5 രൂപ പെൻസിലിൽ നിന്നും 1000 കോടിയിലേക്ക് വളർന്ന ഡോംസ്

പ്രധാനമായും നാല് പെൻസിൽ ബ്രാൻഡുകൾ ആണ് ഇന്ത്യൻ സ്റ്റേഷനറി മാർക്കറ്റിൽ 4000 കോടി രൂപയുടെ വിപ്പണി വിഹിതം കയ്യടിക്കിയിരിക്കുന്നത്. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ കുട്ടിക്കാലത്ത് ഈ ബ്രാൻഡുകളിലെ പെൻസിലുകൾ എല്ലാം ഉപയോഗിച്ചതായി നിങ്ങൾക്ക് ഓർമ്മ കാണും. പക്ഷേ ഡോംസ് എന്ന ബ്രാൻഡ് ആണ് പെൻസിൽ ഇൻഡസ്ട്രിയിൽ തന്നെ ഒരു പുതിയ വഴിത്തിരിവ് കൊണ്ടുവന്നത്. ഭീമൻ ബ്രാൻഡുകളെ മറികടന്ന് പെൻസിൽ ഇൻഡസ്ട്രിയിൽ ഒന്നാമതായി നിൽക്കുന്ന ഡോംസിന്റെ കഥ ഏറെ ആകർഷകമാണ്. അംബാർഗാണിലെ ഒരു ചെറിയ പെൻസിൽ നിർമ്മാണ കേന്ദ്രത്തിൽ നിന്നും ഈ വർഷം ആയിരം കൊടി വിറ്റു വരവിലേക്ക് നടന്നടുക്കുന്ന ഒരു കമ്പനിയായി ഡോംസ് മാറിയത് എങ്ങനെയെന്ന് നോക്കാം. അവർ സ്റ്റേഷനറി മാർക്കറ്റിനെ മൊത്തമായി കയ്യടക്കി എന്ന് മാത്രമല്ല ഭീമൻ കമ്പനികളായ അപ്സര, നടരാജ്, ക്യാമലിൻ എന്നിവയെ പിന്തളുകയും ചെയ്തു. ഉൽപ്പന്നങ്ങൾ ഗുണനിലവാരം ഉള്ളത് ആക്കുകയും ഉപയോക്താക്കളെ ശ്രദ്ധിക്കുകയും ചെയ്താൽ എത്ര ചെറിയ സംരംഭത്തിനും വലിയ മാർക്കറ്റുകൾ പോലും കീഴ്പ്പെടുത്താൻ കഴിയും എന്നതിന്റെ തെളിവാണ് ഡോംസ്.

ഇന്ത്യൻ സ്റ്റേഷനറി മാർക്കറ്റ് നോക്കുകയാണെങ്കിൽ നാല് പ്രധാന കമ്പനികൾ ആണ് വിപണി നിയന്ത്രിക്കുന്നത്. നടരാജ് പെൻസിലും അപ്സര പെൻസിലും ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പെൻസിൽസ് ആണ് അതിലൊന്ന്. പ്രതിദിനം എട്ട് മില്യൺ പെൻസിലുകൾ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ നിർമ്മാണ കേന്ദ്രവും ഉള്ളത് അവർക്കാണ്. കോകുയോയും ക്യാമലിനും ഉടമസ്ഥതയിലുള്ള ദാണ്ടേകർസാണ് മറ്റൊന്ന്. പിന്നെയുള്ളത് മറ്റുള്ള ബ്രാൻഡുകൾക്ക് വേണ്ടി പെൻസിൽ നിർമ്മിച്ചു നൽകുന്ന കമ്പനിയായ ഡാൻകനീസ് ആണ്. നാലാമത്തേത് സന്തോഷ് രേവശ്യ നടത്തുന്ന ഡോംസാണ്. ഇന്ത്യയിലെ സ്റ്റേഷനറി മാർക്കറ്റ് 4000 കോടിയോളം രൂപയുടെ കച്ചവടം നടക്കുന്ന വിപണിയാണ്. ഇതിലെ പെൻസിൽ ഒരു കമ്മോഡിറ്റൈസഡ് ഉൽപ്പന്നമാണ്. അതുകൊണ്ടാണ് വലിയ കമ്പനികൾക്ക് പോലും വിപണി ദുഷ്കരമാവുന്നത്. ഉദാഹരണത്തിന് നമുക്ക് ഹിന്ദുസ്ഥാൻ പെൻസിൽസിന്റ കാര്യം നോക്കാം. 2015 ഇൽ അവർ ഒൻപതു കോടി രൂപയുടെ ലാഭം നേടി എന്നാൽ 2018 ലേക്ക് എത്തിയപ്പോൾ അത് വെറും ഒരു കോടിയായി കുറഞ്ഞു. പക്ഷെ കോകുയോയുടെയും ക്യാമലിനിന്റെയും ലാഭം മൂന്നു വർഷം കൊണ്ട് 4.9 കോടിയിൽ നിന്നും 9.8 കോടിയിലേക്ക് ഉയരുകയും ഉണ്ടായി. എന്നാൽ ഡോംസിന്റെ ലാഭവിഹിതം 2014 ഇൽ 13 കോടി ആയിരുന്നത് 2017 ഇൽ 26 കോടിയായി ഉയർന്നു. 2013 മുതൽ CARG ഇൽ 20% തിന് മേലെ വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. തങ്ങളുടെ പ്രധാന എതിരാളികളായ ക്യാമലിനും ഹിന്ദുസ്ഥാൻ പെൻസിലും കഴിഞ്ഞ വർഷം 500 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോൾ ഡോംസ് ഉണ്ടാക്കിയത് 700 കോടി രൂപയുടെ വിറ്റുവരവാണ് അതോടൊപ്പം ഈ വർഷം ആയിരം കോടി രൂപയുടെ വിറ്റുവരമുണ്ടാക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. 2020ലെ കോവിഡിന് മുൻപേയുള്ള കാലത്ത് നിന്നും 60% ത്തിന്റെ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊക്കെയാണ് ഇന്ത്യൻ സ്റ്റേഷനറി മാർക്കറ്റിന്റെയും ഡോംസിന്റെയും ഏകദേശം രൂപം. എന്നാൽ പ്രധാനപ്പെട്ട ചോദ്യം ഇതൊന്നുമല്ല എങ്ങനെയാണ് ഇവർക്കിത് സാധിച്ചത്?

ഡോമ്സിന് ഏറെ സഹായകരമായ അഞ്ചു വലിയ തന്ത്രങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

