കോവിഡിന് ശേഷം ഇന്ത്യൻ ടെക്നോളജി മേഖലയിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് ഉണ്ടായത്. അതിൽ തന്നെ ഇ-കോമേഴ്സ് മേഖല ഗംഭീര വളർച്ച കൈവരിച്ചു. ഇന്ത്യയുടെ ഇ-കൊമേഴ്സ് മേഖല ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്തിട്ടുള്ളതാണ്. കൂടാതെ ഓരോ ദിവസവും ടെക്നോളജിയിൽ വരുന്ന മാറ്റവും ഇ കോമേഴ്സ് മേഖലയെ വളർത്തുന്നു. 2026 ഓടെ 200 ബില്യൺ ഡോളറിന്റെ വിപണി വലുപ്പം കൈവരിക്കാൻ സാധ്യതയുള്ള ഈ മേഖല, ഇന്ത്യൻ ഷോപ്പിംഗ് രീതികളെ പുനർനിർവചിക്കുകയും ബിസിനസുകൾക്ക് അതുല്യമായ അവസരങ്ങൾ സൃഷ്ടിക്കുകയും റീട്ടെയിൽ രംഗത്തെ മാറ്റുകയും ചെയ്യുന്നു.
ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി
ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വലിയ തോതിൽ വളർച്ച കൈവരിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി മാറി. 2022-ൽ ഈ മേഖലയുടെ മൂല്യം ഏകദേശം 75 ബില്യൺ ഡോളറായിരുന്നു. 2026-ഓടെ ഈ മേഖല മൂന്നു മടങ്ങ് വളരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.
1.ഇൻറർനെറ്റ് വ്യാപനവും സ്മാർട്ട്ഫോൺ ഉപയോഗവും
ഇന്ത്യയിൽ 700 മില്യണിൽ കൂടുതൽ ആളുകൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഇത് 2025-ഓടെ 900 മില്യൺ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈൽ ഇ-കൊമേഴ്സ് ഈ മേഖലയിലെ ഇടപാടുകളുടെ 70% ഉൾകൊള്ളുന്നതായാണ് റിപ്പോർട്ടുകൾ. നഗരവും ഗ്രാമവും ഉൾപ്പെടെ ഏത് വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കും വിലകുറഞ്ഞ ഡാറ്റാ പ്ലാനുകളും സ്മാർട്ട്ഫോണുകളും ഉപയോഗിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു.
2.മിഡിൽ ക്ലാസ് ജനങ്ങളുടെ ഇ- കോമേഴ്സ് താല്പര്യം
ഉയർന്ന നിക്ഷേപസാധ്യതയുള്ള മിഡിൽ ക്ലാസ് ജനങ്ങൾ ഇ-കൊമേഴ്സിന്റെ പ്രധാന വളർച്ചാ ഘടകമാണ്. കൂടുതൽ സൗകര്യം, വൈവിധ്യം, ഓഫർ വില എന്നിവ മിഡിൽ ക്ലാസ് ജനങ്ങൾ ഓൺലൈൻ ഷോപ്പിംഗിനെ സ്വീകരിക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്.
3.ഗ്രാമപ്രദേശങ്ങളിലേക്കുള്ള വ്യാപനം
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഡെലിവറി ഗ്രാമപ്രദേശങ്ങളിലും ഇപ്പോൾ സുലഭമാണ്. വേഗത്തിലുള്ള ഡെലിവറി, റിട്ടേൺ പോളിസികൾ, ഓഫറുകൾ എന്നിവയെല്ലാം ഗ്രാമത്തിലുള്ള ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗിനോട് താല്പര്യമേറാനുള്ള ഘടകങ്ങളാണ്.
4.സർക്കാർ സംരംഭങ്ങൾ
ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ പോലുള്ള പ്രോജക്ടുകൾ ഡിജിറ്റൽ ബിസിനസുകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികൾ ഇ-കൊമേഴ്സ് രംഗത്തെ നൂതനതയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നു.
5.ആഗോള നിക്ഷേപങ്ങൾ
ആമസോൺ, വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട്, റിലയൻസ് ജിയോ മാർട്ട് തുടങ്ങിയ പ്രധാന കമ്പനികൾ ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖലയിൽ വൻതോതിൽ നിക്ഷേപിക്കുന്നു, മേഖലയുടെ ശക്തമായ വളർച്ചയ്ക്ക് സഹായകമാകുന്നു.
ഇ-കൊമേഴ്സ് രംഗത്തെ വളർച്ചയെ സ്വാധീനിക്കുന്ന ട്രെൻഡുകൾ
1.ഡയരക്റ്റ്-ടു-കൺസ്യൂമർ (D2C) ബ്രാൻഡുകളുടെ ഉയർച്ച
ഇന്ത്യൻ ഉപഭോക്താക്കൾക്ക് D2C ബ്രാൻഡുകളോടുള്ള ആകർഷണം ഉയരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും മത്സരാധിഷ്ഠിത വിലയിൽ ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യുന്ന ഈ ബ്രാൻഡുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു.
2.സോഷ്യൽ മീഡിയ മാർക്കറ്റിങ്
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനപ്രിയ മാർക്കറ്റുകളാകുന്നു. ചെറിയ ബിസിനസുകൾ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുമായി നേരിട്ട് ബിസിനസ് ചെയ്യുന്നു.
3.പേയ്മെന്റ് സംവിധാനങ്ങളിലെ വ്യത്യസ്തത
UPI, ബൈ നൗ, പേ ലേറ്റർ (BNPL) പോലുള്ള സുരക്ഷിതവും സൌകര്യപ്രദവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
4.AI യും കസ്റ്റമൈസിഷനും
കമ്പനികൾ ഉപഭോക്തൃ താല്പര്യം മനസിലാക്കാനും വിശകലനം ചെയ്യാനും, ഉൽപ്പനങ്ങൾ കസ്റ്റമൈസ് ചെയ്യാനും AI, ML എന്നിവ ഉപയോഗിക്കുന്നു.
5.ടിയർ 2, 3 നഗരങ്ങളിലെ വളർച്ച
ചെറിയ നഗരങ്ങൾ ഇ-കൊമേഴ്സ് വിൽപ്പനയിൽ വലിയ സംഭാവന നൽകുന്നു.
200 ബില്യൺ ഡോളറിന്റെ ലക്ഷ്യത്തിലേക്ക്
2026 ഓടെ $200 ബില്യൺ വിപണി വലുപ്പം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ഇ-കൊമേഴ്സ് മേഖല അതിശയകരമായ വളർച്ചാ പാതയിലാണ്. ടെക്നോളജിയുടെ വളർച്ച, ഉപഭോക്തൃ താല്പര്യം അടിസ്ഥാനമാക്കിയുള്ള സേവനം, അനുകൂലമായ സർക്കാർ നയങ്ങൾ എന്നിവ ഈ മാറ്റത്തിന് കരുത്ത് നൽകുന്നു. ബിസിനസ് അപ്ഡേറ്റുകൾ ശ്രദ്ധയിൽ വച്ച് നൂതന തന്ത്രങ്ങൾ സ്വീകരിക്കുന്ന കമ്പനികൾ ഈ വളർച്ചാ മേഖലയിൽ മികച്ച വളർച്ച നേടും.