ഉണ്ടാക്കുന്ന വെറൈറ്റി പാസ്സ്‌വേർഡുകൾ മറന്നു പോകുന്നത് വല്ലാത്ത കഷ്ട്ടം തന്നെയാണ് എന്നാൽ മുപ്പതു ലക്ഷം ഡോളർ(ഏകദേശം 250 കോടി രൂപ) മൂല്യമുള്ള ബിറ്റ് കോയിൻ ശേഖരത്തിന്റെ പാസ്‌വേഡ് മറന്നു പോയാലോ? ഒന്നും രണ്ടുമല്ല 11 വർഷമാണ് പാസ്സ്‌വേർഡ് മറന്നു പോയതിനാൽ ഈ വൻ തുക കൈകൈക്കലാക്കാൻ കഴിയാതെ പേരു വെളിപ്പെടുത്താത്ത ഈ വ്യക്തി കഷ്ട്ടപെട്ടത്. 11 വർഷങ്ങൾക്ക് ശേഷം ഹാക്കർമാരുടെ സഹായത്തോടെയാണ് മുപ്പതു ലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ് കോയിൻ വാലെറ്റ് തിരിച്ചു പിടിച്ചത്. ഓൺലൈനിൽ കിങ്പിൻ എന്നറിയപ്പെടുന്ന ജോ ഗ്രാൻഡാണ് ഇതിനു പിന്നിൽ.
പാസ് വേഡ് മറന്നു പോയതിനാൽ കഴിഞ്ഞ 11 വർഷങ്ങളായി സ്വന്തം ബിറ്റ് കോയിൻ ശേഖരം നഷ്ടമായ അവസ്ഥയിലായിരുന്നു അയാൾ. റോബോഫോം എന്ന പാസ്‌വേഡ് ജനറേറ്റർ നൽകിയ പാസ്‌വേഡാണ് ക്രിപ്‌റ്റോ കറൻസി ശേഖരത്തിന് നൽകിയിരുന്നത്. അസാധാരണവും വ്യത്യസ്തവുമായ പാസ്‌വേഡ് സുരക്ഷിതമായിരുന്നെങ്കിലും മറന്നു പോയതോടെ കാര്യങ്ങൾ കൈവിട്ടു. തന്റെ കമ്പ്യൂട്ടർ ആരെങ്കിലും ഹാക്കു ചെയ്ത് പാസ്‌വേഡും കണ്ടെത്തി ഈ ക്രിപ്‌റ്റോ കറൻസികൾ സ്വന്തമാക്കുമോ എന്ന ആശങ്കയും അയാൾക്കുണ്ടായിരുന്നു.
2022ൽ ജോ ഗ്രാൻഡ് സമാനമായ രീതിയിൽ ക്രിപ്‌റ്റോ കറൻസിയുടെ പാസ്‌വേഡ് മറന്നു പോയ ഒരാളെ സഹായിച്ചിരുന്നു. അന്ന് 20 ലക്ഷം ഡോളർ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയാണ് ഗ്രാന്റ് വീണ്ടെടുത്തത്. ഇതിനു ശേഷം പലരും സമാനമായ രീതിയിൽ ക്രിപ്‌റ്റോ കറൻസി ശേഖരം വീണ്ടെടുക്കാൻ സമീപിച്ചിരുന്നെങ്കിലും ജോ ഗ്രാൻഡ് പല കാരണങ്ങളാൽ നിഷേധിക്കുകയായിരുന്നു. എന്നാൽ 30 ലക്ഷം ഡോളർ ബിറ്റ് കോയിൻ ഉടമയുടെ ആവശ്യം ഗ്രാൻഡ് അംഗീകരിച്ചു.
തന്റെ ഹാക്കിങ് ദൗത്യത്തെക്കുറിച്ച് ഗ്രാൻഡ് യുട്യൂബ് വിഡിയോയിലാണ് വിശദീകരിക്കുന്നത്. ബിറ്റ്‌കോയിൻ വാലറ്റ് ഉടമ പാസ്‌വേഡ് കോപി ചെയ്ത് ഉപയോഗിച്ച ശേഷം പിന്നീട് ആ ഫയൽ തന്നെ വീണ്ടെടുക്കാനാവാത്ത വിധം എൻക്രിപ്റ്റ് ചെയ്യുകയായിരുന്നു. പാസ്‌വേഡ് മറന്ന സമയത്ത് ഏതാനും ആയിരം ഡോളറുകൾ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. 2013നെ അപേക്ഷിച്ച് 20,000 മടങ്ങിലേറെ ബിറ്റ് കോയിൻ മൂല്യം വർധിച്ചതോടെ കഥമാറി.
എങ്ങനെയാണ് അസാധ്യമെന്നു കരുതിയ പാസ്‌വേഡ് വീണ്ടെടുക്കൽ നടത്തിയതെന്നും ഗ്രാൻഡ് വിശദീകരിക്കുന്നുണ്ട്. പാസ്‌വേഡ് ജനറേറ്റർമാരുടെ കോഡുകൾ തിരിച്ചുപിടിക്കാനായി യുഎസ് ദേശീയ സുരക്ഷാ ഏജൻസി ഉപയോഗിക്കുന്ന ടൂളാണ് ഹാക്കറായ ഗ്രാൻഡും ഉപയോഗിച്ചത്. റോബോഫോമിന്റെ പാസ്‌വേഡുകൾ യാതൊരു ക്രമവുമില്ലാതെയാണ് നിർമിക്കപ്പെടുകയെന്നാണ് കരുതിയിരുന്നത്. എന്നാൽ അതിനൊരു ക്രമമുണ്ടെന്ന് കണ്ടെത്തുകയാണ് ഹാക്കർ ചെയ്തത്. അവർ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറിന്റെ പഴയ വെർഷനുകളിൽ സമയം നിയന്ത്രിക്കാനായാൽ പാസ്‌വേഡുകളേയും നിയന്ത്രിക്കാനാവുമെന്നാണ് ഗ്രാൻഡ് പറയുന്നത്.
ഏതു സമയത്താണ് റോബോഫോമിൽ നിന്നും പാസ്‌വേഡ് ജെനറേറ്റ് ചെയ്തതെന്ന് മനസിലാക്കി ആ സമയത്ത് നിർമിക്കപ്പെടാൻ സാധ്യതയുള്ള പാസ്‌വേഡുകൾ കണ്ടെത്തുകയാണ് ഗ്രാൻഡ് ചെയ്തത്. എന്നിട്ട് ഈ പാസ്‌വേഡ് ഉപയോഗിച്ചപ്പോൾ ബിറ്റ്‌കോയിൻ വാലെറ്റ് തുറക്കാനും 250 കോടി രൂപ തിരിച്ചുപിടിക്കാനും സാധിച്ചു. എങ്കിലും ഭാഗ്യം കൂടി തുണച്ചതുകൊണ്ടാണ് അത് സാധ്യമായയെന്നാണ് ഗ്രാൻഡ് ഓർമിപ്പിക്കുന്നത്.