അതിൽ ആദ്യത്തേത് പ്രോഡക്റ്റ് ഇന്നൊവേഷന് കൊടുക്കുന്ന പ്രാധാന്യമാണ്. അവർ പിന്തുടരുന്ന വളരെ ലളിതമായ പ്രിൻസിപ്പൽ എന്താണെന്ന് വെച്ചാൽ നിങ്ങൾ കൊടുക്കുന്ന ഉൽപ്പന്നം ഗുണനിലവാരമുള്ളതാണെങ്കിൽ ഉപയോക്താക്കൾ പിന്നീടും നിങ്ങളിൽ നിന്ന് തന്നെ സാധനം വാങ്ങുകയും അവരുടെ സുഹൃത്തുക്കളോട് ഇതുതന്നെ വാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്യും എന്നതാണ്. പ്രോഡക്റ്റ് മാർക്കറ്റിങ്ങിനെക്കാളും ബ്രാൻഡിങ്ങിനെക്കാളും പ്രാധാന്യം ഉൽപ്പന്നത്തിന്റെ ഗുണമേന്മയ്ക്ക് കൊടുത്തുകൊണ്ടാണ് അവർ മുന്നേറുന്നത്. പ്രോഡക്റ്റ് ഇന്നോവേഷനിൽ അവർ മുന്നോട്ടുവെച്ച ഈ സ്വപ്നം കാരണം അവർ ഇന്ന് പോളിമർ പെൻസിൽ ഉണ്ടാക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനിയാണ്. സുരക്ഷിതവും വിഷരഹിതവും ആയ ഗ്രാഫയിറ്റ് കൊണ്ടാണ് സാധാരണമായി പെൻസിൽ ഉണ്ടാക്കുന്നത്. സാധാരണയായി ഉപയോഗിക്കപ്പെടുന്ന തടിയുടെ പെന്‍സിലുകളിലെ ലെഡ് കളിമണ്ണിന്റെയും ഗ്രാഫായിറ്റിന്റെയും മിശ്രിതത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ ഡോം തങ്ങളുടെ പെൻസിൽ കുറച്ചുകൂടി മിനുസമുള്ളതാക്കാൻ വേണ്ടി ഗ്രാഫൈറ്റിന്റെയും പ്ലാസ്റ്റിക് ആയ പോളിമറിന്റെയും മിശ്രിതത്തിൽ നിന്നാണ് ലെഡ് ഉണ്ടാക്കുന്നത്. ഇതുകൊണ്ട് തന്നെ എഴുതുന്നവർക്ക് മറ്റു പെൻസിലുകളെക്കാൾ സുഗമമായി എഴുതാൻ സാധിക്കും. ഇത് ഡോംസ് പ്രധാനമായും തങ്ങളുടെ ലക്ഷ്യ ഉപയോക്താക്കളായി സ്കൂളിൽ പോകുന്ന കുട്ടികളെ കണക്കാക്കുന്നത് കൊണ്ടാണ്. ഈ കുട്ടികൾക്ക് പെൻസിൽ സ്ട്രൈക്കുകളെ കുറിച്ചോ നിബിന്റെ നീളത്തെ കുറിച്ചോ ഒന്നും ധാരണയില്ല അവർക്ക് ആകെ വേണ്ടുന്നത് വീട്ടിലും സ്കൂളിലും എളുപ്പത്തിലും വേഗത്തിലും എഴുതാൻ കഴിയുന്ന പെൻസിലുകലാണ്. ഇത്തരത്തിൽ ഗ്രാഫയിറ്റിന്റെ കൂടെ പോളിമർ ചേർക്കുന്നതുകൊണ്ട് പെൻസിൽ ലെഡ് വളരെയധികം കരുത്തുള്ളതും കറുപ്പുള്ളതും ആവുന്നു. ഇത് കുട്ടികൾക്ക് കുറച്ചുകൂടി സുഖമമായ എഴുത്ത് അനുഭവം നൽകുന്നു. അതുപോലെതന്നെ ഡോംസ് തങ്ങളുടെ പെന്സിലിന്റെ ഷേപ്പ് ത്രികോണാകൃതിയിൽ ആക്കി. സ്കൂളിൽ പോകുന്ന കുട്ടികൾ ഒരു ദിവസം ശരാശരി നാലു മുതൽ അഞ്ചു മണിക്കൂർ വരെ പെൻസിൽ ഉപയോഗിക്കും എന്നാണ് കണക്കാക്കുന്നത്. ഇത്രയും നേരം പെൻസിൽ ഉപയോഗിക്കുന്നതിൽ നിന്നും വിരലുകൾക്ക് ഉണ്ടാകുന്ന സ്‌ട്രെയിൻ കുറയ്ക്കാൻ വേണ്ടിയിട്ടും ഗ്രിപ്പ് കൂട്ടാൻ വേണ്ടിയിട്ടും ആണ് ത്രികോണാകൃതിയിലുള്ള പെൻസിലുകൾ ഇവർ ഇറക്കിയത്. ഇത് വളരെയധികം വിജയിക്കുകയും ചെയ്തു. ഇത്തരത്തിൽ ഉൽപ്പന്നത്തിൽ നവീനത കൊണ്ടുവരാൻ ഇവർക്ക് സാധിക്കുന്നത് നിർമ്മാണം പൂർണ്ണമായും ഡോംസ് തന്നെ ഏറ്റെടുത്ത് നടത്തുന്നതുകൊണ്ടാണ്. പെൻസിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തടിയും ലെഡും പെയിന്റും എല്ലാം ഡോംസിന്റെ തന്നെയാണ്. ഡോംസ് ഉൽപ്പന്നങ്ങളിൽ ഭൂരിപക്ഷവും പൂർണ്ണമായും അവർ തന്നെ നിർമ്മിക്കുന്നതുമൂലം അവർക്ക് വളരെയധികം നിർമ്മാണ ചിലവ് ലാഭിക്കാൻ സാധിക്കുന്നു. നിർമ്മാണ ചെലവ് നിയന്ത്രിക്കാൻ കഴിയും എന്നത് മാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇവർക്ക് ഇതുകൊണ്ട് സാധിക്കുന്നു.

തങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉപയോക്താക്കളെ നന്നായി മനസ്സിലാക്കി എന്നതാണ് ഇവരുടെ രണ്ടാമത്തെ വിജയ രഹസ്യം. ഏതൊരു ഉൽപ്പന്നത്തിനും അവ വാങ്ങുവാൻ സ്വാധീനിക്കുന്ന വിഭാഗവും വാങ്ങുന്ന വിഭാഗവും ഉണ്ടാകും. ഉദാഹരണത്തിന് പരസ്യങ്ങളിൽ കാണാറുള്ള ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ഉപദേശിക്കുന്ന ആ അമ്മാവനെ ഓർക്കു. അവർ ഒരു ഉൽപ്പന്നം വാങ്ങാൻ സ്വാധീനിക്കുന്നവരാണ് നിങ്ങളാണ് വാങ്ങുന്നവർ. അതുപോലെതന്നെ സ്റ്റേഷനറി ഉൽപ്പന്നങ്ങൾക്കും സ്വാധീനിക്കുന്നവരും വാങ്ങുന്നവരും അവസാനം ഉപയോഗിക്കുന്ന വിഭാഗവുമുണ്ട്. ഇത് പല കാലങ്ങളിലായി മാറിമറിഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് 90 കളിലെ കുട്ടികളെ എടുക്കാം അവർക്ക് ആവശ്യമുള്ള പെൻസിലുകളും ബുക്കുകളും എല്ലാം വാങ്ങിയിരുന്നതും അത് ഏത് വേണം എന്ന് സ്വാധീനിച്ചിരുന്നതും അവരുടെ അച്ഛനമ്മമാരായിരിക്കും. സ്കൂളൊക്കെ തുടങ്ങാറാകുമ്പോൾ കുട്ടികൾക്കായി അച്ഛനമ്മമാർ പെൻസിലുകളും ബുക്കുകളും എല്ലാം വാങ്ങിക്കൊടുക്കും അത് ഏതു വേണം എന്ന് തീരുമാനിക്കുന്നതിൽ കുട്ടികൾക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഇത് പല കാരണങ്ങളും ഉണ്ടാവാം കുറഞ്ഞ വരുമാനശേഷിയുള്ള രക്ഷിതാക്കൾ ഉള്ളതുകൊണ്ടാവാം ആധുനികവൽക്കരണം നടക്കാത്തത് കൊണ്ടാവാം പറയത്തക്ക ബ്രാൻഡുകൾ ഒന്നും തന്നെ വിപണിയിൽ ഇല്ലാത്തതുകൊണ്ടും ആവാം. പക്ഷേ അതെല്ലാം ഇന്നത്തെ ആധുനിക സമൂഹത്തിൽ മാറിക്കഴിഞ്ഞു. ഇന്ന് കുട്ടികളാണ് സ്വാധീനം ചെലുത്തുന്നവർ. അവർ തങ്ങളുടെ സുഹൃത്തുക്കൾ ഉപയോഗിക്കുന്ന പുതിയ ഗാഡ്ജറ്റുകൾ കാണുകയും അതുപോലൊന്ന് തങ്ങൾക്കും വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഈ പശ്ചാത്തലത്തിൽ കുട്ടികൾ തങ്ങൾക്ക് ഇഷ്ടമുള്ള ബുക്കുകളും ഗാഡ്ജറ്റുകളും അതുപോലെ ഡോംസ് ഉൽപ്പന്നങ്ങളും വാങ്ങാൻ രക്ഷിതാക്കളെ സ്വാധീനിക്കാൻ തുടങ്ങി.

