ലോകം മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് ചൈനയുടെ ഡീപ്സീക്കിന്റെ വരവ്. വിലകുറഞ്ഞ ഈ മോഡൽ ലോകത്തിലുള്ള എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാമെന്നതിനാൽ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്ത് എത്തി, ഒറ്റ ദിവസം കൊണ്ടാണ് യുഎസിന്റെ വിപണി ഡീപ്സീക്ക് കയ്യടക്കിയത്. ഇതോടെ യുഎസിലെ ടെക് ഓഹരികളിൽ വലിയതോതിൽ ഇടിവും ഉണ്ടായി. യു എസ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ ലോകം കീഴടക്കാൻ പദ്ധതിയിട്ട സമയത്താണ് ഡീപ്സീക്കിന്റെ ഈ വരവ്. ഡീപ്സീക്ക് വിപണി കയ്യടക്കിയതോടെ ടെക് ലോകത്തെ ഭീമന്മാർ എല്ലാം പത്തി മടക്കിയിരിക്കുകയാണ്.
എന്താണ് ഡീപ്സിക്ക്
ChatGPT പോലെയുള്ള സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ്, ഡാറ്റ വിശകലനം, വിവിധ മെഷീൻ ലേണിംഗ് ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള ജോലികൾക്കായി അടുത്തിടെ പുറത്തിറക്കിയ AI- പ്ലാറ്റ്ഫോമാണ് ഡീപ്സീക്ക് വി3 ആപ്പ്.
അധികമാര്‍ക്കും അറിയാത്ത ഒരു ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി മാത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ വരെ ഡീപ്സീക്ക്. എന്നാൽ ലോകം മുഴുവൻ ചർച്ചാവിഷയമായി മാറിയ ഡീപ്സീക്ക് 40 കാരനായ ലിയാങ് വെൻഫെങ്ങ് എന്ന വ്യവസായി 2003 ലാണ് സ്ഥാപിക്കുന്നത്. 2015-ൽ, സെജിയാങ് സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഹൈ-ഫ്ളയർ എന്ന ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ടിന്റെ സഹസ്ഥാപകനായി. ഹൈ-ഫ്ളയർ വഴി, മാർക്കറ്റ് ട്രെൻഡുകൾ പ്രവചിക്കാനും നിക്ഷേപപരമായ തീരുമാനങ്ങൾ എടുക്കാനും അദ്ദേഹം ട്രേഡിംഗ് തന്ത്രങ്ങൾക്കായി AI ഉപയോഗിച്ചു. 2021-ൽ, ജോ ബൈഡൻ്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ AI ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കുന്നതിന് മുമ്പ്, അദ്ദേഹം ആയിരക്കണക്കിന് എൻവിഡിയ ഗ്രാഫിക്സ് പ്രോസസറുകൾ AI സൈഡ് പ്രോജക്റ്റായി വാങ്ങാൻ തുടങ്ങി. ഡീപ്സീക്കിനെ തുടക്കത്തിൽ ഒരു സൈഡ് പ്രോജക്റ്റായിട്ടാണ് കണ്ടിരുന്നതെങ്കിലും, കമ്പനിയിലും അതിൻ്റെ ഗവേഷണത്തിലും ലിയാങ് വ്യക്തിപരമായി ഏർപ്പെട്ടിരുന്നു. ചൈനീസ് സർവ്വകലാശാലകളിൽ നിന്ന് മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്ത് മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ TikTok ൻ്റെ മാതൃ കമ്പനിയായ ByteDance-ൻ്റെ സ്കെയിലിൽ അവർക്ക് പണം നൽകി ഡീപ്സീക്കിനെ AI-യിൽ രാജ്യത്തെ ഒരു നേതാവാക്കാനും അദ്ദേഹം പദ്ധതിയിട്ടു. ലാഭം നോക്കാതെ ഭാവി മുന്നിൽ കണ്ടായിരുന്നു പ്രവർത്തനം.
“പുതിയ AI ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും ഹെയർസ്റ്റൈലും രൂപവും കണ്ട് ആദ്യം കാര്യമായെടുത്തില്ല “- ഡീപ്സീക്ക് സ്ഥാപകനായ ലിയാങ്ങിൻ്റെ ബിസിനസ്സ് പങ്കാളിയുടെ അദ്ദേഹത്തെപ്പറ്റിയുള്ള വാക്കുകളാണിത്.
