ബെംഗളൂരുവിലെ ബ്ലിങ്കിറ്റ് കമ്പനിയിലെ സോഫ്റ്റ്വെയർ ഡെവലപ്മെൻ്റ് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷിച്ചത് 13,451 പേർ. 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം അപേക്ഷകൾ ലഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ ഒരു യൂസറാണ് ബ്ലിങ്കിറ്റിലെ ഈ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.
അപേക്ഷകരിൽ 74% എൻട്രി ലെവൽ പ്രൊഫഷണലുകളും 13% സീനിയർ ലെവൽ അപേക്ഷകരുമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, 86% പേർക്ക് ബാച്ചിലേഴ്സ് ഡിഗ്രിയും 12% പേർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയുമുണ്ടായിരുന്നു.
ഈ പോസ്റ്റ് ഓൺലൈനിൽ ശക്തമായ ചർച്ചയ്ക്ക് വഴിയൊരുക്കി. കൂട്ടപ്പിരിച്ചുവിടലുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, പുതിയ ബിരുദധാരികളുടെ വർദ്ധനവ് എന്നിവയെല്ലാം അപേക്ഷകളുടെ പ്രളയത്തിന് കാരണമാണെന്ന് എക്സ് യൂസേഴ്സ് ചർച്ച ചെയ്തു.
“സ്വന്തമായി ഒരു കമ്പനി തുടങ്ങുന്നതാണ് നല്ലത്, ഈ സാഹചര്യത്തിൽ, ജോലി കിട്ടുന്നതിനേക്കാൾ വിജയിക്കാൻ സാധ്യത അതിനാണ്” പോസ്റ്റിനോട് പ്രതികരിച്ച ഒരു യൂസർ അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ റീച്ച് കൂടിയപ്പോൾ തൊഴിൽ വിപണിയിലെ കടുത്ത മത്സരത്തെക്കുറിച്ചും സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ചും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി.