ഓൺലൈൻ ഷോപ്പിംഗിലേക്ക് പുനർപ്രവേശിക്കുന്നു എന്ന് പറയുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ, ടാറ്റ ഗ്രൂപ്പിൻ്റെ ബിബിനൗ എന്നിവ ഏറ്റെടുക്കാനല്ല ഉദ്ദേശിക്കുന്നത്. കമ്പനിയുടെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ അടുത്ത മാസം ക്വിക്ക് കൊമേഴ്‌സ് സംരംഭത്തിലേക്കുള്ള റീ എൻട്രിക്കായി ഈ പ്ലാറ്റ്‌ഫോമുകളുടേത് പോലെ 10 മിനിറ്റ് ഡെലിവറി മോഡൽ പുറത്തിറക്കില്ലെന്നാണ് റിപ്പോർട്ട്. റിലയൻസ് റീട്ടെയിൽ ക്വിക്ക് കൊമേഴ്‌സിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനായി ഒരു ഇൻ്റർ ഡിപ്പാർട്ട്മെൻ്റൽ ടീമിന് രൂപം നൽകിയിട്ടുണ്ട്. റിലയൻസ് റീട്ടെയിലിൻ്റെ ഗ്രോസറി ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് ദാമോദർ മാൾ, ജിയോമാർട്ട് ചീഫ് എക്‌സിക്യൂട്ടീവ് സന്ദീപ് വരഗന്തി, കോർപ്പറേറ്റിലെ സീനിയർ ടീം എന്നിവർ ചേരുന്ന ടീമിനെ കൂടുതൽ വിഭാഗങ്ങൾ ചേർക്കുന്നതിനനുസരിച്ച് വിപുലീകരിക്കും. 2020-ൽ കൊവിഡ്-19 പാൻഡെമിക് സമയത്ത് ജിയോമാർട്ടിലൂടെ റിലയൻസ് ഗ്രോസറി-ഡെലിവറി രംഗത്ത് പ്രവേശിച്ചു. കമ്പനി ആമസോണിൻ്റെയും ഫ്ലിപ്കാർട്ടിൻ്റെയും അതേ മാതൃകയാണ് പിന്തുടർന്നിരുന്നത്, ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവപോലെ അതേ ദിവസം തന്നെ ഡെലിവറി ചെയ്യുന്ന മോഡൽ സ്വീകരിച്ചില്ല.
റിലയൻസ് റീട്ടെയിലിൻ്റെ സാധ്യതയുള്ള മോഡൽ
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ നിലവിലുള്ള ക്വിക്ക് കൊമേഴ്‌സ് കമ്പനികളേക്കാൾ വിശാലമായ ഗ്രോസറി ശേഖരണത്തോടെ 30 മിനിറ്റ് ഡെലിവറി മോഡലാണ് ആസൂത്രണം ചെയ്യുന്നത്. റിലയൻസിൻ്റെ സ്വന്തം സ്റ്റോറുകളും നിന്നും 20 ലക്ഷം വരുന്ന പലചരക്ക് കടകളിൽ നിന്നുമാണ് ഉത്പന്നങ്ങൾ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. കിരാനകൾ എന്നറിയപ്പെടുന്ന ഇത്തരം പലചരക്ക് കടകൾ ജിയോ മാർട്ടിന്റെ പങ്കാളിത്ത സംരംഭത്തിന്റെ ഭാഗമാണ്. റിലൈൻസ് റീറ്റെയ്‌ലിന്റെ ഹോൾസെയിൽ വിഭാഗത്തിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനാൽ ഇവർ ബന്ധപ്പെട്ടിരിക്കുന്നു. ബ്ലിങ്കിറ്റോ ഇൻസ്റ്റാമാർട്ടോ നടത്തുന്നത് പോലെയുള്ള 10 മിനിറ്റ് ഡെലിവറി സിസ്റ്റം പിന്തുടരാത്തതിനാൽ, കമ്പനി FYND, ലോക്കസ് തുടങ്ങിയ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമെന്നും 30 മിനിറ്റിനുള്ളിൽ ഓർഡറുകൾ എത്തുമെന്ന് ഉറപ്പാക്കുന്നതിന് ഡെലിവറി റൂട്ടുകൾ ഒപ്റ്റിമൈസ് ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു.
