നമ്മുടെ ശമ്പളമാണ് നമ്മുടെ ജീവിതശൈലിയെ ഏറ്റവും കൂടുതൽ നിർണയിക്കുന്നത്. മനസ്സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതത്തിൽ പണത്തിന്റെ ഉപയോഗത്തിന് വളരെ പ്രാധാന്യമുണ്ട്. നിങ്ങളുടെ ശമ്പളം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള ചില വഴികൾ ഇതാ.
ബഡ്ജറ്റ് പ്ലാൻ തയ്യാറാക്കുക
നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ അടിസ്ഥാനമാക്കി കൃത്യമായി ബഡ്ജറ്റ് പ്ലാൻ ചെയ്യുക. വാടക, ഭക്ഷണം, യാത്ര, ബില്ലുകൾ, വൈദ്യുതി, ഇൻ്റർനെറ്റ്, പ്രതിമാസ ലോണടവുകൾ തുടങ്ങി അടിസ്ഥാന ചെലവുകൾ കണക്കാക്കി ബഡ്ജറ്റ് തയ്യാറാക്കുക. ശേഷം ഈ ബഡ്ജറ്റ് പ്ലാനിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ വരുമാനത്തിൻ്റെ 50% ആവശ്യങ്ങൾക്കും 15% വ്യക്തിഗത ചെലവുകൾക്കും 35% സമ്പാദ്യത്തിനും വേണ്ടി ചെലവഴിക്കണം.
നിങ്ങളുടെ ചെലവ് ശ്രദ്ധിക്കുക
നിങ്ങൾ എത്രമാത്രം ചെലവാക്കുന്നുവെന്നും എന്തിന് വേണ്ടിയാണെന്നും നിരീക്ഷിക്കുക, പ്രത്യേകിച്ചും വ്യക്തിഗത ചെലവുകളുടെ കാര്യത്തിൽ. ഷോപ്പിംഗിനും എന്റർടൈൻമെന്റിനുമായി ചിലവാക്കുന്ന തുക ഇതിലുൾപ്പെടും. ഇതൊന്നും ഒഴിവാക്കരുതെന്നല്ല, ആ ചെലവിൽ 500 രൂപ കുറച്ചാൽ പോലും ഒരുപാട് ദൂരം പോകാനാകുമെന്ന് ഓർക്കുക.
ലക്ഷ്യങ്ങൾ മനസിലാക്കുക
ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളായ ബിരുദാനന്തര ബിരുദം, വീട് വാങ്ങൽ, ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം എന്നിവയും ഹ്രസ്വകാലത്തേക്കുള്ള യാത്രകൾ, ബൈക്കോ കാറോ വാങ്ങൽ, പുതിയ ഫർണിച്ചർ വാങ്ങൽ തുടങ്ങിയ എന്തുമാകാം. നിങ്ങളുടെ ലക്ഷ്യങ്ങൾ എന്താണെന്നതിനെ അടിസ്ഥാനമാക്കി, എത്ര തുക നീക്കിവെക്കണമെന്നും ഇതിന് എത്ര സമയമെടുക്കുമെന്നും നിങ്ങൾക്ക് തീരുമാനിക്കാം.
നിങ്ങളുടെ കുടിശ്ശിക അടയ്ക്കുക
നിങ്ങളുടെ കടങ്ങൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നത് അനാവശ്യ ചെലവുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കും.
മിക്ക ക്രെഡിറ്റ് കാർഡുകളും പലിശത്തുകയും അറ്റാച്ച് ചെയ്തിട്ടുള്ളതാണ്. വൈകുന്ന പേയ്‌മെൻ്റുകൾ നിങ്ങളുടെ കടം വർദ്ധിപ്പിക്കുന്നു. നിങ്ങൾ സ്ഥിരമായി സമ്പാദിക്കാൻ തുടങ്ങിയാൽ കടം ആദ്യം അടയ്ക്കുന്നതിന് മുൻഗണന നൽകുക.
സ്വന്തം ഇഷ്ടങ്ങൾക്കും പണം മാറ്റിവെയ്ക്കുക
നിങ്ങൾ ഭാവിക്കായി ആസൂത്രണം ചെയ്യുന്നു എന്നതിനാൽ നിങ്ങളുടെ സന്തോഷം മാറ്റിവെയ്ക്കണമെന്ന് അർത്ഥമാക്കുന്നില്ല.
ഒരു അവധി എടുത്ത് യാത്ര ചെയ്യുക അല്ലെങ്കിൽ ഇടയ്ക്കിടെ നിങ്ങൾ ആഗ്രഹിച്ച എന്തെങ്കിലും വാങ്ങുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാൻ ഈ റിവാർഡുകൾ നിങ്ങളെ സഹായിക്കുന്നു.
ഇൻവെസ്റ്റ് ചെയ്യുക
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) പോലെ ലളിതവും താങ്ങാനാവുന്നതുമായ ഒരു ഇൻവെസ്റ്റ് മാർഗം കണ്ടെത്തുക. നിങ്ങൾ നിക്ഷേപിക്കുമ്പോൾ എത്ര റിസ്‌ക് എടുക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ഏത് തരത്തിലുള്ള ഓപ്ഷനുകളിലാണ് നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെന്നും കണ്ടെത്തുക. നിങ്ങൾക്ക് ഏറ്റവും സുഖപ്രദമായ നിക്ഷേപം എന്താണെന്ന് മനസ്സിലാക്കാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുക.