ഇന്ത്യയിലെ ഇപ്പോഴത്തെ സമൂഹിക, നിയമസ്ഥിതി സംരംഭകർക്ക് യോജിച്ചതല്ലെന്ന് റെഡ്ഡിറ്റിൽ കുറിച്ച് സംരംഭകൻ. പുതിയ സംരംഭത്തിനായി മികച്ച അവസരങ്ങളും, ഭരണവുമുള്ള മറ്റ് രാജ്യങ്ങൾ തെരഞ്ഞെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
അനോനിമസ് പോസ്റ്റിൽ നിന്നും വിമർശങ്ങൾ ഉയർത്തിയ സംരംഭകൻ, ഒരു പ്രമുഖ ഇന്ത്യൻ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടുകയും യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും ചെയ്ത ആളാണെന്ന് സ്വയം പരിചയപ്പെടുത്തി. ഒരു പ്രമുഖ അമേരിക്കൻ ബാങ്കിൽ ജോലി ചെയ്ത ശേഷം, 2018 ൽ ഒരു കമ്പനി ആരംഭിക്കുന്നതിനായി അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കമ്പനിയ്ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും, ശരാശരി ₹15 ലക്ഷം ശമ്പളത്തിൽ ഏകദേശം 30 പേർക്ക് ജോലി നൽകുകയും ചെയ്തു.
ഇന്ത്യയിലെ നിയമങ്ങളും സാമൂഹ്യസ്ഥിതികളും രാജ്യ വികസനത്തെ ബാധിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ എളുപ്പത്തിൽ നടക്കാൻ ഒരു രാഷ്ട്രീയപ്രവർത്തകനോ സെലിബ്രിറ്റിയോ ആകേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു. ഇത് വ്യക്തമാക്കുന്നതിന്, ഒരു തട്ടിപ്പ് കേസ് പരിഹരിക്കാൻ തൻ്റെ കമ്പനി പോലീസിനെ സഹായിച്ച ഒരു അനുഭവം അദ്ദേഹം പങ്കുവെച്ചു. ഇരയുടെ പണം തിരിച്ചുകിട്ടിയിട്ടും പോലീസ് കമ്പനിക്കെതിരായ കേസ് അവസാനിപ്പിച്ചില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾ, ആശുപത്രികൾ എന്നിവയുടെ മോശം പൊതു സേവനങ്ങൾക്കൊപ്പം ഉയർന്ന നികുതിയും ഈടാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നിങ്ങൾ കഴിക്കുന്ന പോപ്കോണിന് പോലും നികുതി ഈടാക്കുന്ന ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനും, കാരണം 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുന്ന പോപ്കോൺ വ്യവസായത്തെക്കുറിച്ച് ഇവിടെ ആർക്കും അറിയില്ലെന്നും അദ്ദേഹം കുറിച്ചു.
ഓട്ടോ ഡ്രൈവർമാർ, ക്യാബ് ഡ്രൈവർമാർ, റസ്റ്റോറൻ്റ് ജീവനക്കാർ തുടങ്ങിയ സേവന ദാതാക്കളിൽ നിന്നും ഇടയ്ക്കിടെ “പ്രാദേശിക വിദ്വേഷം” നേരിടുന്നതായും സംരംഭകൻ വിവരിച്ചു. ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതി സമ്പത്തുമായും രൂപഭാവങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പന്നനല്ലെങ്കിലോ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കാത്ത ആളാണെങ്കിലോ ഈ രാജ്യത്ത് ഒരു മാലിന്യമായിരിക്കുമെന്നും അതിശക്തമായി അദ്ദേഹം വിമർശിച്ചു.