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് നിക്ഷേപത്തിലും കഴിഞ്ഞ വർഷങ്ങളെക്കാൾ ഉയർച്ച രേഖപ്പെടുത്തി.