രാജ്യം മുഴുവൻ അറിയപ്പെടുന്ന കമ്പനിയാണ് സോമാറ്റോ. ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ സ്ഥാനം സ്വന്തമാക്കി 2024-ൽ സോമാറ്റോയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ കടന്നു. 2024 സാമ്പത്തിക വർഷത്തിൽ 351 കോടി രൂപ ലാഭം നേടിയതോടെ സോമാറ്റോ ഒരു ശക്തമായ ടെക് കമ്പനിയായി മാറിയിരിക്കുകയാണ്. മത്സരം ഏറെയുള്ള ഈ വിപണിയിൽ വിജയിക്കാൻ കഴിയുന്ന ഒരു കമ്പനിയാണെന്ന് സോമാറ്റോ തെളിയിച്ചു.
പ്രധാന വരുമാന മാർഗം
ഫുഡ് ഡെലിവറി തന്നെയാണ് സോമാറ്റോയുടെ പ്രധാന വരുമാന സ്രോതസ്സ്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിന്റെ 50% ത്തിലധികവും ഫുഡ് ഡെലിവെറിയിൽ നിന്നാണ് ലഭിച്ചത്. മോതിലാൽ ഓസ്വാൾ റിപ്പോർട്ട് പ്രകാരം, 58% വിപണി വിഹിതത്തോടെ സോമാറ്റോ മത്സരാർത്ഥികളായ സ്വിഗ്ഗിയെ പിന്തള്ളി.
ഓർഡർ എണ്ണം വർദ്ധിക്കുന്നത് കുറഞ്ഞിട്ടും ഓരോ ഓർഡറിന്റെയും ലാഭം വർദ്ധിച്ചു. ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും, ഉപഭോക്താക്കൾ കൂടുതൽ തവണ ഓർഡർ ചെയ്യുകയും ചെയ്യുന്നതിനാണ് സോമാറ്റോ ശ്രദ്ധ കൊടുക്കുന്നത്. ഇത് വിപണിയിലെ നേതൃസ്ഥാനം നിലനിർത്താൻ സഹായിക്കും. കൂടാതെ, ലാഭം കൂട്ടുന്നതിന് ഓർഡർ ചെയ്യുമ്പോൾ ഈടാക്കുന്ന ഫീസ് വർദ്ധിപ്പിക്കാനും സോമാറ്റോ പദ്ധതിയിടുന്നു.
ബ്ലിങ്കിറ്റ്: വേഗത്തിൽ വളരുന്നു
സോമാറ്റോയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റ് വളരെ വേഗത്തിലാണ് വളരുന്നത്. 2025-ലെ രണ്ടാം ത്രൈമാസത്തിൽ ബ്ലിങ്കിറ്റിന്റെ വരുമാനം 1,156 കോടി രൂപയായി ഉയർന്നു. ഇത് 2024 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനത്തിന്റെ പകുതിയാണ്. വരുമാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും ബ്ലിങ്കിറ്റ് ഇപ്പോഴും ലാഭമുണ്ടാക്കുന്നില്ല. സെപ്റ്റോ പോലുള്ള മത്സരാർത്ഥികളും ശക്തമായി ഈ രംഗത്ത് പ്രവർത്തിക്കുന്നതിനാലാണിത്.
ബ്ലിങ്കിറ്റിന്റെ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ സോമാറ്റോ പദ്ധതിയിടുന്നു. ഇതിനായി ഫ്രാഞ്ചൈസി വഴിയും സ്വന്തമായി സ്റ്റോറുകൾ തുറക്കുകയും ചെയ്യും. ചെലവ് കുറച്ച് കൊണ്ടുതന്നെ ലാഭം കിട്ടുന്ന രീതിയാണ് ലക്ഷ്യം.
ബ്ലിങ്കിറ്റ്, ബിസ്ട്രോ പോലുള്ള പുതിയ സംരംഭങ്ങൾ വഴിയും സേവനങ്ങൾ വിപുലീകരിക്കാനും ലാഭം കൂട്ടാനും സോമാറ്റോ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം പുതിയ സംരംഭങ്ങൾക്ക് അപകടസാധ്യതകളുമുണ്ട്.
ഹൈപ്പർപ്യൂർ
റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് ബിസിനസുകൾ എന്നിവയ്ക്ക് സാധനങ്ങൾ നൽകുന്ന ഒരു ബിസിനസ്-ടു-ബിസിനസ് (B2B) പ്ലാറ്റ്ഫോമാണ് ഹൈപ്പർപ്യൂർ. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ഹൈപ്പർപ്യൂർ വിഭാഗത്തിന്റെ വരുമാനം വർദ്ധിച്ചു. 2025-ലെ രണ്ടാം ത്രൈമാസത്തിൽ ഹൈപ്പർപ്യൂറിന്റെ വരുമാനം 1,473 കോടി രൂപയായി ഉയർന്ന് ലാഭത്തിന് അടുത്തെത്തി. ഹോട്ടൽ, റെസ്റ്റോറന്റ്, കഫേ മേഖലയിൽ ഹൈപ്പർപ്യൂറിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ പല മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനാണ് സോമാറ്റോ പദ്ധതിയിടുന്നത്.
പ്രധാന വെല്ലുവിളികൾ
- സ്വിഗ്ഗി, സെപ്റ്റോ തുടങ്ങിയ മത്സരാർത്ഥികൾ പ്രധാന വെല്ലുവിളിയാണ്. കൂടുതൽ ക്വിക്ക് കോമേഴ്സ് ഭീമന്മാരും വിപണിയുടെ മുൻനിരയിൽ ഉണ്ട്.
- ചെറുകിട കച്ചവടക്കാരെ ഇത് ബാധിക്കുമെന്ന ആശങ്കയുള്ളതിനാൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ നിയന്ത്രണ നടപടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- പെട്ടന്ന് ഡെലിവറി ചെയ്യുന്ന ഭക്ഷണങ്ങളുടെ ഗുണമേന്മയെപ്പറ്റി ഒരുപാട് വിമർശനങ്ങൾ ഉയരുന്നത് കമ്പനിയുടെ വികസനത്തെയും ബാധിച്ചേക്കാം.
ഭാവിയിൽ ഈ വളർച്ച തുടർച്ചയായി നിലനിർത്തുകയും മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളെ നേരിടുകയും ചെയ്യുകയാണ് സോമാറ്റോയുടെ ഇപ്പോഴത്തെ വെല്ലുവിളി. എന്നിരുന്നാലും ചെറിയ ഒരു ബൂട്സ്ട്രാപ്പിങ് ബിസിനസ് ആയി തുടങ്ങിയ സോമാറ്റോ വളരെ പെട്ടന്നാണ് ഇത്രയും വലിയ വളർച്ച കൈവരിച്ചത്. ഇത് മുൻനിർത്തി നോക്കുമ്പോൾ വെല്ലുവിളികളെ വളരെ വേഗത്തിൽ മറികടന്ന് വിജയിക്കുന്ന പാതയിലാണ് ഇപ്പോൾ സോമാറ്റോ.