റിലയൻസ് റീട്ടെയിലിൻ്റെ ക്വിക്ക് കൊമേഴ്‌സ് സംരംഭം തുടക്കത്തിൽ പലചരക്ക് സാധനങ്ങൾ മാത്രമേ വിൽക്കുന്നുള്ളു. വരും കാലത്ത്, റിലയൻസ് റീട്ടെയിലിൻ്റെ 19,000-ത്തിലധികം സ്റ്റോറുകളെ ഉപയോഗിച്ച് വസ്ത്രങ്ങളുടെയും ഇലക്ട്രോണിക്‌സിൻ്റെയും ക്വിക്ക് ഡെലിവറി സിസ്റ്റം കൂടെ ചേർക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. 10 മിനിറ്റിൽ സാധനങ്ങൾ ലഭിക്കുന്നതിനേക്കാൾ മിക്ക സാധനങ്ങൾക്ക് വേണ്ടിയും കാത്തിരിക്കാൻ ഉപഭോക്താക്കൾ തയ്യാറാണെന്നാണ് കമ്പനി നടത്തിയ റിസർച്ച് പ്രകാരം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിലയൻസിൻ്റെ ഉപഭോക്താക്കൾക്കുള്ള ആനുകൂല്യം വിശാലമായ ശേഖരത്തിൽ നിന്നും ഡീലുകളിൽ നിന്നും സാദനങ്ങൾ ലഭിക്കുന്നു എന്നതായിരിക്കും. നിലവിലെ ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച 8-10 നഗരങ്ങളിൽ മാത്രമല്ല റിലയൻസിൻ്റെ സംരംഭം ഇന്ത്യയിലുടനീളം വിപുലീകരിക്കുമെന്നാണ് പറയപ്പെടുന്നത്.
ജിയോമാർട്ടിൻ്റെ പുതിയ ലോഞ്ച് ടൈംലൈൻ
ഡൽഹി-എൻസിആർ, മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ എട്ട് നഗരങ്ങളിൽ റിലയൻസിൻ്റെ സംരംഭം അടുത്ത മാസം ആരംഭിക്കും. നിലവിലുള്ള ജിയോമാർട്ട് ആപ്പിൽ സംയോജിപ്പിക്കുന്ന പദ്ധതിക്ക് ‘ജിയോമാർട്ട് എക്സ്പ്രസ്’ എന്നാണ് കമ്പനി തുടക്കത്തിൽ പേരിട്ടിരിക്കുന്നത്. 2023ല്‍ ജിയോ മാർട്ട് എക്സ്പ്രസ് എന്ന പേരിൽ തന്നെ ഈ പദ്ധതിയുടെ ഒരു പൈലറ്റ് പദ്ധതി റിലയൻസ് നവി മുംബൈയിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഇത് നിർത്തിവെക്കാൻ കാരണമായി റിലൈൻസ് പറയുന്നത് ചില്ലറ വ്യാപാരത്തിന് പോലും വരുന്ന വലിയ ഡെലിവറി ചാർജ്ജുകൾ ആയിരുന്നു.
റിലയൻസ് റീട്ടെയിൽ മാത്രമല്ല ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ഇടം നോക്കുന്നത്. ഈ വർഷമാദ്യം, റിലയൻസ് റീട്ടെയിലിൻ്റെ പിന്തുണയുള്ള ഹൈപ്പർലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ ഡൻസോ ഏറ്റെടുക്കൽ സംബന്ധിച്ച് ഫ്ലിപ്പ്കാർട്ടുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചർച്ചകൾ വിജയിച്ചില്ലെന്നാണ് സൂചന.