മിസ്ട്രി വെഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് A ഫണ്ടിംഗ് റൗണ്ടിലൂടെ D2C ബ്രാൻഡായ കിസാൻകണക്ട്, $4.5 മില്യൺ നിക്ഷേപം സ്വന്തമാക്കി. ടൈംസ് ഗ്രൂപ്പിന്റെ ബ്രാൻഡ് ക്യാപിറ്റൽ, ബോളിവുഡ് താരം ശിൽപ ഷെട്ടി, VC-ഗ്രിഡ്, വിശ്വാങ് ദേശായ് എന്നിവരും ഈ റൗണ്ടിൽ പങ്കാളികളായി.
ഇതിന് മുമ്പ്, ആഹമ്മദ്നഗർ ആസ്ഥാനമായുള്ള ഈ കമ്പനി ഗ്രീൻ ഫ്രണ്ടിയർ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ പ്രീ-സീരീസ് A ഫണ്ടിംഗിൽ $3.7 മില്യൺ നേടിയിരുന്നു.
ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക , ഓപ്പറേഷനുകൾ വ്യാപിപ്പിക്കുക, പ്രധാന നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുക, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫാം സോഴ്സിംഗ്, സപ്ലൈ ചെയിൻ തുടങ്ങിയവയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഫണ്ടിങ് ഉപയോഗിച്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ.
2020-ൽ വിവേക് നിർമ്മലും നിധി നിർമ്മലും ചേർന്ന് ആരംഭിച്ച കിസാൻകണക്ട്, ഒരു ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ്. ഏകീകൃത ഫാമിംഗ് സിസ്റ്റം വഴി മധ്യസ്ഥരെ ഒഴിവാക്കി, 500-ലധികം ഫാമുകളിലെ തദ്ദേശീയ ഉൽപ്പന്നങ്ങൾ കസ്റ്റമേഴ്സിന് നേരിട്ട് എത്തിക്കുന്നു.
5,000-ലധികം കർഷകരുടെ നെറ്റ്വർക്കാണ് കമ്പനി ഇതിനോടകം നിർമ്മിച്ചത്. ആദ്യത്തെ വർഷങ്ങളിൽ 48-മണിക്കൂർ ഡെലിവറി മോഡലുമായി തുടങ്ങിയ കിസാൻകണക്ട്, ഇപ്പോൾ 4-6 മണിക്കൂറിനുള്ളിൽ ഡെലിവറി നടത്തുന്നു. മുംബൈയും പൂനെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ 30-മിനിറ്റ് ഡെലിവറി സേവനത്തിന് പൈലറ്റ് പ്രോഗ്രാമും ആരംഭിച്ചു.