കമ്പനികളെ ഞെട്ടിച്ച് പുറത്തിറങ്ങി
2023 നവംബറിൽ കോഡിങ്ങിനായി ഡീപ്സീക്ക് കോഡറും അതിനുമുമ്പ് സീക്ക് എൽഎമ്മും കമ്പനി വിപണിയിൽ എത്തിച്ചായിരുന്നു അന്താരാഷ്ട്ര വിപണിയിൽ തുടക്കം. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന ഡീപ്സീക്ക് 2024 മെയിൽ പുറത്തിറക്കി. ഇത് വിപണിയെ ആകെ ഞെട്ടിച്ചു. ബൈറ്റ്ഡാൻസ്, ടെൻസെന്റ്, ബൈദു, ആലിബാബ എന്നിവർ ഈ സമയത്ത് വിലകുറച്ച് പിടിച്ചുനിന്നു. അതിനുശേഷം 236 ബില്യൺ പാരാമീറ്റർ ഡീപ്സീക്ക് ആർ1 എന്ന എഐ മോഡലും കമ്പനി പുറത്തിറക്കി. മറ്റുള്ള കമ്പനികൾക്ക് ചെലവ് ആയതിന്റെ പത്ത് ശതമാനത്തിൽ താഴെ തുക മാത്രമേ ഡീപ്സീക്കിന് ചെലവായുള്ളൂ. ഗൂഗിള്‍, മെറ്റാ, ഓപ്പൺഎഐ, മൈക്രോസോഫ്റ്റ്, ആമസോൺ, ടെസ്ല തുടങ്ങിയ ടെക് ഭീമന്മാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് കമ്പനി അടുത്തിടെ ഡീപ്പ്സീക്ക് വി3 (DeepSeek V3) എന്ന എ.ഐ മോഡൽ പുറത്തിറക്കി.
ഡീപ്സീക്കിന്റെ വിലക്കുറവ്
ചൈനയുടെ AI കമ്പനിയായ ഡീപ്സീക്ക് (DeepSeek), യുഎസിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പ് എന്ന നിലയിൽ ChatGPT യ്ക്ക് വലിയ വെല്ലുവിളിയായി മാറി. മറ്റ് മുൻനിര മോഡലുകൾക്ക് 16,000 ചിപ്പുകളോ അതിൽ കൂടുതലോ വേണ്ടിവരുമ്പോൾ DeepSeek-V3 വികസിപ്പിക്കാൻ എൻവിഡിയയുടെ 2,000 ചിപ്പുകൾ മാത്രമാണ് വേണ്ടിവന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതാണ് DeepSeek-നെ ശ്രദ്ധേയമാക്കുന്നത്. പഴയ ജനറേഷൻ ജിപിയു ഉപയോഗിച്ചാണ് അവരിത് സാധ്യമാക്കിയത്. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ കമ്പ്യൂട്ടർ ജി പിയുകൾ ആവശ്യമാണ്. ഡീപ്സീക്ക് വിലകുറഞ്ഞ എച്ച്800 എന്ന പഴയ ജി. പി. യു ഉപയോഗിച്ച് പഴയ ജിപിയു കളുടെ ശേഷി കൂട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പുറമേ മൾട്ടി ഹെഡ് ലാറ്റഡ് അറ്റൻഷൻ ടെക്നിക്കൽ ഡിസൈനും യുവ ഗവേഷകരുടെ സാന്നിധ്യവും ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ അതിനൂതന സംവിധാനമുള്ള എഐയും മോഡൽ റെഡിയാക്കി.
ചാറ്റ് ജി.പി.ടി -4 മോഡലിനെ ട്രെയിന്‍ ചെയ്യിക്കാന്‍ 100 മില്യന്‍ ഡോളറാണ് (ഏകദേശം 863 കോടി രൂപ) ഓപ്പണ്‍എ.ഐ മുടക്കിയത്. ആ സമയം ഡീപ്സീക്ക് വി3ക്ക് വേണ്ടി ചെലവായത് വെറും 5.6 മില്യന്‍ ഡോളര്‍ (ഏകദേശം 48.3 കോടി രൂപ) മാത്രം.