ഇതിൽനിന്നാണ് അവരുടെ മൂന്നാമത്തെ വിജയ രഹസ്യമായ ബ്രാൻഡ് ഉരുത്തിരിയുന്നത്. ശക്തമായ ബ്രാൻഡുകൾ ആയ ഫേബർ കാസിൽ പോലുള്ളവ ഇന്ത്യൻ വിപണിയിലേക്ക് വന്നതോടുകൂടി സ്റ്റേഷനറി മാർക്കറ്റ് വിലയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ വളരെയധികം മത്സരമുള്ള ഒന്നായി മാറി. ഇത്തരം ഒരു വിപണിയിൽ വേറിട്ടു നിൽക്കണമെങ്കിൽ ഒരേയൊരു മാർഗമേയുള്ളൂ ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുക എന്നത്. വിപണിയിൽ ബ്രാൻഡുകൾക്ക് എന്നും മൂല്യമുള്ളതായി കാണാൻ സാധിക്കും, തരുന്ന വാഗ്ദാനങ്ങൾ ശരിയായി പാലിക്കുന്ന ബ്രാൻഡുകൾക്ക് വേണ്ടി കൂടുതൽ പൈസ മുടക്കാൻ ഉപയോക്താക്കൾ തയ്യാറാണ്. മാർക്കറ്റിങ്ങിനും പരസ്യം നൽകുന്നതിനും മേലെയായി ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് ഡോംസിന് തങ്ങളുടെ ബ്രാൻഡ് ശ്രദ്ധേയമാക്കാനായി. പ്രത്യേകിച്ചും അവരുടെ പാക്കേജിങ്ങിൽ. കുട്ടികൾ തങ്ങളുടെ സ്റ്റേഷനറി സാധനങ്ങൾ സ്കൂളുകളിലേക്ക് കൊണ്ടുപോകുമ്പോൾ ഡോംസ് തീർച്ചയായിട്ടും വേറിട്ട് നിന്നു. അവരുടെ വിജയം കുട്ടികൾക്കുണ്ടാവുന്ന ചെറിയ സന്തോഷങ്ങളിൽ നിന്നായിരുന്നു. അവരുടെ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലവിധത്തിലുള്ള നിറങ്ങളിലുള്ളതായിരുന്നു. അതുപോലെതന്നെ പെൻസിലുകൾ ത്രികോണത്തിൽ ഉള്ളതായിരുന്നു ഇതുകൊണ്ട് തന്നെ മറ്റു പെൻസിലുകളിൽ നിന്നും ആദ്യ കാഴ്ചയിൽ തന്നെ ഡോംസ് വേറിട്ടുനിന്നു. ഡോംസ് ഉൽപ്പന്നമായ ഇറേസറുകളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു സുഗന്ധമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ തങ്ങളുടെ കയ്യിലിരിക്കുന്ന ഡോംസ് ഉൽപ്പന്നം വേറിട്ടുനിൽക്കുന്നു എന്നത് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു. ഇതുകൊണ്ടുതന്നെ മറ്റു കുട്ടികൾക്കും ഡോംസ് ഉൽപ്പന്നങ്ങൾ വേണമെന്ന വാശിയായി. ഇതുമൂലം പരസ്യത്തിനും മാർക്കറ്റിങ്ങിനും അധിക ചെലവില്ലാതെ ഓർഗാനിക് ആയി ഡോംസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന വളരെയധികം കുതിച്ചുയർന്നു.

നാലാമതായി അവർ ശ്രദ്ധിച്ചത് ഡിസ്ട്രിബ്യൂഷനിൽ ആയിരുന്നു. ഡോംസിന്റെ തലവനായ സന്തോഷ് രേവശ്യ രണ്ടുവർഷം കിസാനിൽ ജോലി ചെയ്തിരുന്നു. ഈ അനുഭവ സമ്പത്ത് അദ്ദേഹത്തെ ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയുന്ന വിതരണ ശൃംഖലയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു. ഇന്ന്, അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഡോംസിന് 1000-ലധികം ചാനൽ പങ്കാളികളും 3000 വിതരണക്കാരുമുണ്ട്. മുൻപ് പറഞ്ഞത് പോലെ മാർക്കറ്റിംഗിനായി വൻതോതിൽ ചെലവഴിക്കുന്നതിൽ നിന്നും മാറി, അവർ പ്രധാനമായും സെയിൽസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, പീപ്പിൾ മാനേജ്മെൻ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതുമൂലം അവർക്ക് കാലത്തിനു മുന്നേ സഞ്ചരിക്കുന്ന വലിയൊരു വിതരണ ശൃംഖല സൃഷ്ടിക്കാൻ സാധിച്ചു. ഡോംസിന്റെ 51% ഷെയറുകൾ സ്വന്തമായുള്ള ഫില വഴി 150 രാജ്യങ്ങളിലേക്ക് തങ്ങളുടെ പെൻസിലുകൾ കയറ്റുമതി ചെയ്യാൻ അവർക്ക് സാധിക്കുന്നുണ്ട്. മുൻപ് കാലത്ത് വിതരണ ശൃംഖല എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കമ്പനികൾ അത്ര ബോധവാന്മാരല്ലായിരുന്നു. എന്നാൽ ഡോംസ് വിതരണ ശൃംഖലയിലെ ഓരോ കണ്ണിയേയും നന്നായി മനസ്സിലാക്കി. തങ്ങളുടെ വിതരണ ശൃംഖലയിലെ ഓരോരുത്തരും തങ്ങളുടെ തന്നെ കുടുംബാംഗങ്ങളാണ് എന്ന ഡോംസിന്റെ ചിന്താഗതി അവരെ വളരെയധികം വിജയിക്കാൻ സഹായിച്ചിട്ടുണ്ട്. നിങ്ങൾ ഇന്ത്യയിലെ ഏതൊരു സ്റ്റേഷനറി കടയിൽ പോയാലും നിങ്ങൾക്ക് മറ്റു ഉൽപ്പന്നങ്ങളെകാൾ കൂടുതൽ അളവിൽ ഡോംസ് ഉൽപ്പന്നങ്ങൾ കാണാൻ സാധിക്കും.

അഞ്ചാമത്തെ അവരുടെ വിജയരഹസ്യം, ഏതൊരു ലോ ആവറേജ് വാല്യൂ പ്രോഡക്റ്റിനും ഒന്നോ രണ്ടോ ഉത്പന്നം വിൽക്കുന്നത് വഴിയല്ല ബണ്ടിലുകളായി വിൽക്കുന്നത് വഴിയാണ് വിജയിക്കാൻ സാധിക്കുക എന്ന അവരുടെ തിരിച്ചറിവാണ്. ഉദാഹരണത്തിന് മെക്ഡോണൾഡ്സ് നോക്കാം. അവർ ഒരു ബർഗർ വാങ്ങാൻ വരുന്ന ഉപയോക്താവിന് മുന്നിൽ ഒരെണ്ണം വാങ്ങുന്നതിനേക്കാളും വില കുറവാണ് കമ്പോ ആയി വാങ്ങുമ്പോൾ എന്ന ഓഫർ മുന്നോട്ടുവയ്ക്കും. ഇതേപോലെ തന്നെയാണ് ഡോംസ് തങ്ങളുടെ ഡ്രോയിങ് കിറ്റ് ആർട്ട് കിറ്റ് ഗിഫ്റ്റും കിറ്റ് എന്നിങ്ങനെ പലപല കോമ്പോ 350 മുതൽ 500 വരെയുള്ള വിലയിൽ പുറത്തിറക്കിയത്. ഇത് വളരെയധികം വിജയിച്ച ഒരു തന്ത്രമായിരുന്നു. അവരുടെ പ്രധാന വരുമാനം സ്രോതസ്സ് അഞ്ചു രൂപയുള്ള പെൻസിൽ ആണെങ്കിലും കുട്ടികളെ നന്നായി മനസ്സിലാക്കി ഇനിയും അധികം മുന്നോട്ടു പോകണം എന്നാണ് ലക്ഷ്യംവെക്കുന്നത്.

Category

Author

:

Jeroj

Date

:

ജൂൺ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top