യുഎസ് മോഡലുകളെ കടത്തിവെട്ടി
വിപണി കീഴടക്കിയപ്പോൾ ഡീപ്സീക്ക് ആർ വൺ എന്ന പുതിയ മോഡലും പുറത്തിറക്കി. യുഎസ് മോഡലുകൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇത്. ചാറ്റ് ജി പി ടി -4 (ഓപ്പൺ എഐ), ക്ളോഡ് 3.5 (ആന്ത്രോപിക്), സോണറ്റ്, ലാമാ 3.3( മെറ്റ) എന്നിവയുടെ പല ബെഞ്ച് മാർക്കുകളും മറികടക്കാൻ ഡീപ്സീക്കിന് കഴിഞ്ഞു. കോഡിങ് മാച്ച് കണ്ടെത്തൽ എന്നിവയിൽ എല്ലാം ഡീപ്സീക്ക് വളരെ മുന്നിൽ നിൽക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു എസ് എ മോഡലുകളെ ഓപ്പൺസോഴ്സ് രൂപത്തിൽ എത്തിയ ഡീപ്സീക്ക് മോഡലുകൾ പ്രശ്നത്തിലാക്കിയിരിക്കുകയാണ്.
വിപണി കീഴടക്കി
യുഎസ് വിപണികളിൽ ഡീപ്സീക്ക് ലോഞ്ച് ചെയ്തതിന് ശേഷം, യുഎസ് മാർക്കറ്റ് തകർന്നു, പ്രത്യേകിച്ച് എൻവിഡിയ പോലുള്ള ബിഗ് ടെക് സ്റ്റോക്കുകൾ 17% ഇടിവ് റിപ്പോർട്ട് ചെയ്തു. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് ഏകദേശം 465 ബില്യൺ ഡോളർ കുറഞ്ഞു.
ഡീപ്സീക്കിന്റെ വരവോടെ മൈക്രോസോഫ്റ്റ്, മെറ്റാ, ടെസ്ല, ആമസോൺ തുടങ്ങിയ യുഎസ് ടെക് ഓഹരികൾ ഒരു ട്രില്യൺ ഡോളറിൻ്റെ നഷ്ടം നേരിട്ടു. ആപ്പിൾ, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, തുടങ്ങിയ കമ്പനികൾക്കും വലിയ നഷ്ടം സംഭവിച്ചു. ആൽഫബെറ്റിൽ 2%-ൽ അധികം ഇടിവ് നേരിട്ടപ്പോൾ, ഓപ്പൺ എഐയിൽ കോടികൾ നിക്ഷേപിച്ച മൈക്രോസോഫ്ട് 3%-നോട് അടുത്ത് ഇടിവ് നേരിട്ടു. നാസ്ഡാക്ക് കോമ്പോസിറ്റ് 3.1% വും ഇടിഞ്ഞു.
അമേരിക്ക എങ്ങനെ കാണുന്നു
ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റപ്പോൾ 500 ബില്യൺ ഡോളറിന്റെ, ലോകത്തിലെ ഏറ്റവും വലിയ എഐ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചൈനയെ വെല്ലുന്ന രാജ്യമായി യുഎസ് മാറുമെന്നും അതിനായി ഓപ്പൺ എഐ, ഒറാക്കിൾ, സോഫ്റ്റ് ബാങ്ക് തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളെ ഒരുമിപ്പിക്കുമെന്നും എന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്താണ് ലോകം മുഴുവൻ കീഴടക്കിയ യുഎസ് ടെക് ഭീമന്മാരെയും മറികടന്ന് ഡീപ് സീക്കിന്റെ വരവും വിപണി കീഴടക്കലും.
അതേസമയം ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിൻ്റെ ടെക്നോളജി അമേരിക്കൻ കമ്പനികൾക്ക് പ്രചോദനമാകണമെന്നും ചൈനയിലെ കമ്പനികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വിലകുറഞ്ഞതും വേഗതയേറിയതുമായ രീതി ലോകത്ത് കൊണ്ടുവരുന്നത് നല്ലതാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.